സർക്കാറേ… ഇത് വഞ്ചനയാണ്..മാപ്പില്ലാത്ത കുറ്റം

0
438

 

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി കെ.ജെ ജേക്കബ്ബ്. ശവങ്ങള്‍ പോലും നിലവിളിച്ചുപോകുന്ന സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ നീതനിഷേധത്തിനു മുന്നില്‍ നിശ്ശബ്ദത പോലും കുറ്റകരമാണെന്നും അദ്ദേഹം പറയുന്നു.

”നാട്ടിലെ നിയമത്തിനും കോടതിവിധികള്‍ക്കും ഇടതുജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കും യോജിക്കുന്ന വിധത്തില്‍ സ്വാശ്രയ കോളേജുകളുടെ വരവുചെലവുകണക്കാക്കി സാമ്പത്തികസാമൂഹ്യ ദുര്‍ബല സമൂഹങ്ങള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം എത്തിപ്പിടിക്കാന്‍ കഴിയുന്ന വിധത്തില്‍ ഒരു നയം രൂപീകരിക്കാന്‍ അധികാരത്തിലെത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും ആരോഗ്യവകുപ്പോ മന്ത്രിസഭയോ എല്‍ ഡി എഫോ ശ്രദ്ധിച്ചില്ല എന്ന കുറ്റകരമായ അനാസ്ഥതയാണ്. അത് തല്ക്കാലം മാറ്റിനിര്‍ത്തുക.

കഴിഞ്ഞവര്‍ഷത്തെ വരവു കണക്കാക്കി ഒരു സാധാരണ/മാനേജ്മെന്റ് സീറ്റിനു അഞ്ചു ലക്ഷം രൂപ എന്ന ഏകീകൃത ഫീസ് നിശ്ചയിച്ച കമ്മിറ്റി ഒരു കാര്യം കൂടി പറഞ്ഞിരുന്നു: പതിനഞ്ചു ശതമാനമുള്ള എന്‍ ആര്‍ ഐ സീറ്റുകള്‍ക്കുള്ള ഫീസ് കഴിഞ്ഞ വര്‍ഷത്തെ പതിനഞ്ചു ലക്ഷം രൂപയില്‍നിന്നു ഇരുപത് ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിക്കും. ഓരോ സീറ്റില്‍ നിന്നും അധികമായി ലഭിക്കുന്ന അഞ്ചു ലക്ഷം രൂപ ഒരു നിധിയാക്കി സൂക്ഷിക്കും, സാമ്പത്തികമായി ദുര്ബലരായവര്‍ക്കുവേണ്ടി ( ബി പി എല്‍) സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്താന്‍ വേണ്ടിയാണ് ഇത്.
‘This year the medical colleges have proposed to increase the (NRI fee) amount to Rs. 20 Lakhs. The Committee decided to accept the increase of the amount of Rs. five Lakhs per seat and the above amount has to be kept as corpus for giving scholarship for BPL category candidates, as the interest of the poor and meritorious students alos have to be protected by the Committee. Therefore the Committee provisionally fix the tuition fee for NRI candidates as Rs. 20 lakhs’

കേരളത്തില്‍ സ്വാശ്രയ കോളേജുകളില്‍ ആകെ 2650 സീറ്റുകള്‍ ഉണ്ട്. അതിന്റെ പതിനഞ്ചു ശതമാനം എന്ന് വച്ചാല്‍ 397 സീറ്റുകള്‍. ഇത്രയും കുട്ടികള്‍ കൂടുതലായി നല്‍കിയ 5 ലക്ഷം വീതം പ്രത്യേകമായി കൊളേജുകള്‍ക്ക് കിട്ടിയിട്ടുണ്ട്. അഞ്ചു ലക്ഷമാണ് മെറിറ്റ്ഫീസ് എന്നതുകൊണ്ട് ബി.പി.എല്‍ വിഭാഗങ്ങളില്‍പെട്ടവരില്‍നിന്നും അപേക്ഷിക്കുന്നവരില്‍ നിന്ന് 397 പേര്‍ക്ക് ഒരു രൂപ പോലും ഫീസ് വാങ്ങാതെ അഡ്മിഷന്‍ നടത്താം.

അവരില്‍ നിന്ന് സര്‍ക്കാര്‍ നിരക്കില്‍ ഫീസ് വാങ്ങിയാല്‍, അതായത് 25,000 വാര്‍ഷിക ഫീസ് വാങ്ങിയാല്‍, വീണ്ടും 20 പേര്‍ക്ക് കൂടി അഡ്മിഷന്‍ നല്‍കാം. അവരില്‍ നിന്നും സര്‍ക്കാര്‍ ഫീസ് വാങ്ങിയാല്‍ ഒരാള്‍ക്കുകൂടി അഡ്മിഷന്‍ നല്‍കാം. അതായത് 418 ബി പി എല്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കാം. എന്നുവച്ചാല്‍ ഏകദേശം നാല് പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നതിനു തുല്യമായ സീറ്റുകള്‍!

അനീതി എന്താണ് എന്നുവച്ചാല്‍ ഈ ആനുകൂല്യം കുട്ടികള്‍ക്ക് ഉറപ്പുവരുത്താനുള്ള ഒരു നീക്കവും സര്‍ക്കാര്‍ ഇതുവരെ നടത്തിയിട്ടില്ല. സത്യത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം അറിഞ്ഞ മട്ടില്ല. ഓഗസ്റ്റ് 8-നു ഓപ്ഷന്‍ രജിസ്ട്രേഷന്‍ തുടങ്ങി, 16-നു തീരും. അപേക്ഷിക്കുന്നവരില്‍ ആര്‍ക്കാണ് എത്ര രൂപയാണ് ഫീസ് കണ്‍സഷന്‍ കിട്ടുക എന്നത് അറിയില്ല.

ആനുകൂല്യം കിട്ടിയില്ലെങ്കില്‍ തിരികെ പോരാനും പറ്റില്ല. അങ്ങിനെ വരുമ്പോള്‍ ഇപ്പോഴത്തെ കണക്കില്‍ അഞ്ചു ലക്ഷം രൂപ പ്രതിവര്‍ഷം (അഞ്ചു വര്‍ഷം കൊണ്ട് ആകെ 25 ലക്ഷം) ഫീസായി അടയ്ക്കാന്‍ പറ്റുന്നവര്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ പറ്റൂ. നീറ്റ് മെറിറ്റില്‍ കിട്ടാനുള്ള റാങ്കുണ്ടെങ്കിലും സാമ്പത്തിക ഭദ്രതയില്ലാത്ത ഒരു വിദ്യാര്‍ത്ഥിക്കും വിശ്വസിച്ച് അപേക്ഷിക്കാന്‍ വയ്യാത്ത അവസ്ഥ.അപ്പോള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്കാന്‍ എന്‍.ആര്‍.ഐ കുട്ടികളില്‍ നിന്നും വാങ്ങുന്ന അധിക ഫീസിന്റെ ആനുകൂല്യം ആര്‍ക്കു കിട്ടും? 25 ലക്ഷം രൂപ കൊടുക്കാന്‍ തയാറായി വരുന്നവര്‍ക്ക്!

ഇതെങ്ങിനെ വേണം എന്ന് കമ്മിറ്റി ചെയര്‍മാനോട് ചോദിച്ചപ്പോള്‍ അത് സര്‍ക്കാരാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു അദ്ദേഹം. സര്‍ക്കാരിനോട് ചോദിച്ചപ്പോള്‍ അത് കോളേജുകളാണ് ചെയ്യേണ്ടത് എന്നായി. എന്തുകൊണ്ടാണ് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 418 കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ എം ബി ബി എസ് പഠിക്കാനുള്ള അവസരം ഉറപ്പുവരുത്താനുള്ള ചുമതലയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നത്? എന്തുകൊണ്ടാണ് ഫീസ് നിര്‍ണ്ണയ കമ്മിറ്റിയുടെ ഉത്തരവ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്? ഒരു ബി പി എല്‍ വിദ്യാര്‍ത്ഥി എന്ത് ധൈര്യത്തിലാണ് ഒരു സ്വാശ്രയ കോളേജില്‍ ഓപ്ഷന്‍ നല്‍കുന്നത് എന്ന് ശൈലജ ടീച്ചര്‍ക്ക് പറയാമോ?

ഏകികൃത മെറിറ്റ് നടപ്പാക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവ് സ്വാശ്രയ മേഖലയിലെ കള്ളത്തരങ്ങളും കച്ചവടവും അവസാനിപ്പിക്കാനും സാമൂഹ്യനീതി അടിസ്ഥാനമാക്കി ഒരു പ്രവേശന രീതി ഉറപ്പാക്കാനും എല്‍ ഡി എഫ് സര്‍ക്കാറിന്റെ ആരോഗ്യവകുപ്പ് ശ്രദ്ധിക്കാത്തത് എന്തുകൊണ്ട്? കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടുകളായി കേരളത്തിലെ വിദ്യാര്തഥിസമൂഹം, പ്രത്യേകിച്ച് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ തെരുവില്‍ സമരം ചെയ്തിട്ടും തല്ലുവാങ്ങിയിട്ടും നാടകത്തിരുന്ന കാര്യം നിയമപരമായി നടത്തിയെടുക്കാന്‍ അവസരം വന്നിട്ടും എന്തുകൊണ്ടാണ് ആരോഗ്യമന്ത്രി മുഖം തിരിഞ്ഞു നില്‍ക്കുന്നത്? ഈ ഇരട്ടത്താപ്പിന്റെ കാരണമെന്ത്?

ഇത്ര പ്രധാനപ്പെട്ട വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കാനുള്ള യാതൊരു സംവിധാനവും എല്‍ ഡി എഫിലോ സി പി എമ്മിന്റെ ഇല്ലേ? ഏതെങ്കിലും ഒരു മന്ത്രിക്കും ഒരു സെക്രട്ടറിയ്ക്കും കൂടി തീരുമാനിക്കാവുന്നതാണോ ഇതൊക്കെ?

കേരളം പലതിലും ഒന്നാമത് എന്ന് പരസ്യം ചെയ്യുമ്പോള്‍ അതിന്റെയൊക്കെ അടിസ്ഥാനങ്ങളില്‍ ഒന്ന് ആരോഗ്യരംഗത്ത് സംസ്ഥാനം നേടിയ പുരോഗതിയായിരുന്നു. കൊള്ളാവുന്ന ആളുകള്‍ ഈ രംഗത്തു കടന്നുവന്നു പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും പിന്തുണയുമാണ് ഇതിനു കാരണം. ഇത് ഇനി വേണ്ട എന്നാണോ എല്‍ ഡി എഫ് തീരുമാനം? വളരെ എളുപ്പത്തില്‍ എടുക്കാവുന്ന തീരുമാനങ്ങള്‍ പോലും വേണ്ട എന്നുവയ്ക്കാന്‍ എന്താണ് കാരണം? എവിടെ വിദ്യാര്തഥി സംഘടനകള്‍? യുവജനസംഘടനകള്‍? പ്രതിപക്ഷം?

ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ചതി എന്നത് പല വകുപ്പുകള്‍ പ്രകാരവും വിചാരണ ചെയ്യപ്പെടാം. സാധാരണ നമ്മള്‍ കേള്‍ക്കുക 420 എന്ന വകുപ്പാണ്: എന്നാല്‍ അതില്‍ 418 എന്നൊരു വകുപ്പുകൂടിയുണ്ട്. അത് വെറും ചതിയല്ല, ഒരാളുടെ താല്പര്യം സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്യാതെ ചതിച്ചാല്‍ വിചാരണ നടത്തേണ്ട വകുപ്പാണത്. സാധാരണക്കാരായ 418 വിദ്യാര്‍ത്ഥികളുടെ താല്പര്യം സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ അത് ചെയ്യാതെ പോയത് സാധാരണ ചതിയല്ല, സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ നടത്തിയ ചതിയാണ്. മാപ്പില്ലാത്ത കുറ്റം…”

LEAVE A REPLY

Please enter your comment!
Please enter your name here