ന്യൂഡൽഹി: ഇന്ത്യയിൽ മുസ്ലിംകൾ അരക്ഷിതരാണെന്ന ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ പരാമർശത്തില്‍ പ്രധാനമന്ത്രിക്ക് നീരസം. ഹാമിദ് അൻസാരിയുടെ രാജ്യസഭാ യാത്രയയപ്പ് വേളയില്‍ വാക്കുകളിലൂടെ പ്രധാനമന്ത്രി മറുപടി പറയുകയും ചെയ്തു. ഇന്ത്യയില്‍ മുസ്ലിംകൾ അരക്ഷിതരാണെന്നും പൗരന്മാരുടെ ദേശീയബോധം ചോദ്യം ചെയ്യുന്നത് അംഗീകരിക്കാവുന്നതല്ലെന്നും രാജ്യസഭാ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് ഉപരാഷ്ട്രപതി തുറന്നടിച്ചത്.
പുതിയ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്ന എം. വെങ്കയ്യ നായിഡുവും സംഘ്പരിവാറും അൻസാരിക്കെതിരെ രംഗത്തുവന്നിരുന്നു. അൻസാരിക്കു യാത്രയയപ്പു നൽകിയ വേളയില്‍ രാജ്യസഭയിൽ പ്രധാനമന്ത്രി വൈകിയാണ് എത്തിയത്. രാജ്യസഭാ ടിവിയിലെ ഉപരാഷ്ട്രപതിയുടെ പരാമര്‍ശങ്ങള്‍ക്ക് ഈ വേളയില്‍ പ്രധാനമന്ത്രി മറുപടി പറയുകയും ചെയ്തു.
‘അങ്ങയുടെ മനസിൽ ചില സംഘർഷങ്ങൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ, ഇനി അത്തരമൊരു വിഷമസാഹചര്യം വേണ്ട. അങ്ങേക്കു സ്വാതന്ത്ര്യമുണ്ടാവും, അങ്ങയുടെ പ്രത്യയശാസ്ത്രമനുസരിച്ച് പ്രവർത്തിക്കാനും ചിന്തിക്കാനും സംസാരിക്കാനും സാധിക്കും.’ യാത്രയയപ്പ് വേളയില്‍ അൻസാരിയുടെ പ്രസംഗം കേൾക്കാതെ ഉടന്‍ തന്നെ പ്രധാനമന്ത്രി സഭയിൽനിന്നു പോവുകയും ചെയ്തു.
പ്രതിപക്ഷ വിമർശനമില്ലെങ്കിൽ ജനാധിപത്യം സ്വേച്ഛാധിപത്യമായി മാറാമെന്ന് ആദ്യ ഉപരാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു ഹാമിദ് അൻസാരിയുടെ മറുപടിപ്രസംഗം. ബിജെപിയും വിഎച്ച്പിയും ഉപരാഷ്ട്രപതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തുണ്ട്.