ഹജ് ക്യാമ്പ് ഉദ്ഘാടനം നാളെ, ആദ്യ ഫ്‌ളൈറ്റ് ഞായറാഴ്ച്ച

0
160

സംസ്ഥാന ഹജ് കമ്മിറ്റിയുടെ നെടുമ്പാശ്ശേരി ഹജ് ക്യാമ്പ് നാളെ (ശനി) വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും. എം.പിമാരും എം.എല്‍.എമാരും അടക്കമുള്ള ജനപ്രതിനിധികളും സമുദായ സംഘടനാ നേതാക്കളും പങ്കെടുക്കും. ആദ്യ ഹജ് വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് ഞായറാഴ്ച്ച രാവിലെ 6.45ന് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിക്കും.
ഈ വര്‍ഷം 11828 ഹാജിമാരാണ് നെടുമ്പാശ്ശേരി ഹജ് ക്യാമ്പില്‍ നിന്നും യാത്ര തിരിക്കുന്നത്. കേരളത്തില്‍ നിന്ന് 11425 ഹാജിമാര്‍, 25 കുട്ടികള്‍, ലക്ഷദ്വീപില്‍ നിന്ന് 305 ഹാജിമാര്‍, മാഹിയില്‍ നിന്ന് 32 ഹാജിമാര്‍ എന്നിങ്ങനെയാണ് സംസ്ഥാന ഹജ് കമ്മിറ്റി മുഖേന പോകുന്നവരുടെ കണക്ക്. വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് കുറച്ചു പേര്‍ക്കു കൂടി സാധ്യതയുണ്ടെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദുകുഞ്ഞ് മൗലവി പറഞ്ഞു. 200 ഹാജിമാര്‍ക്ക് ഒരാളെന്ന നിലയില്‍ 56 വോളന്റിയര്‍മാരും ഹാജിമാരെ അനുഗമിക്കും. 26നാണ് അവസാന വിമാനം യാത്ര തിരിക്കുക.
സംസ്ഥാനത്ത് നിന്നും പോകുന്ന വനിതാ ഹാജിമാര്‍ക്കായി ഈ വര്‍ഷം ദേശീയപതാക ആലേഖനം ചെയ്ത മക്കന സ്റ്റിക്കര്‍ തയാറാക്കിയിട്ടുണ്ട്. വോളന്റിയര്‍മാരുടെ നമ്പറും ഇതില്‍ പതിച്ചിരിക്കും. ഹാജിമാരുടെ യാത്രാ നടപടിക്രമങ്ങള്‍ ക്യാമ്പില്‍ തന്നെ പൂര്‍ത്തിയാക്കി സൗദി എയര്‍ലൈന്‍സ് അധികൃതര്‍ ബാഗേജുകള്‍ ഏറ്റുവാങ്ങും. പെട്ടെന്ന് തിരിച്ചറിയുന്നതിനായി ദേശീയപതാക ആലേഖനം ചെയ്ത ടാഗുകളിട്ടാണ് ബാഗേജുകള്‍ വിമാനത്തില്‍ കയറ്റുക.
ഹജ്ജ് ക്യാമ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ യു. അബ്ദുള്‍ കരീം, ഹജ് കമ്മിറ്റി അസി. സെക്രട്ടറി ടി.കെ അബ്ദുള്‍ റഹിമാന്‍, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ഷരീഫ് മണിയാട്ടുകുടി, മുസമ്മില്‍ ഹാജി, അനസ് ഹാജി വടുതല, കോ ഓഡിനേറ്റര്‍ ഷാജഹാന്‍, ഹജ് സെല്‍ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ്, നൗഷാദ് മേത്തര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here