ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ദയനീയ തകര്‍ച്ച

0
73

മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് ദയനീയ തകര്‍ച്ച. ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ശ്രീലങ്കയ്ക്ക് ദയനീയമായ ബാറ്റിങ് തകര്‍ച്ച സംഭവിച്ചത്. 487 റണ്‍സ് എന്ന ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്‌കോര്‍ പിന്തുടര്‍ച്ച ശ്രീലങ്ക കേവലം 37.4 ഓവറില്‍ 135 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയോട് 355 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയ ലങ്കയെ ഇന്ത്യ ഫോളോ ഓണിന് അയച്ചു.

ഏകദിന ശൈലിയില്‍ കന്നി ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയ ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് മികവില്‍ ഇന്ത്യ നേടിയ ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ ലങ്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ചാണ്ഡിമല്‍ ഒഴികെയുള്ള ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. 87 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ചാണ്ഡിമലാണ് ടോപ് സ്‌കോറര്‍. ഡിക്ക്വെല്ല 29 ഉം മെന്‍ഡിസ് പതിനെട്ടും റണ്‍സാണ് നേടിയത്. മറ്റുള്ളവരെല്ലാം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. പതിമൂന്ന് ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍. ആര്‍. അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആറിന് 329 റണ്‍സ് എന്ന തലേദിവസത്തെ സ്‌കോറില്‍ രണ്ടാം ദിവസം കളിയാരംഭിച്ച ഇന്ത്യ ഉച്ചഭക്ഷണത്തോടെയാണ് ഓള്‍ഔട്ടായത്.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 486 റണ്‍സെടുത്തുനില്‍ക്കുകയാണ് ഇന്ത്യ. ഇഴഞ്ഞുനീങ്ങിയ ഇന്ത്യന്‍ ഇന്നിങ്സിനെ 400 കടത്തിയത് കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ പാണ്ഡ്യ ഒറ്റയ്ക്കാണ്. 93 പന്തില്‍ നിന്ന് 108 റണ്‍സാണ് രണ്ടാം ടെസ്റ്റ് കളിക്കുന്ന പാണ്ഡ്യ എടുത്തത്.

എട്ട് ബൗണ്ടറിയും ഏഴ് സിക്സും ഉള്‍പ്പെടുന്നതായിരുന്നു പാണ്ഡ്യയുടെ സെഞ്ചുറി. ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായശേഷം അവസാന ഒരു മണിക്കൂറില്‍ നിറഞ്ഞാടിയാണ് പാണ്ഡ്യ ടെസ്റ്റിന്റെ ഗതി തന്നെ മാറ്റിമറിച്ചത്. ഈയൊരൊറ്റ സെഷനില്‍ മാത്രം 107 റണ്‍സാണ് പാണ്ഡ്യ തന്റെ പേരില്‍ സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്.

കുമാര എറിഞ്ഞ 120-ാം ഓവറിന്റെ നാലാം പന്ത് അതിര്‍ത്തി കടത്തിയാണ് പാണ്ഡ്യ സെഞ്ചുറി സ്വന്തമാക്കിയത്. പുഷ്പകുമാര എറിഞ്ഞ 116-ാം ഓവറിലാണ് പാണ്ഡ്യ കഥയാകെ മാറ്റിമറിച്ചത്. തുടര്‍ച്ചയായി മൂന്ന് സിക്സും രണ്ട് ബൗണ്ടറിയും അടക്കം മൊത്തം 26 റണ്‍സാണ് പാണ്ഡ്യ നേടിയത്.

ആറിന് 329 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകളാണ് രണ്ടാം ദിനം ഉച്ചവരെ നഷ്ടമായത്. പതിനാറ് റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയാണ് ആദ്യം പുറത്തായത്. ഫെര്‍ണാണ്ടോയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് 73 പന്ത് ചെറുത്ത് 26 റണ്‍സെടുത്ത് ഹര്‍ദിക് പാണ്ഡ്യയ്ക്ക് മികച്ച പിന്തുണ നല്‍കിയ കുല്‍ദീപ് യാദവും 13 പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത മുഹമ്മദ് ഷമിയുമാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here