ദിനാന്ത്യത്തില്‍ മേല്‍ക്കൈ നഷ്ടമാക്കി ഇന്ത്യ ; ഒന്നാം ദിനം ആറിന് 329

0
84

ആദ്യ സെഷനുകളില്‍ ലഭിച്ച മേല്‍ക്കൈ ദിനാന്ത്യത്തില്‍ കളഞ്ഞു കുളിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനുള്ള മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറിന് 329 റൺസെന്ന നിലയിൽ. ഓപ്പണർ ശിഖർ ധവാന്റെ സെഞ്ചുറിയും ലോകേഷ് രാഹുലിന്റെ അർധസെഞ്ചുറിയും സമ്മാനിച്ച മേൽക്കൈ രണ്ട്, മൂന്ന് സെഷനുകളില്‍ കളഞ്ഞുകുളിച്ച ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് വീഴ്ത്തിയ പുഷ്പകുമാര, രണ്ടു വിക്കറ്റ് വീഴ്ത്തിയ സണ്ടാകൻ, അശ്വിനെ മടക്കിയ ഫെർണാണ്ടോ എന്നിവരാണ്  കൂച്ചുവിലങ്ങിട്ടത്.വൃദ്ധിമാൻ സാഹ (13), ഹാർദിക് പാണ്ഡ്യ (1) എന്നിവരാണ് ക്രീസിൽ.

ശ്രീലങ്കയിൽ സന്ദർശക ടീം നേടുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് എന്ന ഖ്യാതിയോടെ ശിഖർ ധവാനും ലോകേഷ് രാഹുലും ചേർന്ന് പടുത്തുയർത്തിയത് 188 റൺസ്. ഏകദിന ശൈലിയിൽ തകർത്തടിച്ച ധവാൻ 123 പന്തിൽ 17 ബൗണ്ടറികളോടെ 119 റണ്‍സെടുത്തു. 96.74 റൺ ശരാശരിയിലാണ് ധവാന്റെ സെ‍ഞ്ചുറി നേട്ടം. 1993ൽ ഇന്ത്യയുടെ തന്നെ മനോജ് പ്രഭാകർ–സിദ്ധു സഖ്യം പടുത്തുയർത്തിയ 171 റൺസ് കൂട്ടുകെട്ട് മറികടന്നാണ് ധവാൻ–രാഹുൽ സഖ്യം ലങ്കയിലെ സന്ദർശക ടീമിന്റെ ഉയർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോർഡ് സ്വന്തമാക്കിയത്. 135 പന്തിൽ എട്ടു ബൗണ്ടറികൾ കണ്ടെത്തിയ രാഹുൽ, സെഞ്ചുറിക്ക് 15 റൺസകലെ പുറത്തായി.

തുടർച്ചയായ ഏഴാം ഇന്നിങ്സിലാണ് ലോകേഷ് രാഹുൽ അർധസെഞ്ചുറി നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇക്കാര്യത്തിൽ കുമാർ സംഗക്കാര, ക്രിസ് റോജേഴ്സ്, ചന്ദർപോൾ, ആൻഡി ഫ്ലവർ തുടങ്ങിയ മഹാരഥൻമാർക്കൊപ്പമെത്തി രാഹുൽ. 2011നു ശേഷം വിദേശ പര്യടനത്തിലെ രണ്ടു ടെസ്റ്റുകളിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ ഓപ്പണറായി ശിഖർ ധവാൻ മാറുന്നതിനും ഈ മൽസരം സാക്ഷ്യം വഹിച്ചു. 2011ലെ ഇംഗ്ലണ്ട് പര്യടനത്തിൽ രാഹുൽ ദ്രാവിഡാണ് ഏറ്റവും ഒടുവിൽ രണ്ടു ടെസ്റ്റുകളിൽ സെഞ്ചുറി നേടിയത്.

ഇരുവരെയും പുഷ്പകുമാര വീഴ്ത്തിയതോടെയാണ് ശ്രീലങ്കയ്ക്ക് മൽസരത്തിലേക്കു തിരിച്ചുവരാൻ അവസരം ലഭിച്ചത്. തുടർന്നെത്തിയ ചേതേശ്വർ പൂജാരയ്ക്കു (33 പന്തിൽ 8) നിലയുറപ്പിക്കാനാകാതെ പോയതോടെ ഇന്ത്യ 3ന് 229 റൺസ് എന്ന നിലയിലായി. പൂജാരയെ വീഴ്ത്തിയ സണ്ടാകൻ, ക്യാപ്റ്റൻ കോഹ്‍ലിയെയും പറഞ്ഞയച്ചതോടെ ലങ്ക മൽസരത്തിലേക്കു തിരിച്ചുവന്നു. 84 പന്തിൽ മൂന്നു ബൗണ്ടറിയോടെ 42 റൺസെടുത്ത കോഹ്‍ലിയെ സണ്ടാകൻ കരുണരത്‌നയുടെ കൈകളിലെത്തിച്ചു. 48 പന്തിൽ ഒരു ബൗണ്ടറിയോടെ 17 റൺസെടുത്ത അജിങ്ക്യ രഹാനെ പുഷ്പകുമാരയുടെ മൂന്നാമത്തെ ഇരയായി കൂടാരം കയറിയതോടെ 300 കടക്കും മുൻപ് ഇന്ത്യയ്ക്ക് അ‍ഞ്ചാം വിക്കറ്റും നഷ്ടമായി. ഒന്നാം ദിനം കളി അവസാനിപ്പിക്കുന്നതിന് തൊട്ടുമുൻപ് ഫെർണാണ്ടോയ്ക്ക് വിക്കറ്റ് സമ്മാനിച്ച് അശ്വിനും മടങ്ങിയതോടെ ആറിന് 329 റൺസെന്ന നിലയിലായി ഇന്ത്യ.

LEAVE A REPLY

Please enter your comment!
Please enter your name here