ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ലങ്ക

0
106

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി ലങ്ക.
ഇന്ത്യയുടെ 487 എന്ന ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി ശ്രീലങ്ക വെറും 135 റണ്‍സിന് പുറത്തായി. നാലുവിക്കറ്റുകള്‍ വീഴ്ത്തിയ ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ലങ്കയെ വേരോടെ പിഴുതെറിഞ്ഞത്. ഫോളോഓണ്‍ ചെയ്യുന്ന ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് പോകാതെ 10 റണ്‍സ് എടുത്തിട്ടുണ്ട്.

സ്‌കോര്‍: ഇന്ത്യ 487, ലങ്ക 135. ഇതോടെ മൂന്നാം ടെസ്റ്റിലും ലങ്ക നാണംകെട്ട തോല്‍വി വഴങ്ങുമെന്ന് ഉറപ്പായി. മറിച്ച് സംഭവിക്കണമെങ്കില്‍ മഴ കളിമുടക്കുകയോ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ അത്ഭുതങ്ങള്‍ കാട്ടുകയോ വേണം.

ലങ്കന്‍ നിരയില്‍ ആര്‍ക്കും അര്‍ദ്ധ ശതകം കടക്കാനായില്ല. 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേശ് ചന്ദിമലാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. അഞ്ച് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. തകര്‍ച്ചയോടെയായിരുന്നു ലങ്കയുടെ തുടക്കം. 23 ല്‍ നില്‍ക്കെ ഓപ്പണര്‍മാര്‍ രണ്ടും തിരിച്ചെത്തി. തരംഗ (5), കരുണരത്‌നെ (4) എന്നിവരെ പുറത്താക്കി ഷമിയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കുശാല്‍ മെന്‍ഡിസ് (18) ഇല്ലാത്ത റണ്ണിനോടി ഔട്ടായത് തിരിച്ചടിയായി.

പിന്നാലെയെത്തിയ മാത്യൂസിനെ റണ്ണെടുക്കും മുന്‍പ് പാണ്ഡ്യ വിക്കറ്റിന് മുന്‍പില്‍ കുരുക്കി. നാലിന് 38 എന്ന നിലയില്‍ തകര്‍ന്ന ആതിഥേയരെ അഞ്ചാം വിക്കറ്റില്‍ 63 റണ്‍സ് ചേര്‍ത്ത ചന്ദിമല്‍ഡിക്ക്വെല്ല സഖ്യമാണ് 100 കടത്തിയത്. എന്നാല്‍ ഡിക്ക് വെല്ല പുറത്തായതോടെ വീണ്ടും കൂട്ടത്തകര്‍ച്ചയാണ് സംഭവിച്ചത്. ശേഷിച്ച അഞ്ച് വിക്കറ്റുകള്‍ 34 റണ്‍സിനിടെ നിലംപൊത്തി. വെറും 37.4 ഓവര്‍ മാത്രമാണ് ലങ്കന്‍ ഇന്നിംഗ്‌സ് നീണ്ടത്.

13 ഓവറില്‍ 40 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. അശ്വിന്‍, ഷമി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തെ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 87 പന്തില്‍ തന്റെ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കിയ പാണ്ഡ്യ 96 പന്തില്‍ 108 റണ്‍സെടുത്ത് പുറത്തായി.

ഏട്ട് ഫോറും ഏഴ് സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു പാണ്ഡ്യയുടെ ഇന്നിംഗ്‌സ്. ആദ്യ ദിനം ഓപ്പണര്‍ ശിഖര്‍ ധവാന്‍ (119), കെഎല്‍ രാഹുല്‍ (85) എന്നിവരും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ തിളങ്ങി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ ലക്ഷന്‍ സന്ദകനാണ് ലങ്കന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here