
ലക്നൗ; ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ പിടഞ്ഞു മരിച്ച സംഭവത്തില്‍ ഉത്തർപ്രദേശ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം രാജ്യത്തെ ഞെട്ടിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും സംഭവത്തിൽ ഇടപെടുകയും ചെയ്തതിനു പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചത്.
മജിസ്ട്രേട്ടുതല അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. ലക്നൗവിൽ വിളിച്ചുചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചത്. വിശദ അന്വേഷണത്തിനു യുപി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്നും ആദിത്യനാഥ് വ്യക്തമാക്കി.
ആദിത്യനാഥിന്റെ മുൻ ലോക്സഭാ മണ്ഡലമാണ് ഗോരഖ്പുർ. ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്യുന്നതിന് മുൻ സർക്കാർ നിയോഗിച്ചവർ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന കാര്യവും പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കുട്ടികൾ മരിച്ചത് ഓക്സിജൻ ലഭിക്കാത്തതുകൊണ്ടല്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലും ആവർത്തിച്ചു. ഓക്സിജന്‍ അല്ലെങ്കില്‍ പിന്നെ എന്താണ് കാരണം എന്ന് വ്യക്തമാക്കാന്‍ ഈ വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാബാ രാഘവ്ദാസ് മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ 63 കുട്ടികൾ മരിച്ച വിവരം പുറത്തുവന്നിട്ടും, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പിഎംഓ ഇടപെട്ടശേഷമാണ് സത്വര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വന്നത്.