വീട്ടുജോലിയ്ക്കായി എത്തിയ മലയാളി യുവതി വീട്ടുതടങ്കലിലെന്നു പരാതി

0
88

വീട്ടുജോലിയ്ക്കായി സൗദി അറേബ്യയില്‍ എത്തിയ മലയാളി യുവതി വീട്ടുതടങ്കലിലെന്നു പരാതി. ഇടുക്കി ജില്ലയില്‍ കട്ടപ്പന വില്ലേജില്‍ നരിയംപാറ കരയില്‍ പട്ടരുകണ്ടത്തില്‍ മാത്യു വര്‍ഗ്ഗീസ്സിന്റെ ഭാര്യ ജെസ്സി മാത്യു കഴിഞ്ഞ മൂന്നു മാസമായി വീട്ടുതടങ്കലിലാണെന്നാണു ഭര്‍ത്താവ് പരാതി നല്‍കിയിരിക്കുന്നത്.

2016 ഓഗസ്റ്റ് 21 ന് കട്ടപ്പന ഐ. എച്ച്. ആര്‍.ഡി കോളജിനു സമീപം പ്രവര്‍ത്തിക്കുന്ന റൈറ്റ് വേ ജോബ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന സിന്ധു എന്ന ഏജന്റ് മുഖേനയാണ് പ്രതിമാസം 25000 രൂപ ശമ്പളം ഉണ്ടെന്ന് പ്രലോഭിപ്പിച്ച് സൗദിയിലെ റിയാദിലേയ്ക്ക് ജെസ്സിയെ കയറ്റി അയച്ചത്.

തൊടുപുഴ വണ്ണപ്പുറം സ്വദേശി ഷാജഹാന്‍, ഇയാളുടെ സഹോദരി മാജിദ, മലപ്പുറം സ്വദേശി ഷിഹാബ് എന്നിവരാണ് ഭാര്യയെയും ഒപ്പമെത്തിയവരെയും ഇന്റര്‍വ്യൂ നടത്തിയത്. സൗദിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന മലയാളികളുടെ വീട്ടില്‍ പ്രായമായ മാതാവിനെ പരിചരിക്കുകയെന്നാണ് ജോലി എന്നാണ് പറഞ്ഞിരുന്നത്. അവിടെയെത്തിയപ്പോള്‍ ജോലി ലഭിച്ചത് അറബികളുടെ വീട്ടിലാണ്.

ദിവസേന ഇവര്‍ ശാരീരികമായി ഉപദ്രവിക്കുകയാണ് എന്നാണ് ഭാര്യ ഫോണ്‍ ചെയ്ത് അറിയിച്ചത്. ഇതിനെ തുടര്‍ന്ന് കേന്ദ്ര പ്രവാസി കാര്യമന്ത്രി സുഷമാ സ്വരാജ്, അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി, ഇടുക്കി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, കട്ടപ്പന ഡി.വൈ.എസ്.പി എന്നിവര്‍ക്ക് ഇത് ഒരു മനുഷ്യക്കടത്ത് ആണോ എന്ന് സംശയമുണ്ടെന്നും എത്രയും പെട്ടെന്ന് ഭാര്യയെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും അറിയിച്ച് പരാതി നല്‍കിയിരുന്നു.

എന്നാല്‍ നാളിതുവരെ ഈ പരാതികള്‍ക്കൊന്നും നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ ജൂണ്‍ മാസം ആദ്യം ഫോണ്‍ ചെയ്ത ഭാര്യ അറബികളുടെ മര്‍ദ്ദനം മൂലം കാലുകള്‍ രണ്ടും നീരുവന്ന അവസ്ഥയിലും തലയ്ക്ക് പിന്നില്‍ അടി കിട്ടിയിട്ട് മൂക്കിലും വായിലും കൂടി രക്തം വന്ന് ഒരാഴ്ചയായി കിടപ്പിലാണെന്നും അറിയിച്ചിരുന്നു. ഇതിനോടൊപ്പം എത്രയും വേഗം തന്നെ ഇവിടെനിന്നും രക്ഷിച്ചില്ലെങ്കില്‍ ഈ അറബികള്‍ തന്നെ കൊല്ലുമെന്നും പറഞ്ഞിരുന്നു.

വീണ്ടും കട്ടപ്പന ഡി.വൈ.എസ്.പി ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിനുശേഷം മുന്‍പ് വിളിച്ചിരുന്ന 00966530214817, 000541286105 242482651834, 00966541917901 എന്നീ നമ്പരുകളില്‍ പല പ്രാവശ്യം വിളിച്ചുനോക്കിയെങ്കിലും കിട്ടിയിരുന്നില്ലെന്നും ഭര്‍ത്താവ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here