ക്ഷേത്രഭൂമി മറിച്ചുവിറ്റു: പൂജാരിക്കെതിരെ കേസ്

0
42


ക്ഷേത്രഭൂമി മറിച്ചു വിറ്റ പൂജാരിക്കും കൂട്ടാളികള്‍ക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ബഹുനിലകെട്ടിടസമുച്ചയം നിര്‍മ്മിക്കാനാണ് ഭൂമി മറിച്ചു വിറ്റത്. റാഞ്ചിയിലെ രാം ജാനകി തപോവന്‍ മന്ദിറിലെ പൂജാരി രാം ശരണ്‍ ദാസിനും ഭൂമി മറിച്ചു വില്‍ക്കാന്‍ കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഭൂമാഫിയക്കുമെതിരെയാണ് സി ബി ഐയുടെ അഴിമതി വിരുദ്ധ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 19 ഏക്കര്‍ ഭൂമിയാണ് രാം ശരണ്‍ ദാസും കൂട്ടാളികളും ചേര്‍ന്ന് മറിച്ചു വിറ്റത്. നഗരത്തിന്റെ പലഭാഗങ്ങളിലായുള്ള ഭൂമിയാണ് ഇവര്‍ മറിച്ചുവിറ്റത്. വിഷയവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച ജാര്‍ഖണ്ഡ് ഹൈക്കോടതി ജൂണ്‍ ഏഴിന് നല്‍കിയ നിര്‍ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

റാഞ്ചി റീജിയണല്‍ ഡെവലപ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 1948 ല്‍ ജാനകി ജീവന്‍ ശരണ്‍ എന്നയാളാണ് ശ്രീ രാം ജാനകി തപോവന്‍ മന്ദിര്‍ എന്ന ട്രസ്റ്റ് സ്ഥാപിച്ചത്. വസ്തുവകകള്‍ നോക്കിനടത്തുക എന്ന അധികാരം മാത്രമേ ട്രസ്റ്റിനുള്ളു. ഇക്കാര്യം രേഖകളില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

വില്‍പനയിലൂടെയോ കൈമാറ്റത്തിലൂടെയോ ഭൂമി മറ്റാര്‍ക്കെങ്കിലും നല്‍കാനോ കെട്ടിടങ്ങള്‍ നിര്‍മിക്കാനോ ട്രസ്റ്റിന് അനുവാദമില്ല. ഓഗസ്റ്റ് പത്തിനാണ് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. എഫ് ഐ ആര്‍ പ്രകാരം രാം ശരണ്‍ദാസ് ട്രസ്റ്റിന്റെ ആധാരത്തില്‍ തന്നെ തിരുത്തല്‍ വരുത്തിയിട്ടുണ്ട്. 2005 ലായിരുന്നു ഇത്. യാഥാര്‍ഥ സ്ഥാപകനെ മാറ്റുകയും ആ സ്ഥാനത്ത് രാം ശരണ്‍ ദാസ് സ്വന്തം പേര് ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ട്രസ്റ്റിന്റെ പേരിലുള്ള ഭൂമി കൈമാറ്റം ചെയ്യാനും വില്‍ക്കാനുമുള്ള വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് നിര്‍മാണത്തിനുള്ള അനുമതി കൈക്കാലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here