കേരളം നൂറു ശതമാനം ഓണ്‍ലൈനാകുന്ന ആദ്യ സംസ്ഥാനം

0
282

കേരളം നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലില്‍

കൊച്ചി: നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലിലൂടെ നൂറു ശതമാനം ഓണ്‍ലൈന്‍ ഇലക്ടറല്‍ റോള്‍ പദവി കൈവരിക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിന്. സംസ്ഥാന സംസ്ഥാന ഇലക്ടറല്‍ റോള്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ നിന്നും ഇ.ആര്‍.ഒ നെറ്റിലൂടെയാണ് ദേശീയതലത്തിലുള്ള നാഷണല്‍ വോട്ടേഴ്‌സ് സര്‍വ്വീസ് പോര്‍ട്ടലിലേക്കുള്ള കേരളത്തിന്റെ സമ്പൂര്‍ണമാറ്റം. എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടര്‍ പട്ടിക സംബന്ധിച്ച വിവരങ്ങള്‍ ഒരു കുടക്കീഴിലാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച ഇസിഐ – നെറ്റിന്റെ പുതിയ സോഫ്റ്റ് വെയര്‍ സംവിധാനമാണ് ഇആര്‍ഒ.നെറ്റ്.
കേരളത്തിലെ ഇ.ആര്‍.ഒ നെറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് സക്‌സേന നിര്‍വഹിച്ചു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ. മാജി, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും കളക്ടറുമായ മുഹമ്മദ് വൈ സഫിറുല്ല, തഹസില്‍ദാര്‍ എന്‍.ആര്‍ വൃന്ദാദേവി എന്നിവര്‍ പങ്കെടുത്തു.
നിലവില്‍ എല്ലാ സംസ്ഥാനങ്ങളും സ്വന്തം നിലയ്ക്കുള്ള ഇലക്ടറല്‍ റോള്‍ മാനേജ്‌മെന്റ് സിസ്റ്റം ഉപയോഗിച്ചാണ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കല്‍, തിരുത്തലുകള്‍, നീക്കം ചെയ്യല്‍ തുടങ്ങിയവ നിര്‍വഹിച്ചിരുന്നത്. ഇതെല്ലാം ഒറ്റ സോഫ്റ്റ് വെയറിലേക്ക് കൊണ്ടുവരുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലിന് രൂപം നല്‍കിയത്. ഇങ്ങനെ ലഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ പ്രൊസസ് ചെയ്ത് തീരുമാനമെടുക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ സംവിധാനമാണ് ഇആര്‍ഒ -നെറ്റ്.
എല്ലാ സംസ്ഥാനങ്ങളും ഒരേ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതു മൂലം തിരഞ്ഞെടുപ്പ് കമ്മിഷന് എല്ലാ വിവരങ്ങളും യഥാസമയം ലഭിക്കും. അവ നിരീക്ഷിക്കുന്നതും വിശകലനം ചെയ്യുന്നതും സുഗമമാകും. ഇതോടെ ഇരട്ടിപ്പുള്ള വോട്ടുകള്‍ നീക്കം ചെയ്ത് വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍ സാധിക്കും. നാഷണല്‍ വോട്ടേഴ്‌സ് സര്‍വ്വീസ് പോര്‍ട്ടലിലെ തിരയല്‍ സംവിധാനം വഴി ഒരു വോട്ടര്‍ക്ക് ഇന്ത്യയില്‍ എവിടെ നിന്നും വോട്ടര്‍ പട്ടികയില്‍ തന്റെ പേരുണ്ടോ എന്നു പരിശോധിക്കുവാന്‍ സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. എല്ലാ സംസ്ഥാനങ്ങളേയും സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം ലഭിക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനങ്ങളുടെ സെന്‍സസ് വിവരങ്ങളുടെയും, ജനന മരണ രജിസ്‌ട്രേഷനിലെ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ജനസംഖ്യയും വോട്ടര്‍മാരും തമ്മിലുള്ള ഗ്യാപ്  അനാലിസിസ് ചെയ്യുന്നതിനും നിഷ്പ്രയാസം സാധിക്കുമെന്ന് സന്ദീപ് സക്‌സേന വ്യക്തമാക്കി.
2012 മുതല്‍ കേരളത്തില്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാണ് അപേക്ഷകള്‍ സ്വീകരിച്ചു വരുന്നത്. www.nvsp.in എന്ന വെബ്‌സൈറ്റ് മുഖേനയോ www.ceo.kerala.gov.in എന്ന സൈറ്റിലെ nvsp.in എന്ന ലിങ്ക് മുഖേനയോ അപേക്ഷകള്‍ നല്‍കാവുന്നതാണ്. കംപ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവ ഉപയോഗിച്ച് ഈ സേവനം പ്രയോജനപ്പെടുത്താം.

LEAVE A REPLY

Please enter your comment!
Please enter your name here