ഒന്ന് പൊട്ടിക്കരഞ്ഞുകൂടെ യോഗി നിങ്ങൾക്ക് ?

0
1195

പശുക്കൾക്ക് പോലും ആംബുലൻസ് ഏർപ്പെടുത്തി ദേശീയ വികാരം ഉയർത്തിയ യോഗിക്ക് മുന്നിൽ പശുക്കളുടെ വില പോലും ഇല്ലേ ആ പിഞ്ചു മക്കളുടെ വിറങ്ങലിച്ച ശരീരങ്ങൾക്ക്?  ബൈക്കിലും ഓട്ടോയിലുമായി തങ്ങളുടെ ചേതനയറ്റ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചു പോകുന്ന, വിതുമ്പൽ അടക്കാൻ പാടുപെടുന്ന, മാധ്യമ പടയ്ക്ക് മുന്നിൽ പകച്ച് നിൽക്കുന്ന ഒരു കൂട്ടം അമ്മമാർ. അവർക്ക് മാന്യമായി ആ മൃതശരീരങ്ങൾ വീട്ടിൽ എത്തിക്കാനുള്ള ആംബുലൻസ് സൗകര്യം പോലും നൽകാതെ ഇരിക്കുന്ന തരത്തിൽ നിർജീവമാണോ യോഗി സർക്കാർ?

by അനീഷ് ഐക്കുളത്ത്

കുഞ്ഞുങ്ങൾ മരിച്ചത് ഓക്‌സിജൻ ഇല്ലാഞ്ഞിട്ടല്ല… യു.പി സർക്കാരിന്റെ വിശദീകരണം വന്നു കഴിഞ്ഞു. ഒപ്പം അന്വേഷണ കമ്മീഷൻ പ്രഖ്യാപനവും. ഓക്‌സിജൻ ഇല്ലാതെ മരിച്ചത് അല്ലെങ്കിൽ പിന്നെ എങ്ങനെ എന്നതിൽ അപ്പോഴും മിണ്ടാട്ടമില്ല യു.പി സർക്കാരിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും.
സർക്കാർ ന്യായം നിരത്താൻ ഇന്നലെ യുപി മുഖ്യൻ നടത്തിയ പത്രസമ്മേളനം ഒട്ടും ന്യായയുക്തമായി തോന്നിയില്ല. ഓക്‌സിജൻ ക്ഷാമം അല്ലെങ്കിൽ എന്ത് എന്ന ചോദ്യത്തോട് നിസംഗമായ പ്രതികരണം. അവഗണന. തൊട്ടു പിന്നാലെ വന്നു ചില ബിജെപി അനുകൂല ചാനലുകളുടെ കണ്ടുപിടുത്തം. ഗോരക്പൂർ എന്നത് മസ്തിഷ്‌ക മരണങ്ങളുടെ നാടാണത്രേ. ബിഹാറികളും ബംഗളാദേശുകാരും ചികിത്സ തേടുന്ന ഇടം ആയതിനാൽ ആണ് ഗോരക്പൂർ മെഡിക്കൽ കോളേജിൽ മരണനിരക്ക് കൂടുന്നത് എന്നാണ് ന്യായീകരണങ്ങളിൽ ഒന്ന്. അതായത് കണ്ട നാട്ടുകാർ ഞങ്ങളുടെ നാട്ടിൽ വന്ന് മരിക്കുന്നതിൽ ഞങ്ങൾ എന്ത് ചെയ്യും എന്ന് സാരം. എങ്ങനെ ഉണ്ട് ?

യോഗി ആദിത്യനാഥ് അഞ്ച് തവണ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമാണ് ഖൊരക്പൂർ. തെരഞ്ഞെടുപ്പ് സമയത്ത് തന്റെ വികസന പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ ഉറക്കെ വിളിച്ചോതിയതും മസ്തിഷ്‌ക അണുബാധ ചികിത്സയ്ക്ക് ഉത്തർപ്രദേശിലെ പേരുകേട്ട ഈ ആശുപത്രിയുടെ വികസനങ്ങളെക്കുറിച്ചാണ്. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുൽ മത്സരിച്ച അമേത്തിയും ഇതേ യുപിയിലാണ്. ഇവിടെ എവിടെയെങ്കിലുമായിരുന്നു ഈ ദുരന്തം നടന്നതെങ്കിൽ സോണിയയെയും രാഹുലിനെയും കഴുവേറ്റാൻ മത്സരിക്കുമായിരുന്നില്ലേ സംഘികൾ.

എല്ലാം ഭദ്രമെന്ന് യുപി മുഖ്യൻ പറയുകയും ഓക്‌സിജൻ ക്ഷാമത്തെ കുറിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും ആശുപത്രിയിൽ വേണ്ടത്ര ഓക്‌സിജൻ ഉണ്ടെന്ന് പൊതുജന സമക്ഷം ഉറപ്പിച്ചു പറയുകയും ചെയ്ത ശേഷം വന്ന ഒരു പത്രക്കുറിപ്പ് ആ വാദങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടി. ആശുപത്രിക്ക് വേണ്ട ഓക്‌സിജൻ ഇന്ന് പൂർണമായും എത്തുമെന്നാണ് യുപി ആരോഗ്യ വകുപ്പ് വെളിവാക്കിയത്. മുഖ്യന്റെ വാദങ്ങൾ എവിടെപ്പോയി? ഇന്ന് രാവിലെ മുതൽ ദേശീയ മാധ്യമങ്ങൾ ആവർത്തിച്ചു കാട്ടുന്ന മറ്റൊരു വിഷ്വൽ കൂടിയുണ്ട്. ബൈക്കിലും ഓട്ടോയിലുമായി തങ്ങളുടെ ചേതനയറ്റ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചു പോകുന്ന, വിതുമ്പൽ അടക്കാൻ പാടുപെടുന്ന, മാധ്യമ പടയ്ക്ക് മുന്നിൽ പകച്ച് നിൽക്കുന്ന ഒരു കൂട്ടം അമ്മമാർ. അവർക്ക് മാന്യമായി ആ മൃതശരീരങ്ങൾ വീട്ടിൽ എത്തിക്കാനുള്ള ആംബുലൻസ് സൗകര്യം പോലും നൽകാതെ ഇരിക്കുന്ന തരത്തിൽ നിർജീവമാണോ യോഗി സർക്കാർ? പശുക്കൾക്ക് പോലും ആംബുലൻസ് ഏർപ്പെടുത്തി ദേശീയ വികാരം ഉയർത്തിയ യോഗിക്ക് മുന്നിൽ പശുക്കളുടെ വില പോലും ഇല്ലേ ആ പിഞ്ചു മക്കളുടെ വിറങ്ങലിച്ച ശരീരങ്ങൾക്ക്? ദ്രുതഗതിയിലുള്ള ഇടപെടൽ വേണ്ടിടത്ത് അതിന് കഴിയുന്നില്ലെങ്കിൽ ഒന്ന് പൊട്ടിക്കരഞ്ഞു കൂടെ സർ നിങ്ങൾക്ക്? നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി പറഞ്ഞതുപോലെ ‘ഇത് ദുരന്തരമല്ല, കൂട്ടക്കുരുതിയാണ്’.

ചികിൽസ നല്‍കാതെ പല ആശുപത്രികളും മടക്കി അയച്ച് മരണത്തിന് കീഴടങ്ങിയ അന്യസംസ്ഥാനക്കാരനായ മുരുകന്റെ കുടുംബത്തോട് പരസ്യമായി മാപ്പ് പറഞ്ഞ ഒരു മുഖ്യമന്ത്രിയുണ്ട് ഞങ്ങൾക്ക്. ആ നാട്ടിൽനിന്ന് യുപിയെ നോക്കി കാണുമ്പോൾ യോഗിയടക്കമുള്ളവരുടെ ഈ നിസംഗത ഞങ്ങളിൽ പുച്ഛമാണ് വളർത്തുന്നത്… ഇന്നും മരിച്ചു മൂന്നു കുട്ടികൾ… അവരുടെ കുടുംബത്തോട് നിങ്ങൾ എങ്ങനെ മാപ്പ് ചോദിക്കും ഉത്തരപ്രദേശുകാരാ…

LEAVE A REPLY

Please enter your comment!
Please enter your name here