പാകിസ്താനില്‍ സൈനിക വാഹനത്തിലുണ്ടായ സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. ക്വെറ്റയില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. ആക്രമണത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സൈനിക വാഹനം ക്വെറ്റയിലെ പിഷിന്‍ സ്റ്റോപ്പ് ഭാഗത്തുകൂടി കടന്നുപോകുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തേത്തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു.
തീവ്രവാദി ആക്രമണമാണ് ഇതെന്നും മരിച്ചവരില്‍ എട്ടുപേരും പരിക്കേറ്റവരില്‍ 10 പേരും സൈനികരാണെന്നും സൈന്യത്തിന്റെ മാധ്യമ വിഭാഗം അറിയിച്ചു. മരിച്ചവരില്‍ സൈനികരും നാട്ടുകാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബലൂചിസ്താന്‍ ആഭ്യന്തരമന്ത്രി സര്‍ഫറാസ് ബുഗ്തി പറഞ്ഞു.
പരിക്കേറ്റവര്‍ ക്വെറ്റയിലെ ആസ്പത്രികളില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തേത്തുടര്‍ന്ന് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.