ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ലഭിക്കാതെ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് യു.പി സര്‍ക്കാറിന് നോട്ടീസ് അയച്ചു. ഓക്സിജന്റെ അഭാവം മൂലം നവജാത ശിശുക്കളുള്‍പ്പെടെ 74 കുട്ടികളാണ് ഗൊരഖ്പൂര്‍ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ ആഗസ്ത് ഏഴു മുതല്‍ മരിച്ചത്.
സംഭവത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ വിഷയം വേണ്ടവിധം കൈകാര്യം ചെയ്യുന്നുണ്ടെന്നും പരാതിക്കാര്‍ക്ക് ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
എന്നാല്‍ ദുരന്തം ഓക്സിജന്റെ ക്ഷാമം മൂലമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സംഭവത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.