ജിഎസ്ടി: ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കി- കെ ടി എം

0
83

അശാസ്ത്രീയമായി ചരക്ക് സേവന നികുതി നടപ്പാക്കിയതിലൂടെ ടൂറിസം മേഖല പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി. അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട കേന്ദ്ര ധന, ടൂറിസം മന്ത്രാലയത്തിനും ജി എസ് ടി കൗണ്‍സിലിനും കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് അബ്രഹാം ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പ്രതിനിധികള്‍ നിവേദനം നല്‍കി.

നിലവിലെ 19 ശതമാനത്തില്‍ നിന്നും ഇപ്പോള്‍ 28 ശതമാനമായാണ് നികുതികള്‍ വര്‍ധിച്ചത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും കൂടിയ നിരക്കാണെന്ന് അബ്രഹാം ജോര്‍ജ്ജ് പറഞ്ഞു. ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് 38 ശതമാനവും വിദേശ ടൂറിസ്റ്റുകള്‍ക്ക് 33 ശതമാനവുമാണ് നികുതി. ഇത്രയധികം നികുതി നല്‍കി വിദേശത്തു നിന്ന് ഇവിടേക്കു വരാന്‍ സഞ്ചാരികള്‍ വിമുഖത കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വ്യവസായത്തിന്റെ തകര്‍ച്ചയ്ക്ക് ഇത് വഴി വയ്ക്കും.

കെ ടി എം പ്രസിഡന്റ് അബ്രഹാം ജോര്‍ജ്ജ്, മുന്‍ പ്രസിഡന്റ് റിയാസ് അഹമ്മദ്, ഹൗസ് ബോട്ട് സംഘടനയെ പ്രതിനിധീകരിച്ച് ജോബിന്‍ ജോസ് എന്നിവരാണ് കെ വി തോമസ് എംപിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിയെയും മറ്റ് ഉദ്യോഗസ്ഥരെയും കണ്ടത്.

ഈയാവശ്യമുന്നയിച്ച് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ, ടൂറിസം സെക്രട്ടറി രശ്മി ശര്‍മ്മ, ജിഎസ്ടി കൗണ്‍സില്‍ അധ്യക്ഷന്‍, ഉദ്യോഗസ്ഥര്‍, എംപിമാര്‍ എന്നിവരുമായും കെടിഎം സംഘം കൂടിക്കാഴ്ച നടത്തി.

രണ്ട് ശതമാനം നിക്ഷേപ നിരക്കുള്ള ടൂറിസം വ്യവസായത്തിന് ഈ പ്രതിസന്ധി മറികടക്കാനാകുമെന്നതായിരുന്നു കേന്ദ്രത്തിന്റെ വാദം. എന്നാല്‍ ജിഎസ്ടിയ്ക്ക് മുമ്പും പിമ്പുമുള്ള സ്ഥിതി അവരെ പറഞ്ഞു മനസിലാക്കാന്‍ കഴിഞ്ഞുവെന്ന് അബ്രഹാം ജോര്‍ജ്ജ് പറഞ്ഞു. ടൂറിസം മേഖലയില്‍ നികുതിയിനത്തില്‍ മാത്രം 14 മുതല്‍ 15 ശതമാനം വരെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും കൂടുതലാണ്.

ഹൗസ് ബോട്ടുകളുടെ നികുതി നിര്‍ണയത്തില്‍ കടുത്ത ആശയക്കുഴപ്പമാണ് ഉദ്യോഗസ്ഥ തലത്തിലും നിലനില്‍ക്കുന്നതെന്ന് അബ്രഹാം ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. പട്ടികയില്‍ പെടാത്ത വ്യവസായമെന്ന നിലയില്‍ 18 ശതമാനം നികുതി ഹൗസ് ബോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തണമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വാദിക്കുമ്പോള്‍ ലോഡ്ജിംഗ് സൗകര്യമുള്ളതിനാല്‍ 28 ശതമാനം നികുതി ഈടാക്കണമെന്ന് മറ്റ് ചിലര്‍ വാദിക്കുന്നു. ഈ നികുതികള്‍ അഞ്ച് ശതമാനത്തില്‍ നിജപ്പെടുത്തണമെന്നാവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ തന്നെ ഹോട്ടല്‍ വ്യവസായം പല കാരണങ്ങള്‍ കൊണ്ട് പ്രതിസന്ധികള്‍ നേരിട്ടു കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ടു നിരോധനം, ദേശീയ-സംസ്ഥാന പാതകളിലെ മദ്യശാലാ നിരോധനം എന്നിവ കൊണ്ട് തന്നെ ഈ വ്യവസായം ഏറെ തിരിച്ചടികള്‍ നേരിട്ടു കഴിഞ്ഞു. ജിഎസ്ടി കൂടി വരുന്നതോടെ ഈ ആഘാതം കൂടിയെന്നും അബ്രഹാം ജോര്‍ജ്ജ് പറഞ്ഞു.

ടൂറിസം മേഖലയെ എക്സ്പീരിയന്‍ ഇന്ത്യയുടെ ഗണത്തില്‍, മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, വിദേശ ടൂറിസ്റ്റുകള്‍ക്ക് നികുതി രഹിത അവധിക്കാലം, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഇന്‍പുട്ട് ക്രെഡിറ്റ് എന്നീ ആവശ്യങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിഎസ്ടിയ്ക്ക് മുമ്പും പിന്‍പുമുള്ള നികുതി നിരക്കുകളുടെ പട്ടികയും അന്താരാഷ്ട്ര രംഗത്തെ ഇതിന്റെ താരതമ്യവും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here