മെഡിക്കല്‍ കോഴ; എം.ടി രമേശിന്റെ പേര് ഒഴിവാക്കുന്നു

0
47

മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് എം.ടി രമേശിന്റെയും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അനുയായി സതീഷ് നായരുടെയും പേര് ഒഴിവാക്കാന്‍ ബിജെപി തീരുമാനം. ഇതനുസരിച്ചാകും വിജിലന്‍സിനു ഇനി മൊഴി നല്‍കുക.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എം.ടി രമേശും വിജിലന്‍സിന്റെ ചോദ്യംചെയ്യലിന് വിധേയമാകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇവര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ടു കമ്മിഷന്‍ അംഗം എ.കെ.നസീറിനെതിരെ തല്‍ക്കാലം നടപടിയെടുക്കേണ്ടെന്നും നേതൃത്വം ധാരണയിലെത്തിയതായാണ് സൂചന.

എം.ടി.രമേശിനെതിരായ ഷാജിയുടെ മൊഴിയും കുമ്മനം രാജശേഖരന്റെ ഡല്‍ഹിയിലെ പഴ്സനല്‍ സ്റ്റാഫായിരുന്ന സതീശ് നായരുടെ പേരും റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കും. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും ഉണ്ടെന്നാണ് കുമ്മനം രാജശേഖരനുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ളവര്‍ പറയുന്നത്.

വിവാദത്തില്‍ വി.വി രാജേഷിനെതിരായ അച്ചടക്ക നടപടിക്ക് ശേഷം ചേരുന്ന ഭാരവാഹി യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കും. അതേസമയം രാജേഷിനെതിരായ അച്ചടക്ക നടപടിയില്‍ മുരളീധര പക്ഷത്തിന് അമര്‍ഷമുണ്ട്. മാത്രമല്ല അന്വേഷണ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താനുള്ള നീക്കത്തേയും മുരളീധര പക്ഷക്കാര്‍ എതിര്‍ക്കും.

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് വിജിലന്‍സിന് നല്‍കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. പുതിയ റിപ്പോര്‍ട്ടിനനുസരിച്ച് വിജിലന്‍സിനു മൊഴി നല്‍കാന്‍ കമ്മിഷന്‍ അംഗങ്ങളായ കെ.പി.ശ്രീശന്‍, എ.കെ.നസീര്‍ എന്നിവര്‍ക്ക് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. ഈമാസം 22നാണ് ഇരുവരും മൊഴി നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here