ഫിഫ ലോകകപ്പ്: ഒരുക്കങ്ങൾ വിലയിരുത്തി

0
73


കൊച്ചി: ഒക്ടോബറിൽ നടക്കുന്ന അണ്ടർ-17 ലോകകപ്പിന്റെ കൊച്ചിയിൽ ഒരുക്കങ്ങൾ സംഘാടക സമിതി വർക്കിങ് ചെയർമാനും കായിക മന്ത്രിയുമായ എ സി മൊയ്തീന്റെ നേതൃത്വത്തിൽ നടന്ന യോഗം വിലയിരുത്തി. സെപ്തംബർ 21 മുതൽ കേരളത്തിലെത്തുന്ന ലോകകപ്പ് ട്രോഫിയുടെ പ്രദർശന പരിപാടികൾ ആഘോഷമാക്കാൻ യോഗം തീരുമാനിച്ചു. കൂറ്റൻ ഘോഷയാത്രയോടെയായിരിക്കും നഗരത്തിലേക്ക് ട്രോഫിയെ വരവേൽക്കുക. 26 വരെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ട്രോഫി പ്രദർശനത്തിനുണ്ടാകും. സമാപന ദിവസമായ 26ന് ഫോർട്ടുകൊച്ചിയിലും വിവിധ പരിപാടികൾ ഒരുക്കും. ലോകകപ്പിന്റെ പ്രചരണാർത്ഥം പ്രാദേശിക സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന  എല്ലാ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് ടൈംടേബിൾ തയ്യാറാക്കാൻ മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.  ലോകകപ്പ് പ്രചരണാർത്ഥം കൊച്ചിക്ക് മാത്രമായി ഫുട്ബോളുമായി ബന്ധപ്പെട്ട ഗാനം തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായി.  സംഘാടക സമിതിയുടെ കീഴിലുള്ള വിവിധ സബ്കമ്മിറ്റികളുടെ കൺവീനർമാർ, ചെയർമാൻമാർ, കോർഡിനേറ്റേഴ്സ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ലോക റെക്കോഡ് ലക്ഷ്യമിട്ട് നടത്തുന്ന ദശലക്ഷം ഗോളുകൾ പദ്ധതിയുടെ തീയതികൾ നിശ്ചയിക്കാൻ സ്പോർട്സ് കൗൺസിലിന് നിർദ്ദേശം നൽകി.  കേരളമൊട്ടാകെ വിവിധ കേന്ദ്രങ്ങളിൽ ഗോൾപോസ്റ്റുകൾ സ്ഥാപിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. വിവിധ രംഗത്തുള്ളവരുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ ലോകത്തിൽ ഇന്ന് വരെയുള്ള റെക്കോഡുകൾ ഭേദിക്കലാണ് ലക്ഷ്യം. 17.77 കോടി ചെലവിൽ ഒരുക്കുന്ന നഗര സൗന്ദര്യവത്കരണ പരിപാടികൾ പുരോഗമിക്കുകയാണെന്ന്
നോഡൽ ഓഫീസർ എ.ഡി.എം മുഹമ്മദ് ഹനീഷ് യോഗത്തിൽ അറിയിച്ചു. പ്രധാന വേദി, നാലു പരിശീലന ഗ്രൗണ്ടുകൾ, അനുബന്ധ റോഡുകൾ, പാർക്കിങ് സംവിധാനം, ഇരിപ്പിടങ്ങൾ, മഹാരാജാസ് കോളജ് പവിലിയൻ പുനരുദ്ധാരണം തുടങ്ങിയ സംവിധാനങ്ങളെല്ലാം നവീകരണ പദ്ധതിയിൽ  ഉൾപ്പെടും.  കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ, ജിസിഡിഎ ചെയർമാൻ സി എൻ മോഹനൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.  ഒക്ടോബർ ആറു മുതൽ 28 വരെ രാജ്യത്തെ ആറു വേദികളിലായാണ് അണ്ടർ-17 ലോകകപ്പ് മത്സരങ്ങൾ. ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ് ഡി മത്സരങ്ങളാണ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here