തിരുവനന്തപുരം: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ഇന്നു തുടങ്ങുന്ന രണ്ടു ദിന കേരള സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നു. മോഹന്‍ ഭാഗവതിന്റെ രണ്ടു ദിന കേരള സന്ദര്‍ശനം യാദൃശ്ചികമല്ലാ എന്നാണ് സൂചന. അഴിമതി ആരോപണങ്ങള്‍ ബിജെപിയെ ഉലച്ചിരിക്കെ കേരളത്തിലെ ബിജെപി പരിപാടികളില്‍ സമ്പൂര്‍ണ്ണ തിരുത്തിനു ആവശ്യം ഉയര്‍ന്നിരിക്കെയാണ് ഭാഗവത് കേരളത്തിലെത്തുന്നത്.
മെഡിക്കല്‍ കോളേജ് കോഴ വിവാദം ബിജെപി ദേശീയ നേതൃത്വത്തേയും, കേന്ദ്ര സര്‍ക്കാരിനെയും ഞെട്ടിച്ചിരിക്കുകയാണ്. അപ്പോഴാണ് ഭാഗവത് കേരളാ സന്ദര്‍ശനം തിരഞ്ഞെടുക്കുന്നത്. ബിജെപി സംസ്ഥാന സമിതി കൂടുന്ന ദിവസം തന്നെയുള്ള ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വരവ് ഈ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സ്വകാര്യ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സീറ്റ് പ്രശ്നത്തില്‍ കോടിക്കണക്കിന് രൂപ കോഴ വാങ്ങുകയും അത് ഹവാല വഴി ഡല്‍ഹിയില്‍ എത്തിക്കുകയും ചെയ്തത് നിസ്സാര പ്രശനമായി കേന്ദ്ര ആര്‍എസ്എസ് കാണുന്നില്ല. കോഴ വിവാദത്തിനു പുറമേ വ്യാജ റെസീപ്പ്റ്റ്, ഭീഷണിപ്പെടുത്തിപ്പിരിവ്, കള്ളനോട്ടടിയില്‍ ബിജെപി നേതാവ് അകത്തായതു തുടങ്ങി ഒട്ടനവധി വിവാദങ്ങള്‍ കേരളാ ബിജെപിയെ ഗ്രസിച്ചിട്ടുണ്ട്.
ഈ വിവാദങ്ങള്‍ എല്ലാം തന്നെ കേരളത്തിലെ ബിജെപി സാധ്യതയെ പിന്നോട്ടടിച്ചതായി കേരളാ ആര്‍എസ്എസ് നേതൃത്വം കേന്ദ്ര ആര്‍എസ്എസ് നേതൃത്വത്തെയും, അമിത് ഷായെയും അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ആര്‍എസ് എസ് ശാഖാ പ്രവര്‍ത്തനം ശക്തമായ സംസ്ഥാനമാണ് കേരളം. എന്നിട്ടും പതിറ്റാണ്ടുകള്‍ പ്രവര്‍ത്തനം നടത്തിയിട്ടും കേരളാ ബിജെപിക്ക് കേരളത്തില്‍ എംഎല്‍എ-എംപിമാരെ ഉണ്ടാക്കാനോ, ഭരണം പിടിക്കാനോ കഴിഞ്ഞിരുന്നില്ല.
അതിനു കാരണമായി ആര്‍എസ്എസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത് കേരളത്തിലെ ബിജെപി നേതാക്കളുടെ അഴിമതിയും, വിഭാഗീയതയുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനും കേരളത്തിലെ കാര്യങ്ങളില്‍ താത്പര്യമുണ്ട്.കേരളത്തില്‍ ഭരണം പിടിക്കുക എന്നത് ഇവരുടെ ലക്ഷ്യമാണ്.
പണം വാരി വിതറിയിട്ടും, കേന്ദ്ര അധികാരം പകുത്ത് നല്‍കിയിട്ടും, കേരള ഭരണത്തെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടും ഒരു ഗുണവും ഉണ്ടാക്കാന്‍ മോദി-അമിത് ഷാ-ഭാഗവത് കൂട്ടുകെട്ടിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ മുന്നോട്ട് പോകുമ്പോഴാണ് മെഡിക്കല്‍ കോളേജ് കോഴ വിവാദം ഉണ്ടാകുന്നത്. അതും കോടികളുടെ കോഴ അനുബന്ധ വിവാദങ്ങള്‍.
ഇത് കേരളത്തില്‍ നിലവിലെ ബിജെപി സാധ്യതകളെ പൂര്‍ണ്ണമായും അട്ടിമറിച്ചതായി ഇവര്‍ വിലയിരുത്തുന്നു. മുന്നോട്ടുള്ള ബിജെപിയുടെ പോക്ക് പ്രതിസന്ധിയില്‍ ആണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ദേശീയ അധ്യക്ഷന്‍ അമിത് ഷായും നടത്തുന്ന കാസര്‍ഗോഡ്-തിരുവനന്തപുരം യാത്രയും അങ്കലാപ്പിലായി.
യാത്ര മാറ്റിവയ്ക്കുന്നതാണ് ഉചിതം എന്ന് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. മെഡിക്കല്‍ കോളേജ് കോഴ വിവാദം ബിജെപിയുടെ ഇമേജിന് കളങ്കമുണ്ടാക്കി എന്ന് പാര്‍ട്ടി ദേശീയ സമിതിയംഗം വി.മുരളിധരന് തന്നെ ഇന്നലെ പ്രസ്താവന നടത്തിയിട്ടുണ്ട്. ഇതും അമിത് ഷാ അടക്കമുള്ളവര്‍ക്ക് മുന്പാകെയുണ്ട്.
സ്ഥിതിഗതികള്‍ ഇങ്ങിനെയായിരിക്കെയാണ് ബിജെപി സംസ്ഥാന സമിതി കൂടുമ്പോള്‍ തന്നെയുള്ള മോഹന്‍ ഭാഗവത് കേരളത്തില്‍ എത്തുന്നത്. ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതില്‍ ഭാഗവത് കര്‍ശന നിര്‍ദ്ദേശം നല്കാന് സാധ്യതയുണ്ട് എന്നാണ് സൂചന.