നിലപാട് കടുപ്പിച്ച് നിതീഷും ശരദ് യാദവും; ജെഡിയു പിളര്‍പ്പിലേക്ക്

0
62

വിശാല സഖ്യത്തിനായി ശരദ് യാദവിന്റെ ബിഹാര്‍ പര്യടനം

എം.എല്‍.എമാര്‍ എല്ലാം നിതീഷിന് ഒപ്പം

 

 

 

 

 

 

 

 

 

 

 

 

മുഖ്യമന്ത്രി നിതീഷ് കുമാറും ശരദ് യാദവ് എംപിയും നിലപാടു കടുപ്പിച്ചതോടെ ജെഡിയു പിളര്‍പ്പിലേക്ക്. വിശാലസഖ്യം ഉപേക്ഷിച്ചു നിതീഷ് ബിജെപി സഖ്യത്തിലേക്കു മടങ്ങിയതു വിശ്വാസവഞ്ചനയാണെന്ന നിലപാടിലാണു മുതിര്‍ന്ന ജെഡിയു നേതാവായ ശരദ് യാദവ്. തന്റെ നിലപാട് വിശദീകരിക്കുവാന്‍ ബിഹാറില്‍ മൂന്നു ദിവസത്തെ ‘ജന്‍ സംവാദ് യാത്രയ്ക്ക്’ അദ്ദേഹം തുടക്കമിട്ടു.

പട്നയിലെത്തിയ ശരദ് യാദവിനെ സ്വീകരിക്കാന്‍ അനവധി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ‘വിശാലസഖ്യത്തിന് അവസരം നല്‍കിയ ബിഹാറിലെ 11 കോടി ജനങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഇത് എന്നെ വേദനിപ്പിക്കുന്നു. വ്യത്യസ്തമായ പ്രകടനപത്രികകള്‍ അവതരിപ്പിച്ചാണ് ഇരുപക്ഷവും ജനവിധി തേടിയതെന്നു മറക്കരുത്. ഞാന്‍ ഇപ്പോഴും വിശാലസഖ്യത്തിനായി നിലകൊള്ളുന്നു’- ശരദ് യാദവ് പറഞ്ഞു.

അലി അന്‍വര്‍ അന്‍സാരി, എം.പി.വീരേന്ദ്രകുമാര്‍ എന്നീ എംപിമാരെക്കൂടാതെ 14 സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങളും ഒപ്പമുണ്ടെന്നാണു ശരദ് യാദവ് പക്ഷത്തിന്റെ കണക്കുകൂട്ടല്‍. നിതീഷ്-ശരദ് യാദവ് തര്‍ക്കം ഒത്തുതീര്‍പ്പാവാന്‍ സാധ്യതയില്ലെന്ന സൂചനയാണു പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്നത്. ജെഡിയുവില്‍ നിന്നു മുന്‍ മന്ത്രി രാമായ് റാം മാത്രമാണു ശരദ് യാദവിനെ സ്വീകരിക്കാന്‍ എത്തിയത്.

പാര്‍ട്ടി എംഎല്‍എമാര്‍ ആരും എത്തിയില്ല. അനവധി ആര്‍ജെഡി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ചില പ്രതിബന്ധങ്ങള്‍ കൂടി ഒഴിവായിക്കിട്ടിയാല്‍ ഏറെ സന്തോഷമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവും ശരദ് യാദവിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചു സൂചന നല്‍കുന്നതാണ്. ജന്‍ സംവാദ് യാത്രയുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നും നേതാവിനെക്കാള്‍ വലുതു പാര്‍ട്ടിയാണെന്നു ശരദ് യാദവ് താമസിയാതെ മനസ്സിലാക്കുമെന്നും ജെഡിയു വക്താവ് നീരജ് കുമാര്‍ തുറന്നടിച്ചു. വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന സൂചനയാണു നിതീഷ് ക്യാംപ് നല്‍കുന്നത്.

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ ഏജന്റിനെ നിയമിക്കുന്നതില്‍ ഇടപെട്ടതിനു പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ ശ്രീവാസ്തവയുടെ സ്ഥാനം തെറിപ്പിച്ചതു വ്യക്തമായ മുന്നറിയിപ്പാണ്. ശരദ് യാദവിനെ അനുകൂലിക്കുന്ന നേതാവാണ് അരുണ്‍. ജെഡിയു ദേശീയ നിര്‍വാഹക സമിതി യോഗം 18, 19 തീയതികളില്‍ പട്നയില്‍ നടക്കുന്നുണ്ട്. ഡല്‍ഹിയില്‍ 17നു ശരദ് യാദവ് തന്റെ അനുകൂലികളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഇതിനു മുന്‍പു തന്നെ ഇരുകൂട്ടരും പരസ്പരം പുറത്താക്കാനും സാധ്യതയുണ്ട്.പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടി തര്‍ക്കങ്ങള്‍ ഉയരാനുള്ള സാധ്യത മുന്നില്‍ക്കണ്ടുള്ള തയാറെടുപ്പിലാണ് ഇരുചേരികളും.

LEAVE A REPLY

Please enter your comment!
Please enter your name here