കോണ്‍ഗ്രസിനെയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും ആരോപണത്തിന് വിധേയമാക്കിയ ബൊഫോഴ്സ് കേസ് പുനരന്വേഷിക്കുന്നു. ഹൈക്കോടതി ഉത്തരവിന് പ്രകാരം ബോഫോഴ്സ് കേസ് റദ്ദാക്കിയിരുന്നു. എന്നാല്‍ കേസ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍ സിബിഐ അനുമതി തേടി.
2005ലെ ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതിയില്‍ സിബിഐ ചോദ്യം ചെയ്യണമെന്ന് പ്രതിരോധവുമായി ബന്ധപ്പെട്ട പാര്‍ലമെന്റററി സമിതിയിലെ ഭൂരിപക്ഷം എം.പിമാരും ആവശ്യപ്പെടുകയുണ്ടായി. സുപ്രീംകോടതിയില്‍ ഇതിനോടകം കേസ് റദ്ദാക്കിയതിനെതിരെ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ആവശ്യത്തെ പിന്തുണച്ച് ഹര്‍ജി നല്‍കാമെന്ന് സിബിഐയും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിന് അനുമതി നല്‍കേണ്ടത് നിയമമന്ത്രാലയമാണ്.
ബിജെപി അംഗമായ അജയ് അഗര്‍വാളാണ് സ്പെഷല്‍ ബോഫോഴേസ് കേസ് റദ്ദാക്കിയതിനെതിരെ ലീവ് പെറ്റീഷനുമായി സുപ്രിം കോടതിയെ സമീപിച്ചത്. 1986 ലാണ് പീരങ്കികള്‍ വാങ്ങുന്നതിന് സ്വിറ്റ്സര്‍ലന്‍ഡിലെ എ ബി ബൊഫോഴ്സുമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെടുന്നത്.
1437 കോടിയുടെ ഇടപാടായിരുന്നു ഇത്. എന്നാല്‍ കരാറിനായി ഇന്ത്യയിലെ ഉന്നത രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കേണ്ടി വന്നു എന്ന വെളിപ്പെടുത്തല്‍ വന്‍വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. സ്വിസ് റേഡിയോ സ്റ്റേഷനായിരുന്നു ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് 1990 ജനുവരി 22 ന് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇടപാടുമായി ബന്ധപ്പെട്ട് 64 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു കണ്ടെത്തല്‍.