ഉഴവൂര്‍ വിജയന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

0
215

കോട്ടയം: അന്തരിച്ച എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍.സി.പി. കോട്ടയം ജില്ലാ കമ്മിറ്റി അംഗമായ റാണി സാംജി മുഖ്യമന്ത്രിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നല്‍കി.

ഉഴവൂര്‍ വിജയനെ മാനസികമായി പീഢിപ്പിച്ചുവെന്ന ആരോപണ വിധേയനായ കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സുല്‍ഫിക്കര്‍ മയൂരിക്കെതിരെയാണ് റാണി സാംജി പരാതി നല്‍കിയിരിക്കുന്നത്. മെയ് 21നു വൈകുന്നേരത്തോടു കൂടി സുള്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും കുടുംബാഗങ്ങളെക്കുറിച്ച് അശ്ലീലവും അപവാദവും പറഞ്ഞതായി റാണിയുടെ പരാതിയില്‍ പറയുന്നു. എന്‍.വൈ.സി.സംസ്ഥാന പ്രസിഡന്റ് അഡ്വ.മുജീബ് റഹ്മാനെ വിളിച്ച സുള്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെയും അദ്ദേഹത്തിന്റെ ഭാര്യയെയും പെണ്‍മക്കളെയും കുറിച്ച് അപമാനകരമായ രീതിയില്‍ സംസാരിക്കുകയും വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ഉണ്ടായതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. അഡ്വ. മുജീബ് റഹ്മാനോട് ഫോണില്‍ സംസാരിച്ച ഓഡിയോ ക്ലിപ്പിംഗ് വാര്‍ത്താ ചാനലുകള്‍ അവ്യക്തമായി പ്രക്ഷേപണം ചെയ്തിരുന്നു. കൂടാതെ ഈ ഓഡിയോ ഞാന്‍ കേള്‍ക്കുകയും ചെയ്തിരുന്നു. ഈ ഭീഷണിയെയും അപവാദ പ്രചാരണത്തെയും തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയത്. അത്യന്തം നിന്ദ്യവും ക്രൂരവുമായ രീതിയിലുള്ള പദപ്രയോഗവും പെരുമാറ്റവും പൊതുപ്രവര്‍ത്തകനു യോജിച്ചതല്ല. ആയതിനാല്‍ സുള്‍ഫിക്കര്‍ മയൂരിയെ തത്സ്ഥാനത്തു നിന്നും ഒഴിവാക്കി സംഭവത്തെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിന്‍മേല്‍ തുടര്‍നടപടിക്കായി സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here