ഫീസ് ഘടനയില്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ കുട്ടികളുടെ മേല്‍ കടുത്ത ഫീസ് അടിച്ചേല്പിച്ചതിനു പിന്നില്‍ സര്‍ക്കാരും മാനേജ്മെന്റും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന് രമേശ് ചെന്നിത്തല. മെഡിക്കല്‍ കോളേജുകളിലെ 35% സീറ്റുകളില്‍ കോടതി നിര്‍ദ്ദേശിച്ച 5 ലക്ഷം രൂപ ഫീസിന് പുറമെ 11 ലക്ഷത്തിന്റെ പലിശ രഹിത ഡെപ്പോസിറ്റും അരക്കോടിയുടെ ബാങ്ക് ഗ്യാരണ്ടിയും വേണമെന്നാണ് മ്മീഷണറുടെ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവ് വിചിത്രമാണെന്ന് അദ്ദേഹം ആരോപിച്ചു.
കുട്ടികള്‍ കോളേജുകളില്‍ അഡ്മിഷന് നേടാന്‍ തുടങ്ങുന്ന ഈ അവസരത്തില്‍ ഇത്തരം കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത് അവരെ ചതിക്കുന്നതിന് തുല്യമാണെന്നും ഇത് നീചമായ പ്രവര്‍ത്തിയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ അഡിമിഷനുവേണ്ടി കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും പതിന്മടങ്ങ് പണം കൈക്കലാക്കാന്‍ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അരക്കോടി രൂപ ബാങ്ക് ഗ്യാരണ്ടിയും 11 ലക്ഷം രൂപയുടെ ഡെപ്പോസിറ്റിം 5 ലക്ഷം രൂപ ഫീസും ഒന്നിച്ച് സ്വരൂപിക്കാനാവാതെ കുട്ടികള്‍ പിന്മാറുമ്പോള് ആ സീറ്റുകള്‍ മാനേജ്മെന്റുകള്‍ക്ക് കൈക്കലാക്കാനും ലേലം വിളിച്ച് വില്‍ക്കാനും കഴിയുമെന്നും പ്രതിപക്ഷ നേതാവ് വാദിച്ചു.
രാജേന്ദ്ര ബാബു കമ്മിറ്റി ഏകീകൃത ഫീസ് നിശ്ചയിച്ചതിന് ശേഷം സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയിന്മേല് ചില മനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയത് തന്നെ ഇത്തരമൊരു കൊള്ളയക്ക് വഴി ഒരുക്കാനായിരുന്നു. ഇതിന് പിന്നിലെ ഗൂഢാലോചന ഇതോടെ പുറത്ത് വന്നിരിക്കുകയാണ്.
ഏകീകൃത ഫീസ് അംഗീകരിച്ച കോളേജുകളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. അവിടെ 85% സീറ്റിലും 5 ലക്ഷം രൂപയെന്ന ഏകീകൃത ഫീസാണെങ്കിലും അതിലും സര്‍ക്കാര്‍ സീറ്റെന്നും മാനേജ്മെന്റ് സീറ്റെന്നും വേര്‍തിരിവ് നിലനിര്‍ത്തിയിരിക്കുകയാണ്. അതില്‍ ഏതില്‍ ഓപ്ഷന് കൊടുക്കണമെന്ന ആശയക്കുഴപ്പം നിലനില്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.