തമിഴ്നാട് സ്വദേശി മരുകന് മരിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലായെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവില്ലായെന്ന കാരണത്താലാണ് മുരുകന്റെ ചികിത്സ നിഷേധിച്ചിരുന്നത്. എന്നാല്‍ ആ സമയത്ത് വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നു എന്ന് വിശദമാക്കുന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡറക്ടര്‍ക്ക് കൈമാറി.
ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ജോബി ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയാണ്. മുരുകനെ ആശുപത്രിയിലെത്തിച്ചതുമുതലുള്ള സംഭവങ്ങള്‍ പരിശോധിക്കാനാണ് ആഭ്യന്തര അന്വേഷണം നടത്തിയത്. ഈ സമിതിയുടെ റിപ്പോര്‍ട്ടിലാണ് വിഷയത്തില്‍ മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മുരുകന് ചികിത്സ നിഷേധിക്കുന്ന സംഭവം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുരുകനെ എത്തിച്ചസമയത്ത് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒന്നുംതന്നെ ഒഴിവില്ലായിരുന്നുഎന്ന് പറയുന്ന റിപ്പോര്‍ട്ടിനൊപ്പം ആ സമയത്ത് വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന മുഴുവന്‍ രോഗികളുടെയും വിശദാംശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. മുരുകനെ കൊണ്ടുവന്ന സമയത്ത് അടിയന്തര ശസ്ത്രക്രിയ നടത്തിയ രണ്ടുരോഗികള്ക്കായി കരുതിയ വെന്റിലേറ്ററുകള്‍ മാത്രമാണ് ഒഴിവുണ്ടായിരുന്നത്. ഇത് ശസ്ത്രക്രിയ ചെയ്ത രോഗികള്‍ക്ക് ഉണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനായാണ് മാറ്റിവെച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം അത്യാഹിത വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടര്‍ ആ സമയത്ത് ആംബുലന്‍സിലെത്തി മുരുകനെ പരിശോധിച്ചിരുന്നു. ആശുപത്രിയിവല് അഡ്മിറ്റ് ചെയ്താല്‍ വെന്റിലേറ്ററിന് പകരം ഉപയോഗിക്കുന്ന ആംബുബാഗ് സംവിധാനം ഒരുക്കാമെന്ന് ഡോക്ടര്‍ മുരുകനെ കൊണ്ടുവന്നവരോട് അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ മറുപടിയൊന്നും നല്‍കാത്തതിനെ തുടര്‍ന്നാണ് തുടര്‍ നടപടികള്‍ തങ്ങള്‍ സ്വീകരിക്കാതിരുന്നതെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.