ഞാനോർക്കുന്നത്‌ ആ കുരുന്നുകളേക്കുറിച്ചാണ്‌.. കരയിൽ മുങ്ങിമരിച്ച ആ മുപ്പത്‌ കുരുന്നു ജീവനുകളേക്കുറിച്ച്‌

0
2561

സതീഷ്‌  കുമാര്‍ എഴുതുന്നു…

താൻ മരിക്കും മുൻപ്‌ കുഞ്ഞുങ്ങൾ മരിച്ചു പോയാൽ തനിക്കത്‌ താങ്ങാനാവില്ല എന്ന് ഭയന്ന് വിവാഹം കഴിക്കാൻ മടിച്ചു നടന്ന അതികാൽപനികനായ ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്‌ ഒരു ചെറിയ സമ്മർദ്ധത്തെ പോലും പേറാൻ ശക്തിയില്ലാത്തവൻ

തനിക്കു മുൻപേ തന്റെ മകന്റെ ജീവനെടുക്കണേ എന്ന് നിത്യവും വടക്കും നാഥനോട്‌ പ്രാർത്ഥിച്ച്‌ നടന്നിരുന്ന ഒരമ്മയുണ്ടായിരുന്നു തൃശൂരിലെ തേക്കിൻ കാട്‌ മൈതാനത്ത്‌ അധികം അകലെയല്ലാത്ത ഒരു കാലത്ത്‌ഇടക്കിടെ ബുദ്ധിഭ്രമം വന്നു കയറുന്ന തന്റെ കുഞ്ഞിനെ ആരുനോക്കും താനില്ലെങ്കിൽ എന്ന വ്യസനമായിരുന്നു വിളക്കു തിരിപോലെ ദുർബലയായിരുന്ന ആ അമ്മക്ക്‌എഴുപത്തിരണ്ടാം വയസ്സിൽ മരിച്ചുപോയ തന്റെ മകന്റെ മൃതദേഹത്തിനരുകിൽ ഇരുന്ന് “കുഞ്ഞേ .കുഞ്ഞേ”എന്ന് വിതുംബിയിരുന്ന തൊണ്ണൂറു വയസായ ഒരമ്മച്ചിയെ കണ്ടത്‌ ഓർമ്മവരുന്നു മുള്ളൻ കൊല്ലിയിലെ എന്റെ താമസക്കാലത്താത്‌

ആത്മഹത്യ,അപകടം,ഹൃദയസ്തംഭനം എന്നിങ്ങനെയുള്ള വിത്യസ്ത കാരണങ്ങളാൽ നാല്‌ ആൺ മക്കളിൽ മൂന്നു പേരും മരിച്ചു പോയ ഒരമ്മയുടെ ദുരന്ത ജീവിതം കൺ മുന്നിലുണ്ട്‌ ഇപ്പോൾ ഞാൻ താമസിക്കുന്ന സുൽത്താൻ ബത്തേരിയിൽഎല്ലാ മരണങ്ങളും വേദനാജനകങ്ങൾ ആണെങ്കിലും കുഞ്ഞുങ്ങളുടെ മരണം പോലെ നമ്മെ അടിമുടി ഉലക്കുന്ന മറ്റൊന്നില്ല. അപരിചിതമായ ദേശത്ത്‌ കൂടി യാത്രചെയ്യുമ്പോൾ പോലും കടന്നു പോകുന്ന ശവഘോഷയാത്രയിൽ കാണുന്നത്‌ ഒരു കുഞ്ഞു ശവപ്പെട്ടിയാണെങ്കിൽ നമ്മൂടെ ഹൃദയം വല്ലാതെ നുറുങ്ങിപ്പോകും.ബസിൽ അസ്വസ്ഥനായും ബഹളക്കാരനായും യാത്രചെയ്യുന്ന ഒരാളായി മമ്മൂട്ടി അഭിനയിക്കുന്ന ഒരു കുഞ്ഞു സിനിമയുണ്ട്‌.ആ യാത്രയുടെ അവസാനമാണ്‌ നമ്മൾ അറിയുന്നത്‌ മകൾ മരിച്ച വിവരമറിഞ്ഞ്‌ ഓടിവരുന്ന അച്ഛനാണ്‌ ആ കഥാപാത്രമെന്ന്

ബസിൽ നിന്ന് മറ്റുള്ളവർ കാണുന്നു എന്ന തരത്തിലുള്ള ഒരു ആങ്കിളിൽ കടന്നുവരുന്ന ഒരു ടാക്സി കാറിന്റെ മുകളിൽ കെട്ടിവെച്ചിരിക്കുന്ന ഒരു കുഞ്ഞു ശവപ്പെട്ടിയുടെ കാഴ്ചയിലൂടെയാണ്‌ സംവിധായകൻ അത്‌ വെളിവാക്കുന്നത്‌.ആ ഒരൊറ്റ സീൻ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം മറക്കില്ല എന്ന് എനിക്ക്‌ ഉറപ്പാണ്‌ .അത്ര ആഴത്തിലാണ്‌ ആ കാഴ്ച എന്റെ ഹൃദയത്തിൽ മുൾമുറിവായത്‌

കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്ത മനുഷ്യരുണ്ടാവുമോ?എത്ര കടുപ്പപ്പെട്ടവനാണെങ്കിലും കുഞ്ഞുങ്ങളുടെ പാൽപുഞ്ചിരിയിൽ അർദ്ധനിമിഷത്തേക്കെങ്കിലും അവർ മൃദുലരാകാതിരിക്കുമോ.മനുഷ്യവികാരങ്ങളിൽ ഏറ്റവും പരിശുദ്ധമായ ഒന്നാകുന്നു വാത്സല്യം
ഉപാധി രഹിതമായ ഒന്നാകുന്നു അത്‌.കുഞ്ഞുങ്ങളെ കൊന്നു കളയുന്നവർ ലോകത്തിലേക്ക്‌ വെച്ച്‌ ഏറ്റവും നികൃഷ്ടരായ മനോരോഗികൾ,
കുഞ്ഞുങ്ങളുടെ ജീവൻ വെച്ച്‌ വ്വില പേശുന്നവരും ഞാനില്ലാത്തലോകത്ത്‌ എന്റെ കുരുന്നുകൾ എങ്ങനെ ജീവിക്കുമെന്ന് ഉരുകിയുരുകി കുഞ്ഞുങ്ങളേയും കൂട്ടി മരണത്തിലേക്ക്‌ സ്വയം നടന്നു പോകുന്ന അമ്മമാരെ നാം അതിൽ നിന്നും ഒഴിവാക്കുക

എത്രയോ രാത്രികളിൽ കുഞ്ഞുങ്ങളെ മാറോടടക്കി നിശബ്ദരായി നിലവിളിച്ചവളാവും അവൾ എത്ര ബദൽ വഴികളിലൂടെ അവളൂടെ മനസ്‌ ഓടി നോക്കിയിട്ടുണ്ടാവും.കുഞ്ഞുങ്ങൾക്കാരുണ്ട്‌ എന്ന ഒരൊറ്റ ആധിയാൽ മാത്രം മരിക്കാതെ ദുരിതക്കടൽ നീന്തുന്ന എത്ര അമ്മമാരുണ്ടാകും

കുഞ്ഞുങ്ങളെ എല്ലാവർക്കും ഇഷ്ടമാകുന്നത്‌ എന്തു കൊണ്ടാവും?ശത്രുവിന്റെ കുഞ്ഞാണെങ്കിൽ പോലും നിങ്ങൾക്കതിനോട്‌ ഒരു വൈരാഗ്യവും തോന്നാത്തത്‌ എന്തുകൊണ്ടാകും?യാതൊരു വിധ താത്പര്യങ്ങളുമില്ലാതെയാണ്‌ അത്‌ നിങ്ങളോട്‌ ചിരിക്കുന്നത്‌ എന്നതുകൊണ്ടാവുമോ അത്‌?

നിങ്ങളാരാണെന്നോ നിങ്ങളുടെ ധനസ്ഥിതിയോ സ്ഥാനമാനങ്ങളോ അതിന്‌ വിഷയമല്ലനിങ്ങളുടെ നിറം ,വസ്ത്രങ്ങളുടെ പൊലിമ, രൂപം ,സൗന്ദര്യം ,ജാതി .ഇതൊന്നും കുഞ്ഞുങ്ങളുടെ വിഷയമല്ലഎന്തിന്‌ , കുഞ്ഞുങ്ങൾക്ക്‌ സ്നേഹത്തോടെ ചിരിക്കാൻ നിങ്ങൾ ഒരു മനുഷ്യനാവണമെന്നു പോലുമില്ല

ജനിക്കുമ്പോൾ എല്ലാമനുഷ്യരും എത്രയോ നല്ലവർവളരും തോറും നാമവരെ പതുക്കെ പതുക്കെ ചീത്തയാക്കുകയാണ്‌.ഒരു കാട്ടുചോലയുടെ തെളിനീരൊഴുക്കിലേക്ക്‌ ഒരു മാലിന്യക്കുഴലെന്നപോലെ നാമവരിലേക്ക്‌ പതുക്കെ പതുക്കെ വ്വിഷം നിറക്കുകയാണ്‌

നീ / അവൻ ,നിന്റെ /അവന്റെ എന്നിങ്ങനെ നാമവന്റെ ലോകത്തെ വേർത്തിരിക്കുകയാണ്‌.നീ മിടുക്കനാകണം എന്ന് ഉപദേശിക്കുമ്പോൾ അവനേക്കാൾ എന്ന് ഒരുവനെ അപ്പുറത്ത്‌ കാട്ടിക്കൊടുക്കുകയാണ്‌

കുട്ടിയിലെ കുട്ടിയെ നാമങ്ങനെ പതുക്കെ ഇല്ലാതാക്കുകയാണ്‌.ധനമൂല്യം കണക്കാക്കി കളിപ്പാട്ടങ്ങളെ സ്നേഹിക്കാൻ തുടങ്ങുംബോൾ ഒരു കുട്ടിയിലെ കുട്ടി മരിക്കുന്നു എന്ന് ആക്സൽ മുന്തേ പറഞ്ഞിട്ടുണ്ട്‌ സമ്പാദിക്കുന്ന കുട്ടി അശ്ലീലമാണ്‌ എന്ന് കൽപ്പറ്റ നാരായണൻ മാഷും.അപ്പോഴാണ്‌ എല്ലാവർക്കും ഇഷ്ടമുള്ള ഒന്ന് എന്നിൽ നിന്നും ചിലർക്ക്‌ മാത്രം ഇഷ്ടമുള്ള ഒന്ന് എന്നിലേക്ക്‌ അവൻ മുതിരുന്നത്‌.

വെറുതേ ഒന്ന് ഓർത്തു നോക്കൂ ബേബി ശാലിനിയെ ഇഷ്ടമുണ്ടായിരുന്നവരുടെ ആയിരത്തിൽ ഒന്നു വരുമോ വളർന്നു വലുതായ ശാലിനിയെ ഇഷ്ടപ്പെടുന്നവർ നമ്മൾ പറഞ്ഞു വന്നത്‌ കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ചാണ്‌ കുഞ്ഞുങ്ങളുടെ മരണം എല്ലാവരേയും കൂടുതൽ വേദനിപ്പിക്കുന്നു എന്നതിനെക്കുറിച്ചാണ്‌

അത്‌ അങ്ങനെയാണ്‌, ഏറ്റുമുട്ടലിൽ മരിച്ച എത്രയോ തീവ്രവാദികളുടെ ശവശരീരങ്ങൾ കണ്ടിട്ടുള്ള നമ്മൾ വെടിയേറ്റ്‌ മരിച്ച വേലുപ്പിള്ള പ്രഭാകരന്റെ മകന്റെ ശരീരം കണ്ട്‌ ക്ഷുഭിതരും അസ്വസ്ഥരുമായത്‌ അവൻ ഒരു കുഞ്ഞായതു കൊണ്ടാണ്‌.കടൽതീരത്തടിഞ്ഞ ആ അഭയാർത്ഥി കുഞ്ഞിന്റെ ഉറങ്ങുന്ന പൂമൊട്ടു പോലുള്ള മുഖം കണ്ട്‌ ലോകം മുഴുവൻ വിറങ്ങലിച്ചു നിന്നതും.ഈ അടുത്ത ദിവസം കാണാതായ സനഫാത്തിമ എന്ന പെൺകുട്ടി മരിച്ചിട്ടുണ്ടാവരുതേ എന്ന് നമ്മളെല്ലാവരും പ്രാർത്ഥിച്ചതും കുട്ടികൾ മരിക്കുന്നത്‌ നമുക്ക്‌ സഹിക്കാനാവില്ല എന്നതിനാലാണ്‌

എന്റെ ദൈവമേ..മുപ്പത്‌ കുഞ്ഞുങ്ങൾ..മുപ്പത്‌ പിഞ്ചു കുഞ്ഞുങ്ങളാണ്‌ ഒരുമിച്ചു മരിച്ചുപോയത്‌.നിത്യവും അനവധി മരണങ്ങളെകണ്ടു ശീലിച്ച ഒരു മെഡിക്കൽ കോളേജിന്‌ അതിൽ വലിയ അസ്വാഭാവികതയൊന്നും തോന്നുന്നുണ്ടാവില്ല.ഒരു പക്ഷേ നിയോഗിക്കപ്പെട്ടേക്കാവുന്ന ഒരു അന്വേഷണക്കമ്മീഷനെ ബോധ്യപ്പെടുത്താൻ പാകത്തിൽ ചില കടലാസുകൾ വേണമെന്നേയുള്ളൂ

അത്യാസന്ന രോഗികളെത്തുന്ന ഒരു ആശുപത്രിയിൽ മരണം എന്നത്‌ ഒഴിവാക്കാനാവുന്നതല്ലെന്നും ,ജപ്പാൻ ജ്വരം പോലുള്ള ഒരു രോഗകാലത്ത്‌ അതിന്റെ എണ്ണത്തിലെ വർദ്ധനവ്‌ ന്യായീകരിക്കാവുന്നതേയുള്ളൂ എന്നും ശാസ്ത്രത്തെ ഉദ്ധരിച്ചുകൊണ്ട്‌ അതിനെ തീർപ്പാക്കുന്നതിലും നിയമവിരുദ്ധമായി യാതൊന്നും തന്നെയില്ല എന്നും സമർത്ഥിക്കാം.ധാരാളമായി എഴുതപ്പെട്ടു കഴിഞ്ഞ ആ സംഭവത്തിന്റെ ന്യായാന്യായങ്ങളിലേക്കോ അതിന്റെ രാഷ്ട്രീയത്തിലേക്കോ കടക്കുവാൻ ഞാൻ ഈ കുറിപ്പുകൊണ്ട്‌ ഉദ്ദേശിക്കുന്നില്ല.

ഞാനോർക്കുന്നത്‌ ആ കുരുന്നുകളേക്കുറിച്ചാണ്‌ കരയിൽ മുങ്ങിമരിച്ച ആ മുപ്പത്‌ കുരുന്നു ജീവനുകളേക്കുറിച്ച്‌… അനാസ്ഥയെ അലങ്കാരമാക്കി കൊണ്ടു നടക്കുന്ന മനുഷ്യരുടെ കാര്യം വിടൂ.ഈശ്വരവിശ്വാസികളായിരുന്നിരിക്കാവുന്ന ആ പാവം അമ്മമാരോട്‌ അവരുടെ ദൈവങ്ങൾ എന്ത്‌ ഉത്തരം പറയും.അവരുടെ ജീവിതത്തിലെ പ്രകാശമായിരുന്ന ആ മുപ്പത്‌ നെയ്‌വിളക്കുകളെ തന്റെ മാന്ത്രിക വടികൊണ്ട്‌ തല്ലിക്കെടുത്തിയതിന്‌.അവരുടെ മുപ്പത്തിമുക്കോടി സ്വപ്നങ്ങളെ ദയാരഹിതമായി ചീന്തിയെറിഞ്ഞതിന്‌ ദൈവങ്ങൾ അവരോട്‌ എന്ത്‌ സമാധാനം പറയും.ശ്വാസം മുട്ടി ഉറങ്ങാതിരുന്ന ഒരു രാത്രിയുടെ ബാക്കിയാണ്‌ വൈകാരികത അൽപം കൂടിപ്പോയ ഈ കുറിപ്പ്‌

പഠിച്ച ശാസ്ത്രവും അറിവുകളുമൊക്കെ മാറ്റി വെച്ചുകൊണ്ട്‌ ഞാൻ അതിയായി ആഗ്രഹിക്കുകയായിരുന്നു.ഈ ഭൂമിയിൽ ഒരു കുഞ്ഞും മരിക്കാതിരുന്നെങ്കിൽ.ചുരുങ്ങിയത്‌ അവരുടെ അമ്മമാർ മരിക്കുന്നത്‌ വരെയെങ്കിലും..

LEAVE A REPLY

Please enter your comment!
Please enter your name here