ജപ്പാന്‍ ജ്വര ന്യായീകരണം: യു.പിക്ക് ഇനിയും നേരം വെളുത്തിട്ടില്ല; ഡോ.ജിനേഷ്

0
340

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ച സംഭവത്തില്‍ സര്‍ക്കാരിന്റെ ന്യായവാദങ്ങളേയും അനാസ്ഥതയേയും ശക്തമായി വിമര്‍ശിച്ച് ഡോ.ജിനേഷ്.

ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ മുടങ്ങുക എന്നത് ക്ഷമിക്കാനാകാത്ത തെറ്റാണെന്നും, പ്രാഥമിക സൗകര്യങ്ങള്‍ ഒരു മെഡിക്കല്‍ കോളേജില്‍ ഒരുക്കുക എന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പല കാരണങ്ങള്‍ മൂലമുള്ള രോഗികള്‍ക്കും അത്യാവശ്യമായ ഒന്നാണ് ഓക്‌സിജന്‍. സ്വാഭാവിക ശ്വസന പ്രക്രിയയിലൂടെ ഓക്‌സിജന്‍ ശ്വാസകോശത്തിലേക്ക് എത്താന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഇത് കൂടിയേ തീരൂ. മാപ്പര്‍ഹിക്കുന്ന ഒരു തെറ്റല്ല ഇത്.

2011 ല്‍ ഇതേ ആശുപത്രിയില്‍ 300 കുട്ടികള്‍ മരിച്ച എന്നു പറഞ്ഞ് ന്യായം പറയുന്നവരോട് ഒന്നും പറയാനില്ലെന്നും, നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഈ ദുര്‍ഗതി വന്നിരുന്നുവെങ്കില്‍ ഈ ന്യായീകരണങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്നുമാത്രമേ പറയാനുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ജപ്പാന്‍ ജ്വരം എന്നുപറയുന്നത് അപകടകരമായ ഒരു അസുഖം തന്നെയാണ്. എന്നാല്‍ വാക്‌സിന്‍ കൊണ്ട് മരണങ്ങളും കോബ്ലിക്കേഷനുകളും തടയാവുന്നത്. വാക്‌സിനുകള്‍ക്ക് 90% കണ്ട് മരണ നിരക്ക് കുറക്കാന്‍ സാധിക്കും. അത് ആ കുഞ്ഞുങ്ങള്‍ക്ക് നല്‍കാത്തത് കുറ്റകരമായ അനാസ്ഥയാണ്. കേരളത്തിലെ ആലപ്പുഴ-തിരുവനന്തപുരം ജില്ലകളില്‍ ജപ്പാന്‍ ജ്വരം പണ്ട് ഉണ്ടായിരുന്നു. നമ്മള്‍ വാക്‌സിന്‍ നല്‍കി അതിനെ വരുതിയിലാക്കി- ഡോക്ടര്‍ പറയുന്നു.

എന്നാല്‍ കേരളമല്ല ഉത്തര്‍പ്രദേശ്; അവിടെ ഇനിയും നേരം വെളുത്തിട്ടില്ല. അവിടെ ചാണകവും പശു പുറത്തുവിടുന്ന ഓക്‌സിജനുമാണ് താരം. തലക്ക് വെളിവുള്ളവരാല്‍ ഭരിക്കപ്പെടാന്‍ അവസരം ലഭിച്ചു എന്നത് നമ്മുടെ, കേരളത്തിന്റെ ഭാഗ്യമായി തന്നെ കാണണം. ജനങ്ങളുടെ പ്രതിനിധികളാണ് ജയിക്കുന്നവര്‍.

യുക്തിബോധം / ശാസ്ത്രബോധം ഉള്ളവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായതിനാലാവാം കേരളത്തിന് ഈ ദുര്‍ഗതി വന്നില്ല. എന്നാല്‍ അസുഖം മാറാന്‍ പ്രാര്‍ത്ഥനയും ഹോമവും നടത്തുന്ന ഇരുണ്ട ചിന്തകളുടെ വടക്കേയിന്ത്യയില്‍ ഇന്നും ശാസ്ത്രം എന്നത് അപ്രാപ്യമാണ്. ആ അറിവില്ലായ്മയെ അവിടെയുള്ളവര്‍ ചൂഷണം ചെയ്യുകയാണെന്നും, പശുവിന് വേണ്ടി സംസാരിക്കുന്നതിന്റെ പത്തിലൊന്ന് ആ കുട്ടികള്‍ക്ക് വേണ്ടി ചിന്തിച്ചിരുന്നുവെങ്കില്‍ ഇന്നും ആ കുട്ടികള്‍ നമ്മോടൊപ്പം ഉണ്ടായേനെ. ആരോട് പറയാന്‍ ആരുകേള്‍ക്കാന്‍ ! ഡോക്ടര്‍ വിമര്‍ശിക്കുന്നു.

ലക്ഷങ്ങളുടെ കുടിശിഖ ഒരു ഡോക്ടര്‍ക്ക് തനിയെ അടക്കാനാകുന്ന ഒന്നല്ല. സര്‍ക്കാരിനെ അതിനാകൂ. അത് ചെയ്യാതിരുന്ന സര്‍ക്കാര്‍, എന്തെങ്കിലും ചെയ്ത ഒരു ഡോക്ടറെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റുകള്‍ ഉണ്ടെങ്കില്‍ ശിക്ഷിക്കണം. പക്ഷേ, ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുവന്നു ‘ഷൈന്‍’ ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരിലാകരുത്; മുസ്ലിം നാമധാരിയായതിനാലാകരുത്. എന്തെങ്കിലും ചെയ്ത് കുറച്ചു കുരുന്നു ജീവനുകള്‍ രക്ഷപെടുത്താന്‍ പോലും ഇനി ആരും തയ്യാറാകാത്ത സ്ഥിതി വിശേഷമുണ്ടാകും.

അതൊന്നും ഈ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഒരു വിഷയമാകില്ല. അവര്‍ക്ക് വേണ്ടത് ബലിയാടുകള്‍ മാത്രമാണ്. മരിച്ചത് ഒരു പശു കിടാവായിരുന്നേല്‍ ഹര്‍ത്താല്‍ നടത്തിയേനെ; അല്ലെങ്കില്‍ ആ പശുവിനെ വളര്‍ത്തിയ ദളിതനെയോ മുസ്ലീമിനേയോ ബലിയാടിന് പകരം ബലി നല്‍കിയേനെ. അതുണ്ടായില്ലല്ലോ എന്ന ആശ്വാസം മാത്രമേയുള്ളൂ…പശുക്കിടാവിന്റെ വിലപോലുമില്ലാത്ത ആ നാട്ടില്‍ ജനിച്ചുപോയതാണ് കുഞ്ഞുങ്ങളെ നിങ്ങളുടെ തെറ്റ് !

LEAVE A REPLY

Please enter your comment!
Please enter your name here