89 വോട്ടിന്റെ തോല്‍വിയുടെ ആഘാതം തോല്‍വിയുമായി ബന്ധപ്പെട്ട് നല്‍കിയ കേസിലും; കെ.സുരേന്ദ്രന്‍ ഊരാക്കുടുക്കിലോ?

0
159


തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പിലെ 89 വോട്ടിന്റെ തോല്‍വിയുടെ ആഘാതം തോല്‍വിയുമായി ബന്ധപ്പെട്ട് നല്‍കിയ കേസിലും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വേട്ടയാടുന്നു. 89 വോട്ടു കള്ളവോട്ട് എന്ന നിലയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സുരേന്ദ്രന് ഈ ഹര്‍ജി ഇപ്പോള്‍ തിരിച്ചടിയായി മാറിയിരിക്കുന്നു.

ആരൊക്കെ കള്ളവോട്ട് ചെയ്തു എന്ന് സുരേന്ദ്രന് തെളിയിക്കാന്‍ കഴിയുന്നില്ല. പരേതര്‍ എന്ന് പറഞ്ഞു നല്‍കിയ ലിസ്റ്റിലെ പല ‘;പരേതരും’ കോടതിയില്‍ ഹാജരായതും, പലരും സമന്‍സ് കൈപ്പറ്റാത്തതും ആണ് സുരേന്ദ്രന് വിനയായത്. 75 ഓളം പേര്‍ സമന്‍സ് കൈപ്പറ്റിയില്ല.

അയച്ച സമന്‍സുകള്‍ കൈപ്പറ്റാത്തതിനെ തുടര്‍ന്ന്‍ മടങ്ങിയപ്പോള്‍ ഹൈക്കോടതി വിപരീത പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. വെറുതെ കോടതിയുടെ സമയം നഷ്ടമാക്കാനുള്ള ഹര്‍ജി എന്ന രീതിയിലാണ് ഹൈക്കോടതി തന്നെ കണ്ടത്. ആ രീതിയിലുള്ള പരാമര്‍ശങ്ങള്‍ ആണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വന്നത്.

സുരേന്ദ്രന്‍ കോടതിയില്‍ നല്‍കിയ ലിസ്റ്റില്‍ നാല്പതോളം പേര്‍ ഗള്‍ഫില്‍ എന്നാണു സൂചന. അവരാരും സമന്‍സ് കൈപ്പറ്റിയില്ല. സമന്‍സ് കൈപ്പറ്റിയവര്‍ ചിലര്‍ നേരിട്ട് ഹാജരാകുകയും ചെയ്തു. ഗള്‍ഫില്‍ ഉള്ളവരെ കൊണ്ടുവരണമെങ്കില്‍ വിമാനയാത്രക്കൂലി പരാതി നല്‍കിയ കെ.സുരേന്ദ്രന്‍ വഹിക്കേണ്ടി വരും. അതിനു പാര്‍ട്ടിയുടെ അനുമതിയും ധനസഹായവും വേണ്ടിയും വരും. അത്ര കടുത്ത നീക്കങ്ങള്‍ക്ക്‌ ബിജെപി തുനിയുമോ എന്നാണു സംശയം ഉയരുന്നത്.

കേസിന്റെ പോക്ക് കണ്ടപ്പോള്‍ ബിജെപി നേതൃത്വത്തിനും പന്തികേട് മണക്കുന്നുണ്ട് എന്നാണ് സൂചന. മുന്‍പ് കേസിന് നല്‍കിയ ഗൌരവം ഇപ്പോള്‍ സംസ്ഥാന നേതൃത്വവും നല്‍കുന്നില്ല. രണ്ടാമത് എംഎല്‍എ മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നം എന്ന രീതിയില്‍ എതിരാളികളും കണ്ടു തുടങ്ങിയിരിക്കുന്നു.

ഇനി കേസ് ഹൈക്കോടതി എടുക്കുന്നത് ഈ മാസം 22 നാണ്. പലരും സമന്‍സ് കൈപ്പറ്റുന്നില്ല. ചിലര്‍ ആ വിലാസത്തില്‍ ഇല്ല. മറ്റുള്ളവര്‍ ഗള്‍ഫിലും ആണെന്ന് പറയുന്നു. അതുകൊണ്ട് തന്നെ വരുന്ന 22 നു ഹൈക്കോടതി ഈ കേസില്‍ ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ നടത്തും എന്നാണു കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here