അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ നിലപാടിനെ തള്ളി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. പദ്ധതി നടപ്പാക്കേണ്ടത് സമവായ ചര്‍ച്ചകളിലൂടെ ആകണം. പ്രകൃതി സംരക്ഷണവും അനിവാര്യമാണ്- അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തും പ്രതിപക്ഷത്തും അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടന് മുഹമ്മദ് വൈദ്യുതമന്ത്രിയുമായിരുന്ന കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന് പദ്ധതി അങ്ങേയറ്റം ഗുണകരമാണെന്നാാണ് അന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നത്.
സി.പി.ഐ പദ്ധതിയെ എതിര്‍ത്തു നില്ക്കുമ്പോള് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നു പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്ത് എത്തിയത്.