പ്രതിരോധ വകുപ്പിൽ സ്വകാര്യവൽക്കരണം: ആഗോള ടെണ്ടറിൽ നിന്നും എച്ച്എംടിയെ തഴഞ്ഞു

0
87

കൊച്ചി: കേന്ദ്ര സർക്കാർ പ്രധിരോധ വകുപ്പിലും നടപ്പാക്കുന്ന സ്വകാര്യ വൽക്കരണ നയത്തിന്റെ ഫലമായി  ആഗോള ടെണ്ടറിൽ നിന്നും പൊതുമേഖലാ സ്ഥാപനമായ എച്ച്എംടി യെ തഴഞ്ഞു. തന്ത്രപ്രധാനമായ പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള രാജ്യത്തെ വിവിധ ആയുധ നിർമ്മാണ ശാലകൾക്കാവശ്യമുള്ള  മെഷീൻ ടൂൾസുകളുടെ ആഗോള ടെണ്ടറിൽ എച്ച് എംടിയെ പങ്കെടുപ്പിക്കാതിരിക്കാൻ ആസൂത്രിതമായ നീക്കമാണ് ഉന്നതതലത്തിൽ നടക്കുന്നത്. നിലവിലുണ്ടായിരുന്ന നിബന്ധനകൾ പരിഷ്‌കരിച്ചാണ് കുത്തകൾക്കായി പ്രതിരോധ വകുപ്പിൽ ഇടപെടാനുള്ള അവസരം കേന്ദ്ര സർക്കാർ ഒരുക്കുന്നത്. 4 കോടി 10  ലക്ഷം വിലയുള്ള  ആധുനിക കമ്പ്യൂട്ടർ അധിഷ്ഠിത ലൈത് (സി എൻ സി മെഷീൻ), മെഷിൻ വാങ്ങുന്നതിനായി വിളിച്ച ആഗോള ടെണ്ടറിലാണ് ഇതുവരെ ഇല്ലാതിരുന്ന പുതിയ നിബന്ധന കടന്നുകൂടിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ മെയ്ക്ക്  ഇൻ ഇന്ത്യ പദ്ധതിയുടെ മറവിൽ ഉൾക്കൊള്ളിച്ച നീക്കത്തെ തുടന്ന് ഓ ഇ എം (ഒറിജിനലി എക്വിപ്പ്ഡ് മാനുഫാക്റ്ററർ) ആയിട്ടുള്ളവർക്ക് പകരം പ്രശസ്തമല്ലാത്ത കമ്പനികളോ (നോൺ എസ്റ്റാബ്ലിഷ്ഡ്  കമ്പനി) അല്ലെങ്കിൽ സ്വകാര്യ കരാറുകാരോ (മറ്റു സോഴ്‌സുകൾ)  ആയവർക്ക് മാത്രമേ ടെണ്ടറിൽ പങ്കെടുക്കാൻ പാടുളളുവെന്ന നിബന്ധനയാണ് പ്രതിരോധ വകുപ്പിന്റെ ആഗോള ടെണ്ടറിൽ ചേർത്തിട്ടുള്ളത്. നിലവിലുണ്ടായിരുന്ന നിബന്ധനകൾ അനുസരിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചാൽ എച്ച്എംടിക്കായിരിക്കും ലഭിക്കുക. അതൊഴിവാക്കാനാണ് തന്ത്രപൂർവ്വം നിബന്ധനകൾ പരിഷ്‌കരിച്ചിട്ടുള്ളതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. 2016ൽ ഇത്തരത്തിലുള്ള മെഷിൻ  വാങ്ങുന്നതിന് ആഗോള ടെണ്ടർ വിളിച്ചപ്പോൾ എച്എംടിക്ക് എതിരാളികൾ ഉണ്ടായിരുന്നില്ല. ഇത് മനസിലാക്കിയാണ് മെയ്ക്ക് ഇൻ ഇന്ത്യയുടെ പേരിൽ പ്രതിരോധ മേഖലയിൽ യാതൊരു ഉത്തരവാദിത്വവും സുരക്ഷിതത്വവും ഉണ്ടാകാനിടയിലാത്ത സ്ഥാപനങ്ങൾക്ക് കരാർ ഉറപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. 1995 മുതൽ 2008  വരെയുള്ള കാലയളവിൽ വൻകിട മിസൈൽ നിർമ്മിക്കുന്നതിനാവശ്യമുള്ള എട്ട് ഷെൽ ടേൺ എച്ച് എം ടി യാണ് നിർമ്മിച്ച് നൽകിയിട്ടുള്ളത്. ഇപ്പോൾ 24  കോടി രൂപയുടെ 27  സിഎൻസി മെഷീനുകളുടെ പദ്ധതിയിൽ കരാർ കാലാവധിക്കുമുന്നെ നിർമ്മാണം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലുമാണ്. ഇതുകൂടാതെ പ്രതിരോധ വകുപ്പിന് കീഴിലുള്ള ഓർഡിനൻസ് കമ്പനികൾക്കാവശ്യമുള്ള കോടിക്കണക്കിന് രൂപയുടെ ആധുനിക മെഷിൻ ടൂളുകൾ കളമശേരിയിലെ എച്ച്എംടി  യൂണിറ്റാണ് നിർമ്മിച്ച് നൽകിയിട്ടുള്ളത്. തമിഴ്നാട്ടിലെ  ഹാപ്പ് (എച് എ പി പി)  പദ്ധതി  രാജ്യത്തിനുവേണ്ടി യാഥാർഥ്യമാക്കിയതും  എച്ച് എം ടിയാണ്. ഇത്തരത്തിൽ ആയുധ നിർമാണ ശാലകളുടെ ഏറ്റവും വിശ്വസ്ത സ്ഥാപനവും പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുമായ എച്ച് എംടിയെ  ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഗുണമേന്മയും കൃത്യതയും ഉല്പാദന വേഗതയും എച്ച്എംടി കമ്പനിയുടെ  മെഷിനുകൾക്കാണ് ലഭ്യമാകുന്നത്. നിലവിൽ 4  മെഷിനുകൾക്കാണ്  ഓർഡർ നൽകുന്നതെങ്കിലും  57 .4  കോടിയുടെ വിലയുള്ള 14  സഎൻസി മെഷിനുകൾ  പ്രതിരോധ വകുപ്പിന്  ആവശ്യമായിട്ടുണ്ടെന്നാണ് പറയുന്നത്. നിലവിൽ അടുത്ത മാസം പകുതിയോടെ  പൂർത്തിയാകുന്ന  ആഗോള ടെണ്ടറിൽ പങ്കെടുക്കാൻ എച്ച്എംടിക്ക് അവസരം നഷ്ടമായാൽ പിന്നീട് പ്രതിരോധ വകുപ്പിന്റെ ഓർഡറുകൾ ഇല്ലാതാവുന്ന അവസ്ഥയാകും സംജാതജ്ജമാവുക. കൊച്ചി കപ്പൽ ശാലയ്ക്ക്  ആധുനിക കപ്പൽ നിർമ്മാണത്തിനുള്ള ടെണ്ടറിൽ പങ്കെടുക്കാൻ അവസരം നിഷേധിച്ചതുപോലുള്ള നീക്കമാണിപ്പോഴും നടക്കുന്നത്. ആയുധ നിർമാണത്തിലെ സ്വകാര്യ വത്കരണത്തിനെതിരെയും പുറം കരാറിനെതിരെയും  കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആയുധ നിർമ്മാണശാലകളിലെ  ജീവനക്കാർ പാർലമെന്റ് മാർച്ച് നടത്തിയത്. പൊതുമേഖലാ സ്ഥാപങ്ങൾ സ്വകാര്യ വത്കരിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ രാജ്യത്തിന്റെ സുരക്ഷയെപോലും ബാധിക്കുന്ന വിഷയത്തിലും കേന്ദ്ര സർക്കാർ കാണിക്കുന്ന അലംഭാവം  ഗൗരവമായി കാണേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here