15 പേരെ കൊന്ന കൊമ്പനെ വെടിവെച്ചുകൊന്നു

0
84

നാടിനെ വിറപ്പിച്ചു പതിനഞ്ച് മനുഷ്യരുടെ ജീവനെടുത്ത കൊലയാളി കൊമ്പനെ വെടിവച്ചു വീഴ്ത്തി. ജാര്‍ഖണ്ഡിലെ സാഹോബ്ഗഞ്ച് മേഖലയിലാണ് സംഭവം. പ്രശസ്ത ഷൂട്ടര്‍ നവാബ് ഷാഫത്ത് അലി ഖാനാണ് ആനയെ വെടിവച്ചു കൊന്നത്. അധികാരികളുടെ ഉത്തരവിന്മേലാണ് ആനയെ വെടിവെച്ചത്.

ബിഹാര്‍ അതിര്‍ത്തി കടന്നെത്തിയ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ പതിനൊന്നു പേര്‍ ജാര്‍ഖണ്ഡ് സ്വദേശികളാണ്. നാലുപേര്‍ ബിഹാറില്‍നിന്നുള്ളവരും. കൂട്ടം തെറ്റിയ ആനയ്ക്ക് കാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. പഹാരിയ ഗോത്രവിഭാഗങ്ങള്‍ ജീവിക്കുന്ന മേഖലയിലായിരുന്നു ആനയുടെ വിളയാട്ടം.

ആനയെ പിടികൂടാനും കാട്ടിലലേക്ക് തിരിച്ചയക്കാനും ശ്രമിച്ചെങ്കിലും ഫലം കാണാത്തതു കൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചതെന്ന് ജാര്‍ഖണ്ഡ് ചീഫ് ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ എല്‍ ആര്‍ സിങ് അറിയിച്ചു.

കാട്ടിനുള്ളില്‍നിന്ന് ആനയെ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെന്നും ഷാഫത്ത് അലി ഖാന്‍ പറഞ്ഞു. ഗവണ്‍മെന്റിന്റെ നിര്‍ദേശാനുസരണം 24 തവണ വന്യമൃഗങ്ങളെ ഇദ്ദേഹം വെടിവച്ചു വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഈ ആനയുടെ പ്രതികരണം തന്നെ അമ്പരപ്പിക്കുന്നതായിരുന്നെന്നും ഷാഫത്ത് അലി ഖാന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here