പൊന്നാനി: ആതിരപ്പിള്ളി പദ്ധതിയുമായി വൈദ്യുതി മന്ത്രി എം.എം.മണി മുന്നോട്ട് പോയിക്കൊണ്ടിരിക്കെ സിപിഎമ്മിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒളിയമ്പ്. മാർക്സിസം ഉൾക്കൊള്ളുന്നവർ പ്രകൃതിയെ നശിപ്പിക്കാൻ കൂട്ടുനിൽക്കില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
മാർക്സിസവും മൂലധന തത്വശാസ്ത്രവും ഉൾക്കൊള്ളുന്നവർ വികസനത്തിനുവേണ്ടി പ്രകൃതിയെ നശിപ്പിക്കാൻ കൂട്ടുനിൽക്കില്ല. കൊളാടി ഗോവിന്ദൻകുട്ടി ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യവേ കാനം പറഞ്ഞു. പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ ഭാഗമായി ഇടതുപക്ഷം നിലകൊള്ളാൻ അനുവദിക്കില്ല.
പരിസ്ഥിതി മൗലികവാദികൾ എന്നതിന് എതിരായി വികസന മൗലികവാദികൾകൂടി ഉയർന്നിരിക്കുന്നു. പ്രകൃതി ചൂഷണമല്ലാത്ത മാതൃകകൾ മുൻപിലുണ്ടായിട്ടും പ്രകൃതിചൂഷണത്തിലാണു പലരും നോട്ടമിടുന്നതെന്നും കാനം പറഞ്ഞു.