കശ്മീരില്‍ സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ചുപേര്‍ മരിച്ചു. ജമ്മു-കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലാണ് മൂന്ന് ഭീകരരും രണ്ട് സൈനികരുമാണ് മരിച്ചത്.
അന്‍വീര മേഖലയിലെ വീടാണ് ഭീകരര്‍ താവളമാക്കിയത്. ഈ വീട് കേന്ദ്രീകരിച്ചു നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഭീകരരെ വധിച്ചത്. സൈന്യം ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചെങ്കിലും മേഖലയില്‍ തിരച്ചില്‍ തുടരുന്നുണ്ട്.
ഇന്നലെ രാത്രി ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും സൈനിക മേധാവി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സെയിന്‍പോര മേഖലയിലെ അന്‍വീര ഗ്രാമത്തില്‍ ഭീകര സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി സൈന്യം മേഖലയില്‍ വിന്യസിച്ചിരുന്നു. ഇതേതുടര്‍ന്ന് ഭീകരര്‍ സൈന്യത്തിനു നേരെ നിറയൊഴിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
വെടിവയ്പ്പില്‍ പരിക്കേറ്റ അഞ്ച് സൈനികരെ ശ്രീനഗര്‍ ബദാമിബാഗിലെ സൈനിക ആശുപ്രത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് രണ്ട് സൈനികരുടെ മരണം സ്ഥിരീകരിച്ചത്. ഇതിനു പുറമെ ദേശ വാസികളായ ഏഴ് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്താകെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ ഏറ്റുമുട്ടല്‍.