കേരള ബാങ്ക് രൂപീകരണം-ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോകും: കടകംപള്ളി

0
72

ശാഖകള്‍ കുറയ്ക്കില്ല, സേവന വേതന വ്യവസ്ഥകള്‍ നിലനിര്‍ത്തും, എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം പരിഗണിക്കും

കാക്കനാട്: ലോകത്തെവിടെയുമുള്ള മലയാളികളുടെ നിക്ഷേപം സ്വരൂപിച്ച് സ്വന്തം നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എറണാകുളം ജില്ലാ സഹകരണ ബാങ്ക് നടപ്പിലാക്കുന്ന സൗജന്യ സേവനങ്ങളുടേയും നൂതന പദ്ധതികളുടേയും ഔപചാരിക ഉദ്ഘാടനം  കാക്കനാടുളള ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ സഹകരണ മേഖലയിലെ ബാങ്ക് ശാഖകളുടെ എണ്ണം കുറയ്ക്കുകയോ ജീവനക്കാരെ പിരിച്ചു വിടുകയെ ചെയ്യില്ല. നിലവിലുള്ള സേവന-വേതന വ്യവസ്ഥകളിലും മാറ്റമുണ്ടാകില്ല. കേരള ബാങ്കിന്റെ സാധ്യത പഠന റിപ്പോര്‍ട്ടിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ അഭിപ്രായം അറിയിക്കാവുന്നതാണ്. സംസ്ഥാനത്തിന് ഗുണകരമല്ലാത്ത കാര്യങ്ങള്‍ നടപ്പാക്കില്ല. ബാങ്കിന്റെ രൂപീകരണവുമായ ബന്ധപ്പെട്ട് നിയോഗിച്ചിരിക്കുന്ന ടാസ്‌ക് ഫോഴ്‌സ് എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിശോധിക്കുമെന്നും ആശങ്കകള്‍ പരിഹരിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖല രാജ്യത്തിനു തന്നെ മാതൃകയാണ്. എങ്കിലും യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയണം. സഹകരണ മേഖലയില്‍ 50 വയസിനു മേല്‍ പ്രായമുളളവരാണ് ഇടപാടുകാരിലധികവും. സ്വകാര്യ, വാണിജ്യ ബാങ്കുകള്‍ ഈടാക്കുന്ന അധിക സര്‍വീസ് ചാര്‍ജുകളേക്കുറിച്ച് യുവാക്കള്‍ ചിന്തിക്കുന്നില്ല. സ്മാര്‍ട്ട്‌ഫോണ്‍ വഴി വേഗത്തില്‍ സേവനം ലഭിക്കുന്നതിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്. ഇവരെ ആകര്‍ഷിക്കാന്‍ ആധുനികവത്കരണത്തിന്റെ സവിശേഷ പാതയിലേക്ക് സഹകരണ മേഖലയും കുതിപ്പ് നടത്തണം. ഈ ദിശയിലുള്ള പ്രവര്‍ത്തനമാണ് എറണാകുളം ജില്ല സഹകരണ ബാങ്ക് നടത്തിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ബാങ്കിംഗ് നയങ്ങള്‍ കൂറ്റന്‍ ബാങ്കുകളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ബാങ്ക് ലയനങ്ങള്‍ വീണ്ടും നടക്കും. രാജ്യത്ത് പത്തോ പന്ത്രണ്ടോ വന്‍കിട ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. ഈ സാഹചര്യത്തില്‍ ചെറുകിടക്കാര്‍ക്കും ഇടത്തരം വായ്പ ആവശ്യക്കാര്‍ക്കും സാധാരണക്കാര്‍ക്കും ബാങ്കിംഗ് അപ്രാപ്യമാകുകയാണ്. പൊതുമേഖല, സ്വകാര്യ, വാണിജ്യ, പുതുലമുറ ബാങ്കുകള്‍ സേവനങ്ങള്‍ക്ക് വലിയ നിരക്കാണ് ഈടാക്കുന്നത്. ഇവിടെ കേരളത്തിലെ പ്രാഥമിക, സഹകരണ സംഘങ്ങളും ബാങ്കുകളും മാത്രമാണ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ല സഹകരണ ബാങ്കിലെ ഐടി വിദഗ്ധരുടെ പ്രവര്‍ത്തനമികവിനെ ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ വകുപ്പ് ഗവ. സെക്രട്ടറി പി. വേണുഗോപാല്‍ അഭിനന്ദിച്ചു. കോര്‍ ബാങ്കിംഗ് രംഗത്ത് ആധുനിക സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. മിക്ക വാണിജ്യ ബാങ്കുകളും ഐടി സേവനദാതാക്കളുടെ തടവറയിലാണ്. എന്നാല്‍ ജില്ല ബാങ്കില്‍ ഐടി സേവന ദാതാക്കളില്‍ നിന്ന് പരിശീലനം നേടി സ്വന്തമായി ആധുനിക സംവിധാനങ്ങള്‍ പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ എം.എസ്. ലൈല, ജില്ല സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ബി. ഓമനക്കുട്ടന്‍, സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. സുന്ദര്‍, കേരള ബാങ്ക് ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്‍ വി.ആര്‍. രവീന്ദ്രനാഥ്, അഡി. രജിസ്ട്രാര്‍ ഇ.ആര്‍. രാധാമണി, ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് മാനേജര്‍ അശോക് കുമാര്‍ നായര്‍, ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ആര്‍. മീന തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here