ഒരു ആണും പെണ്ണും കൈപിടിച്ചു നടക്കുന്നതില്‍ ആര്‍ക്കാണ് പരാതി? ബെഹ്‌റ

0
3699

ഒരു ആണും പെണ്ണും കൈപിടിച്ചു നടക്കുന്നതില്‍ ആര്‍ക്കാണ് പരാതി? അവര്‍ക്കില്ലാത്ത പരാതിയും പ്രശ്നങ്ങളും സമൂഹം ഏറ്റെടുക്കേണ്ട കാര്യവുമില്ല…പറയുന്നത് മറ്റാരുമല്ല, നമ്മുടെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ്. ചില കാര്യങ്ങളില്‍ അല്‍പ്പം വിപ്ലവകരമായ തീരുമാനങ്ങള്‍ എടുക്കണം. അത്തരം മൊറാലിറ്റി നമുക്ക് വേണ്ടെന്നും ഇത്തരം മോറല്‍ പൊലീസിങ്ങിന് ഒരു പിന്തുണയും പൊലീസ് കൊടുക്കില്ലെന്നും അദ്ദേഹം പറയുന്നു.

”അമീര്‍ഖാന് മുടിവളര്‍ത്തിയും മൂക്കിന്‍ തുമ്പില്‍ സ്റ്റഡ് ഇട്ടും നടക്കാം. അതുപോലെ നമ്മുടെ നാട്ടില്‍ ഒരു ചെറുപ്പക്കാരന്‍ ചെയ്താല്‍ അതെങ്ങനെ കുറ്റമാകും. നിയമം എല്ലാവര്‍ക്കും ഒരുപോലല്ലേ. ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട് അതാസ്വദിക്കാനുള്ള അവകാശവുമുണ്ട്- ബെഹ്‌റ കൂട്ടിച്ചേര്‍ക്കുന്നു.

പതിനെട്ടു വയസുള്ള ഒരു പെണ്‍കുട്ടി തനിക്ക് തന്റേതായ ഒരു സ്‌പേയ്‌സ് വേണമെന്നാവശ്യപ്പെടുന്ന ഇന്നത്തെ കാലത്ത് അതു കണ്ടില്ലെന്ന് നടിക്കരുത്. അതിനോട് യുദ്ധം ചെയ്തിട്ടും കാര്യമില്ല- ബെഹ്‌റ പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കേരളത്തിലെ പല പഴഞ്ചന്‍ ചിന്താഗതികളെ മാറ്റണം എന്ന ശക്തമായ അഭിപ്രായവുമായി അദ്ദേഹം കടന്നു വന്നിരിക്കുന്നത്.

നൈറ്റ് ക്ലബുകളില്‍ പോയി ഡാന്‍സ് ചെയ്യുന്നതും അല്‍പ്പം മദ്യപിക്കുന്നതും ഒന്നും തെറ്റല്ല. പക്ഷെ, ഇതിന്റെ മറവിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയണം. ലഹരി മരുന്നിന്റെ ഉപയോഗം, വില്‍പ്പന, മദ്യപിച്ചുള്ള ഡ്രൈവിങ്ങ് തുടങ്ങിയ കാര്യങ്ങളില്‍ നിയമങ്ങള്‍ ശക്തമാക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കേരളീയരില്‍ മിക്കവരും സദാചാര പൊലീസാണ്. സമൂഹത്തില്‍ ഈ പ്രവണത കൂടി വരുന്നുണ്ട്. ഇതനുവദിക്കാന്‍ പാടില്ലെന്നും അദ്ദേഹം തീര്‍ത്തു പറയുന്നു.

വസ്ത്രങ്ങളുടെ കാര്യത്തില്‍ ഇത് മാത്രമേ ധരിക്കാന്‍ പാടുള്ളു എന്നു നിര്‍ദ്ദേശം വയ്ക്കാന്‍ പറ്റുമോ? മാന്യത എന്നൊരു അതിര്‍ത്തിയുണ്ട്. അതിനുള്ളില്‍ നില്‍ക്കണം എന്നേയുള്ളു. അല്ലാതെ വസ്ത്രധാരണത്തിന്റെ പേരില്‍ അവരെ അക്രമിക്കുകയല്ല വേണ്ടത്. ഇതുപോലെ തന്നെയാണ് മുടിവളര്‍ത്തുന്നവരുടെ കാര്യം. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. അതിലിടപെടാന്‍ ആര്‍ക്കും അവകാശമില്ല.

കേരളത്തിലുള്ളവര്‍ക്ക് വിനോദത്തിനുള്ള പൊതു ഇടങ്ങള്‍ കുറവാണെന്നും, ഇതുപരിഹരിക്കാന്‍ കൃത്യമായ നിയന്ത്രണങ്ങളോടെ നൈറ്റ് ക്ലബുകള്‍ വരുന്നതിനോട് തെറ്റില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ചിലര്‍ക്ക് ഈ കാഴ്ചപ്പാടിനോട് വിയോജിപ്പ് തോന്നാം. അവരോടു കൂടി ചര്‍ച്ച ചെയ്ത്ഒരു തീരുമാനത്തിലെത്താവുന്നതേയുള്ളു അദ്ദേഹം അഭിപ്രായപ്പെടുന്നു.

ലോകത്തിലെ പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തില്‍ വരുന്നു. അവര്‍ക്ക് വിനോദത്തിനും സന്തോഷത്തിനുമുള്ള അവസരങ്ങള്‍ ഇല്ല എന്നറിയുമ്പോള്‍ പിന്നീട് വരാന്‍ താല്‍പ്പര്യപ്പെടില്ല. അതുബാധിക്കുന്നത് നമ്മുടെ വികസനത്തെയാണെന്നു അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here