ഗോരഖ്പൂര്‍: ഇനി കുഞ്ഞുങ്ങള്‍ മരിച്ചുവീഴാന്‍ അനുവദിക്കില്ലെന്ന് യോഗി

0
78

ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച ഗോരഖ്പുരി ആശുപത്രി സന്ദര്‍ശനത്തിനായി എത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കുട്ടികള്‍ മരിച്ചുവീണത് നേരില്‍ കണ്ട ആളാണ് താന്‍ എന്നും അതിനാല്‍ കുഞ്ഞുങ്ങള്‍ മരിച്ചുവീഴാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. ഓക്‌സിജന്‍ കിട്ടാതെ 70 ഓളം കുട്ടികള്‍ മരിച്ച ആശുപത്രി സന്ദര്‍ശിച്ചശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ആദിത്യനാഥ് ഇത് പറഞ്ഞത്. അദ്ദേഹത്തിന്റെ കൂടെ ആരോഗ്യമന്ത്രി ജെപി നഡ്ഡയും ആശുപത്രി സന്ദര്‍ശനം നടത്തിയിരുന്നു.

എന്നാല്‍ മാധ്യമക്കാര്‍ ആശുപത്രിക്കുള്ളില്‍ വരാതെ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ യാഥാര്‍ത്ഥ്യമല്ലെന്നും, മാധ്യമക്കാര്‍ നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് യോആദിത്യനാഥ് പറഞ്ഞു. അതിനാല്‍ മാധ്യമപ്രവര്‍ത്തകരെ തടയരുതെന്നും ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കുഞ്ഞുങ്ങളുടെ കൂട്ടമരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ റിപ്പോര്‍ട്ട് കിട്ടുന്നതുവരെ എല്ലാവരും കാത്തിരിക്കാന്‍ തയ്യാറാകണമെന്നും, ആശുപത്രി അധികൃതരുടെ വീഴ്ച കൊണ്ടുണ്ടാകുന്ന മരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതിനാല്‍ കൂട്ടമരണം തടയാന്‍ കേന്ദ്രം എല്ലാ പിന്തുണയും നല്‍കുമെന്ന് ആശുപത്രി സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അറിയിച്ചു. ഇതിനായി പ്രത്യേക സംഘത്തിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. ജനരോക്ഷം ഭയന്ന് വന്‍ പോലീസ് സന്നാഹത്തെയാണ് ആശുപത്രിയിലും വിന്യസിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ആശുപത്രിയുടെ ചുമതല രാജ്കിയ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ സിംഗിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here