തൃശൂർ: കുമ്മനത്തിന്റെ ഓഫിസ് അഴിമതിയുടെ കേന്ദ്രമെന്നു വി. മുരളിധരന്. ബിജെപി ജില്ലാ പ്രസിഡന്റുമാരുടെയും ഭാരവാഹികളുടെയും യോഗത്തിലാണ് കുമ്മനത്തിനെതിരേയുള്ള മുരളിധരന്റെ തുറന്നടിക്കല്‍.
അഴിമതി സംബന്ധിച്ച് ആറുമാസം മുന്‍പ് പരാതി നല്‍കിയിരുന്നതാണെന്നും മുരളീധരൻ പറഞ്ഞു.മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ത്തിയതിനു പിന്നില്‍ കൂടുതല്‍ നേതാക്കളുണ്ടെന്ന് ഔദ്യോഗികപക്ഷവും നിലപാടെടുത്തു. സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഈ പ്രശ്നത്തില്‍ പൊട്ടിത്തെറി തന്നെ നടന്നു.
ഒരു പക്ഷവും വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. അതുകൊണ്ടും കാര്യമുണ്ടായില്ല. കാരണം റിപ്പോര്‍ട്ട് ചോര്‍ത്തല്‍ പ്രശ്നത്തില്‍ ബലിയാടായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് പുറത്ത് തന്നെ നില്ക്കുന്നു. കോഴ റിപ്പോര്‍ട്ട് ചോര്‍ത്തി എന്നാരോപിച്ച് തന്റെ പക്ഷക്കാരനായ വി.വി.രാജേഷിനെ ഒറ്റയടിക്ക് സ്ഥാനമാനങ്ങളില്‍ നിന്നും പുറത്താക്കിയതാണ് വി.മുരളിധരനെ കുപിതനാക്കുന്നത്.
രാജേഷിനെതിരെ പാര്‍ട്ടി ഒറ്റക്കെട്ടായി നടപടിയെടുക്കുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കേണ്ടത് വി.മുരളിധരന് രാഷ്ട്രീയമായി കനത്ത തിരിച്ചടിയായി. കട്ടവര്‍ നില്ക്കുമ്പോള് കട്ടത് പുറത്ത് പറഞ്ഞതിന്റെ പേരില്‍ നടപടിയെടുത്തതാണ് വി.മുരളിധരന് പക്ഷത്തെ അലട്ടുന്നത്.
കോടികളുടെ കോഴ-അഴിമതി ആരോപണങ്ങളില്‍ ഒട്ടനവധി പേര് കുടുങ്ങേണ്ടതുണ്ടെന്നു വി.മുരളിധരന് പക്ഷത്തെ പലരും കരുതുന്നുണ്ട്. കോഴയുടെ ഉറവിടം കുമ്മനത്തിന്റെ ഓഫിസ് എന്നും ഇവര്‍ ആക്ഷേപിക്കുന്നു. ഇതുവരെ പതുക്കെ പറഞ്ഞതാണ് വി.മുരളിധരന് ഇപ്പോള്‍ ഉറക്കെ പറയുന്നത്.
രാജേഷിന്റെ മേല്‍ പതിച്ച സംഘടനാ നടപടികള്‍ ആണ് വി.മുരളിധരന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍. പക്ഷെ കോഴ വിവരങ്ങള്‍ അത് വസ്തുതയായി നിലനില്ക്കുന്നു. ഹവാല ഇടപാടുകള്‍ വേറെയും. ഗൌരവമുള്ള കാര്യങ്ങള്‍ പലതും കിടക്കുന്നു. ഇനി ഇത് മൂടിവേച്ചിട്ട് കാര്യമില്ലാ എന്ന തോന്നല്‍ വി.മുരളിധര പക്ഷം കരുതുന്നതായി സൂചനകള്‍ പുറത്ത് വന്നിരുന്നു. ഇതാണ് കുമ്മനത്തിന്റെ ഓഫിസ് അഴിമതിയുടെ കേന്ദ്രമെന്നുള്ള തുറന്നടിക്കലിന് പിന്നില്‍.