സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സലോണക്കെതിരായ മത്സരത്തിൽ റഫറിയെ പിടിച്ചു തള്ളിയ റയൽ മാഡ്രിന്റെ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോക്ക് അഞ്ച് മത്സരങ്ങളിൽ വിലക്ക്. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനാണ് വിലക്കിയിരിക്കുന്നത്. മാത്രമല്ല മത്സരത്തിൽ രണ്ട് മഞ്ഞ കാർഡ് കണ്ടതിനുള്ള ശിക്ഷയും ഇതിൽ ഉൾപ്പെടും. എൽ ക്ലാസിക്കോ എന്ന് വിശേഷിക്കപ്പെടുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് വിജയിച്ചെങ്കിലും ക്രിസ്റ്റിയാനോയുടെ മോശം പെരുമാറ്റം ടീമിനാകമാനം ക്ഷീണം വരുത്തിയിട്ടുണ്ട്.
ബാഴ്സയുടെ സ്വന്തം തട്ടകമായ ന്യൂകാമ്പിലാണ് റയൽ വൻ വിജയം സ്വന്തമാക്കിയത്. അതും രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മികവിൽ.
സാമുവൽ ഉമിറ്റിയുടെ ഫൗളിൽ നിലത്ത് വീണ് പെനാൽറ്റിക്കായി അഭിനയിച്ച റൊണാൾഡോയ്ക്ക് അത് നിഷേധിച്ചപ്പോൾ നിയന്ത്രണം വിട്ട ക്രിസ്റ്റിയാനോ റഫറിയെ പിന്നിൽ നിന്ന് തള്ളിയതിനാണ് രണ്ടാമത്തെ മഞ്ഞ കാർഡിനൊപ്പം ചുവപ്പു കാർഡ് പുറത്തതായത്.
വിലക്കിനൊപ്പം ക്രിസ്റ്റിയാനോക്ക് മൂന്ന് ലക്ഷത്തിലധികം രൂപ പിഴയും ക്ലബിന് ഒരു ലക്ഷത്തിലധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.