പാര്‍ലമെന്റിലെ ‘സ്ഥിരം മുങ്ങല്‍വിദ്ഗധര്‍ക്കു’ താക്കീതുമായി മോദി

0
54

പാര്‍ലമെന്റില്‍ സ്ഥിരമായി ഹാജരാകാതിരിക്കുന്ന ബിജെപി എംപിമാര്‍ക്കെതിരെ ശക്തമായ താക്കീതുമായി പ്രധാനമന്ത്രി. ഇത്തരം എംപിമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന.

‘നിങ്ങള്‍ നിങ്ങളുടെ ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ എന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കും. പിന്നീട് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല’- അടുത്തിടെ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി പറഞ്ഞു. അടുത്ത തവണ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത് എംപിമാരുടെ പ്രകടനം വിലയിരുത്തിയ ശേഷം മാത്രമായിരിക്കുമെന്നാണ് മോദിയുടെ മുന്നറിയിപ്പ്.

ലോക്സഭയില്‍ ബിജെപി എംപമാര്‍ കൃത്യമായി ഹാജരാകാത്തത് അടുത്തിടെ ബിജെപിയ്ക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിന്നാക്കവിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്‍ പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ ബിജെപി എം.പിമാര്‍ കൂട്ടത്തോടെ മുങ്ങിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതി പാസായത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. ഇതില്‍ തനിക്കുള്ള അതൃപ്തി അന്നുതന്നെ പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു.

സഭ ചേരുമ്പോള്‍ ആവശ്യത്തിന് ബിജെപി അംഗങ്ങള്‍ ഹാജരാകാത്തത് നേരത്തെയും വിമര്‍ശനത്തിനിടയാക്കിയിരുന്നു. ബിജെപി എംപിമാര്‍ പാര്‍ലമെന്റില്‍ കൃത്യമായി ഹാജരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here