പശുഭാരതീയതയുടെ ‘കാവി’നീതികൾ!

0
366

വാട്സാപ്പിൽ മാധ്യമങ്ങൾ വ്യാജവാർത്ത ചമയ്ക്കുന്നുവെന്ന് വിലപിച്ച് ഫോർവേഡുന്ന കാവിഫാൻസുകാർ കഴിയുമെങ്കിൽ ഗൊരക്പൂർ ഒന്ന് വരണം എന്നഭ്യർത്ഥിക്കുന്നു. സ്വഛ് ഭാരതിന്റെ ഉത്തരേന്ത്യൻ യാഥാർത്ഥ്യം കാണാൻ. എല്ലാവിധ ആർഷഭാരത ഭവ്യതയോടെയും ക്ഷണിച്ചുകൊള്ളുന്നു.

മാതൃഭൂമി ഉത്തർപ്രദേശ് ലേഖകൻ വി.എസ്.സനോജിന്റെ ഫേസ് ബുക്ക്‌ കുറിപ്പ്

പലവട്ടം പോയതിനാൽ ഗൊരക്പൂർ ഉത്തരേന്ത്യയുടെ ക്ലിയർ സോഷ്യൽ ഇൻഡിക്കേഷനാണെന്ന് തോന്നിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്തെല്ലാം പോയിട്ടുള്ള ഇടമാണത്. ഇന്നലെയും മിനിഞ്ഞാന്നുമായി ബി.ആർ.ഡി. ആസ്പത്രിയുടെ വാർഡുകൾ കേറിയിറങ്ങി. രക്ഷിതാക്കളെ കണ്ടു. ഡോക്ടർമാർക്ക് പലതും പറയാനുണ്ട്. പക്ഷേ വിലക്കുണ്ട്. ടോയ്ലറ്റുകൾക്കരികിലെ കുട്ടികളുടെ വാർഡിലേക്കുള്ള വഴിയിലൂടെ കൂടുതൽ പേർ മരിച്ച നൂറാംവാർഡ് തിരഞ്ഞുപോയി. അതിനരികിലെ ഭക്ഷണശാല കണ്ടു. നടവഴിയിലും ഇടനാഴിയിലും ആൾക്കാർ തിങ്ങിനിറഞ്ഞ് ഇരിപ്പും കിടപ്പും. ആസ്പത്രിക്കുള്ളിൽ പശുവും നായ്ക്കളും. പശുക്കൾ ആസ്പത്രി ഇടനാഴികളിൽ കിരിടത്തിലെ സേതുമാധവനൊപ്പം നടക്കുന്ന കൊച്ചിൻ ഹനീഫയാണിവിടെ. സർവ്വം പശുമയം. ഹൈവേയിൽ റിപ്പോർട്ടിങിനായി കാറിൽ പോകുമ്പോൾ പേടിയാണ്. പശുവിനെ വണ്ടിയിടിച്ചാൽ മരണം ഉറപ്പ്. പശുവിന്റെയല്ല കാറിലുള്ളവരുടെ. അതുകൊണ്ട് കുട്ടികൾ മരിച്ചാൽ വല്യ പ്രശ്നമൊന്നുമില്ല.

വൃത്തിഹീനത ആണ് പ്രശ്നമെങ്കിൽ സ്വഛ് ഭാരത് മിഷന്റെ ഭദ്രാസനാധിപൻമാർക്ക് അത് സ്വന്തം മണ്ഡലത്തിൽ ഫലപ്രദമായി നടപ്പാക്കാനായില്ല? എന്തുകൊണ്ട് ഇത്രമാത്രം ജപ്പാൻജ്വരം ഉൾപ്പെടെയുള്ള രോഗങ്ങൾ ഇവിടെ പടരുന്നു? 2012 ലെ തിരഞ്ഞെടുപ്പ് മുതലെങ്കിലും ചുരുങ്ങിയത് താമരയ്ക്ക് മൃഗീയ സ്വാധീനമുള്ള മണ്ഡലമല്ലേ. സ്വന്തമായി ഹിന്ദുയുവവാഹിനി സേനയുള്ള യോഗിയുടെ മണ്ഡലത്തിൽ വൃത്തി നടപ്പിൽ വരുത്താൻ എന്തുകൊണ്ട് കഴിഞ്ഞില്ല. ദളിതന്റെ കോളനിയിലേക്ക് മുഖ്യമന്ത്രി ചെല്ലുംമുമ്പ് അവർക്ക് സോപ്പും ഷാമ്പുവും കൊടുത്ത് കുളിപ്പിച്ച് വിടുന്ന സർക്കാരാണിത്. സന്ദർശനയിടങ്ങളിൽ മുഴുവൻ പരവതാനിയും എ.സിയും പുതിയ കസേരകളും ഫിറ്റ് ചെയ്ത് സന്ദർശനങ്ങൾ നടത്തുന്ന നാട്. ആ നാട് എന്തുകൊണ്ട് യു.പിയിലെ ഏറ്റവും വൃത്തിഹീനമായ സിറ്റിയായിരിക്കുന്നു? ചോദ്യം കുറെയുണ്ട്. അവിടെയാണ് തള്ളൽ കലാരൂപത്തിന്റെ പ്രസക്തി.

വാട്സാപ്പിൽ മാധ്യമങ്ങൾ വ്യാജവാർത്ത ചമയ്ക്കുന്നുവെന്ന് വിലപിച്ച് ഫോർവേഡുന്ന കാവിഫാൻസുകാർ കഴിയുമെങ്കിൽ ഗൊരക്പൂർ ഒന്ന് വരണം എന്നഭ്യർത്ഥിക്കുന്നു. സ്വഛ് ഭാരതിന്റെ ഉത്തരേന്ത്യൻ യാഥാർത്ഥ്യം കാണാൻ. എല്ലാവിധ ആർഷഭാരത ഭവ്യതയോടെയും ക്ഷണിച്ചുകൊള്ളുന്നു. മുഖത്ത് തുണി കെട്ടാതെ കുടിവെള്ളം പോലും നല്ലത് പലയിടത്തും കിട്ടാത്ത ഈ ആസ്പത്രി പരിസരത്ത്, രണ്ട് ദിവസമായുണ്ട്. വന്നാലും. കാവിദേശീയതയുള്ള ഏതെങ്കിലും മല്ലു സവർണൻ ഇവിടെ വന്ന് ഈ തെരുവുകളിലെ കടകളിൽ നിന്ന് ഭക്ഷണം കഴിക്കുമോ, വെള്ളം വാങ്ങിക്കുടിക്കുമോ? അഞ്ച് വട്ട എം.പി. മഠാധിപൻ ഇവിടെ നടത്തിയ വികസനമെന്താണ് ഒന്ന് പറഞ്ഞുതരുമോ? വാർത്തയെല്ലാം വ്യാജമെന്ന് നാട്ടിലിരുന്ന് ഫോർവേഡാൻ നല്ല സുഖാണ്.

മരിച്ചവരെ കെട്ടിക്കൂട്ടി മൂലയിൽ മാറ്റിയിടലും ആംബുലൻസിന് കാശില്ലാതെ നടക്കുകയോ ബൈക്കിലോ പായയിൽ കെട്ടി ഉന്തുവണ്ടിയിൽ കെട്ടികൊണ്ടുപോകലോ ഉത്തരേന്ത്യയിലെ പൊതു അവസ്ഥയാണ്. ഇവിടത്തുകാർക്ക് അത്ഭുതം തോന്നാറില്ല. അത്ഭുതം കേരളത്തിലുള്ളവർക്കാണ്. സാമൂഹ്യസാഹചര്യങ്ങൾ വ്യത്യസ്തമാണവിടെ. നാട്ടിലെ സ്ഥിതി ഇതൊക്കെയാണ്. ഭരിച്ച മുൻ യു.പി. സർക്കാരുകൾക്കെല്ലാം ഈ അവസ്ഥയിൽ പങ്കുണ്ട്. ‘തള്ളൽ കലാകാരൻ’മാരുടെ പ്രകടനം നടക്കട്ടെ. ഗൊരക്പൂർ വിടാം. കേരളം ഒട്ടും ശരിയല്ലെന്ന്, കേരളം എന്ന ഭീകര സ്ഥലത്തെക്കുറിച്ച് റിപ്പബ്ലിക് ചാനൽ, ടൈംസ് നൗ ചർച്ചകൾ തുടരാം. അവ ഫോർവേഡാം. ഒറ്റകാര്യം മാത്രം. കൂലിപ്പണിക്കാരന്റെയും ദളിതന്റേയും മക്കൾക്ക് പകരം 72 പശുക്കളുടെ ജീവനാണ് ഗൊരക്പൂരിൽ പോയിരുന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? മാതൃഭൂമി ഉത്തർപ്രദേശ് ലേഖകൻ വി.എസ്.സനോജ് ഗൊരക്പൂരിൽ നിന്ന് കലാപം റിപ്പോർട്ട് ചെയ്യേണ്ടിവരും. ന്താ സംശയംണ്ടോ?!..

LEAVE A REPLY

Please enter your comment!
Please enter your name here