ചൈന അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ സേനയെ വിന്യസിച്ചു

0
76

സിക്കിം, അരുണാചല്‍ പ്രദേശ് അതിര്‍ത്തികളില്‍ ഇന്ത്യ കൂടുതല്‍ സേനയെ വിന്യസിക്കുന്നു. യുദ്ധം ഉണ്ടാകുമെന്നുള്ള അഭ്യൂഹം പടരുന്നതിനിടെയാണ് ഈ നടപടി. പട്ടാളത്തെ നിയോഗിച്ചിരിക്കുന്നത് 1400 കിലോമീറ്റര്‍ വരുന്ന ചൈനീസ് അതിര്‍ത്തിയിലാണ്. സൈനികരുടെ ജാഗ്രതാനിലവാരവും ഉയര്‍ത്തിയിട്ടുണ്ട്. ജൂണ്‍ 16 ന് ആരംഭിച്ച സംഘര്‍ഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയുടെ നിര്‍ണായകനീക്കം.

എന്നാല്‍ സ്ഥിതിഗതികളുടെ ഗൗരവവും ചൈനയുടെ കടുത്ത നിലപാടും വിശദമായി വിലയിരുത്തിയശേഷമാണ് ഈ നടപടി എടുത്തത്. എത്ര പേരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇന്ത്യചൈന അതിര്‍ത്തിയിലെ കിഴക്കന്‍ മേഖലയുടെ ചുമതല സുക്‌നയിലെ 33-ാം കോറില്‍ പെട്ട സൈനികര്‍ക്കും അരുണാചലിലും അസമിലുമുള്ള സേനാതാവളങ്ങളിലെ മൂന്നും നാലും കോറുകളില്‍ പെട്ട സൈനികര്‍ക്കുമാണ്.

സാധാരണ നിലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 45,000 സൈനികര്‍ ഏതു സമയത്തും നിയോഗിക്കപ്പെടാന്‍ തയാറായി ഇവിടെയുണ്ടാകും. 9000 അടി ഉയരത്തിലുള്ള അതിര്‍ത്തി പ്രദേശത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ഇവര്‍ക്കു 14 ദിവസത്തെ പരിശീലനമാണു നല്‍കുന്നത്. എന്നാല്‍, ചൈന തര്‍ക്കമുന്നയിക്കുന്ന ദോക് ലാ പ്രദേശത്തു സൈനികരുടെ എണ്ണം കൂട്ടിയിട്ടില്ലെന്നു സേനാവൃത്തങ്ങള്‍ അറിയിച്ചു. 350 പേരാണ് ഇപ്പോള്‍ ഇവിടെയുള്ളത്.

ജൂണ്‍ 16ന് ചൈനയുടെ റോഡ് നിര്‍മാണം തടഞ്ഞ ഇവര്‍ എട്ടാഴ്ചയായി അവിടെത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സേന ഏകപക്ഷീയമായി പിന്മാറണമെന്ന ആവശ്യം ഉയര്‍ത്തി ഏതാനും ആഴ്ചകളായി ഇന്ത്യയ്‌ക്കെതിരായ പ്രചാരണത്തിനു ചൈന ശക്തി കൂട്ടിയിരിക്കുകയാണ്. ഇരുപക്ഷവും പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here