രാംദേവിന്റെ പുസ്തകത്തിന് കോടതിയുടെ വിലക്ക്

0
62

പതഞ്ജലിയുടെ സ്ഥാപകനായ ബാബ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന് കോടതി വിലക്ക് കല്പിച്ചു. യോഗ ഗുരുവുകൂടിയായ ബാബ രാംദേവിന്റെ ഗോഡ്മാന്‍ ടു ടൈകൂണ്‍ ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബാബാ രാംദേവ് എന്ന പുസ്തകത്തിനാണ് കോടതി വിലക്ക് കൊടുത്തത്. ഈ പുസ്തകം വില്‍ക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമാണ് ഡല്‍ഹി കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി പുസ്തകം വില്‍ക്കുന്നതിനും കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രിയങ്ക പതക്ക് നരേന്‍ എഴുതിയ പുസ്തകത്തിലാണ് രാംദേവിന്റെ മുന്‍കാല ജീവിതവും പ്രവര്‍ത്തനങ്ങളും അന്വേഷണാത്മകമായി അവതരിപ്പിക്കുന്നത്.

കോടതി പുസ്തകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് രചയിതാവിന്റെയോ പ്രസാധകരുടെയോ ഭാഗം കേള്‍ക്കാതെയാണ് എന്ന് പ്രസാധകരായ ജഗര്‍നോട്ട് ബുക്സ് ആരോപിച്ചു. പുസ്തകം രാംദേവിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നതില്‍ വാദം കേള്‍ക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. പുസ്തകത്തിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള വേദിയായി ഇതിനെ കാണുന്നുവെന്നും പ്രസാധകര്‍ പറഞ്ഞു.

രാംദേവിനെക്കുറിച്ച് വിവിധ സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍, പോലീസ് റിപ്പോര്‍ട്ടുകള്‍, വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഗൗരവകരമായ മാധ്യമപ്രവര്‍ത്തനത്തിന്റെ സൃഷ്ടിയാണ് ഗോഡ്മാന്‍ ടു ടൈകൂണെന്നും അവര്‍ പറഞ്ഞു.

പ്രശ്നം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതില്‍ കേസില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും പ്രസാധകരായ ജഗര്‍നോട്ട് ബുക്സ് പറഞ്ഞു. എന്നാല്‍ കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here