യുപിയിലെ കുട്ടികളുടെ കൂട്ടമരണം പരാമർശിക്കാതെ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

0
2321


രാഷ്ട്രപതിയെന്ന നിലയിലുള്ള തന്റെ ആദ്യ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ ഗൊരഖ്പൂരിൽ ഓക്‌സിജൻ ഇല്ലാതെ നിഷ്‌കരുണം കൊല്ലപ്പെട്ട 73 കുട്ടികളെ ഓർക്കാതെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന് എതിരായി വരാനിടയുള്ള ഒരു വാക്കുപോലും ഉച്ചരിക്കാതിരുന്ന മുൻ ആർഎസ്എസ് പ്രവർത്തകൻ കൂടിയായിരുന്ന രാഷ്ട്രപതി പക്ഷേ, നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും വാനോളം പുകഴ്ത്താനും മറന്നില്ല. രാഷ്ട്രത്തിന് നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ആവോളം രാഷ്ട്രീയം കുത്തി നിറച്ചുകൊണ്ടാണ് കോവിന്ദ് ഉപസംസ്‌കരിച്ചത്.

70-സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ച അദ്ദേഹം സ്വച്ഛ്ഭാരത് പദ്ധതിയേയും എല്ലാം ശ്ലാഘിച്ചു സംസാരിച്ചു. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ അസഹിഷ്ണുതയേയും അക്രമങ്ങളേയും വിമർശിച്ചു പ്രണബ് മുഖർജി സംസാരിച്ചത് വലിയ വാർത്തയായിരുന്നു.

രാംനാഥ് കോവിന്ദിന്റെ കന്നിപ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

*അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തിൽ എല്ലാവരുടേയും പിന്തുണ അനിവാര്യമാണ്.
*സത്യസന്ധമായ ഒരു സമൂഹം കെട്ടിപ്പടുക്കുവാനുള്ള ശ്രമങ്ങളെ നോട്ട് നിരോധനം ശക്തിപ്പെടുത്തി. ലോകം ഇന്ന് ഇന്ത്യയെ മതിപ്പോടെ നോക്കുവാൻ ഒരു കാരണം നോട്ട് നിരോധനമാണ്.
*സർക്കാർ പദ്ധതികളുടെ ഗുണഫലം സമൂഹത്തിലെ എല്ലാവരിലുമെത്തിയെന്ന് ഉറപ്പാക്കുവാൻ നമ്മൾ ഏവരും ബാധ്യസ്ഥരാണ്.
*2020-ൽ നടക്കുന്ന ടോക്യോ ഒളിംപിക്സ് ലോകത്തിന് മുന്നിൽ നമ്മുടെ കരുത്ത് കാണിക്കാനുള്ള മറ്റൊരു അവസരമാണ്.
*പുതിയൊരു ഇന്ത്യയെ സൃഷ്ടിച്ചെടുക്കുക എന്നത് നമ്മുടെയെല്ലാം ലക്ഷ്യമാണ്. അവിടെ ദാരിദ്രം എന്നൊരു അവസ്ഥയുണ്ടാവാൻ പാടില്ല.
*70-ാം സ്വാതന്ത്ര്യദിനത്തിൽ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു
രാജ്യത്തെ പാവപ്പെട്ടവരുടേയും ഗ്രാമങ്ങളുടെ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യമാണ് സ്വതന്ത്ര്യ ഇന്ത്യ എന്ന ആശയത്തിന് ശക്തിയേക്കിയത്.
*രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ സ്വന്തം ജീവൻ ബലി നൽകിയവരോട് നാം എന്നും കടപ്പെട്ടിരിക്കും.
*സർക്കാർ സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും പരിസരം ശുചിയായി സൂക്ഷിക്കുകയെന്നത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്.
*സർക്കാരിന് നിയമങ്ങൾ ഉണ്ടാക്കാനും ശക്തിപ്പെടുത്താനും മാത്രമേ സാധിക്കൂ. അത് പാലിക്കേണ്ട ചുമതല ഓരോ പൗരനുമുണ്ട്.
*സങ്കീർണമായ നികുതി സംവിധാനത്തെ പരിഷ്‌കരിച്ചു കൊണ്ടാണ് സർക്കാർ ജിഎസ്ടി നടപ്പാക്കിയത്. ജിഎസ്ടി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ഉത്തരവാദിത്തം നമ്മുക്കെല്ലാവർക്കും ഉണ്ട്.
*നികുതി കൃത്യമായി അടയ്ക്കുക വഴി രാഷ്ട്രനിർമ്മാണത്തിൽ ഒരു പങ്കുവഹിക്കാൻ നമ്മുക്കേവർക്കും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here