സംസ്ഥാനയുവജനകമ്മീഷന്റെ ജില്ലാ തലത്തിലുള്ള ആദ്യഅദാലത്ത് ചെയർപേഴ്സൺ ചിന്താ ജെറോമിന്റെ നേതൃത്വത്തിൽ എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടന്നു. പത്തോളം പരാതികൾ പരിഗണിച്ചതിൽ തൊഴിലിടങ്ങളിലെ ചൂഷണത്തെക്കുറിച്ചുള്ള പരാതികൾ ഉൾപ്പെട്ടിരുന്നു. കൃത്യമായ വേതനം ലഭിക്കാത്തതും തൊഴിൽ സ്ഥലത്തെ സമയക്രമത്തെക്കുറിച്ചും പരാതികൾ കമ്മീഷന് ലഭിച്ചു. ബന്ധപ്പെട്ട അധികൃതരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ആവശ്യമെങ്കിൽ തൊഴിൽസ്ഥലങ്ങൾ സന്ദർശിക്കുമെന്നും ചിന്താ ജെറോം പറഞ്ഞു.
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ തുല്യജോലിക്ക് തുല്യവേതനം ലഭിക്കുന്നില്ലെന്നും തൊഴിൽ ചൂഷണം നടക്കുന്നുവെന്നും ഒരു പരാതി കമ്മീഷന് ലഭിച്ചു. സ്പെഷ്യൽ എക്കണോമിക് സോണിലെ കൊച്ചിൻ ആർടെക് എന്ന സ്ഥാപനം സമയക്രമം പാലിക്കുന്നില്ലെന്നും തൊഴിലാളികളെ തുച്ഛമായ വേതനത്തിന് കൂടുതൽ സമയം പണിയെടുപ്പിക്കുന്നുവെന്നും പരാതിയുയർന്നു. ജില്ലയിലെ മോഡൽ ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിലും തൊഴിൽ സംരക്ഷണമില്ലെന്ന പരാതിയും കമ്മീഷനു മുമ്പിൽ വന്നു. ഇവയെല്ലാം പരിശോധിച്ച് നടപടികളെടുക്കുമെന്ന് ചിന്താ ജെറോം പറഞ്ഞു.