ലങ്കന്‍മണ്ണില്‍ മൂന്നു ടെസ്റ്റ്‌ പരമ്പര തൂത്തുവാരി ഇന്ത്യ

0
103


ലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. ടെസ്റ്റ് പരമ്പര 3-0ത്തിന് സ്വന്തമാക്കിയ ഇന്ത്യ ലങ്കന്‍ മണ്ണില്‍ ആദ്യമായി സമ്പൂര്‍ണ ടെസ്റ്റ് പരമ്പര നേടുന്നുവെന്ന ചരിത്ര നേട്ടം സ്വന്തമാക്കി. ഇതിന് മുമ്പ് 1994ല്‍ ഇന്ത്യയിലാണ് ലങ്കക്കെതിരെ ഇന്ത്യ സമ്പൂര്‍ണ ടെസ്റ്റ് പരമ്പര നേടിയത്.മൂന്നാം ടെസ്റ്റില്‍ ലങ്കയെ ഇന്നിങ്സിനും 171 റണ്‍സിനും കീഴടക്കിയാണ് ഇന്ത്യ മൂന്നു ടെസ്റ്റും സ്വന്തമാക്കിയത്. രണ്ടാമിന്നിങ്സില്‍ ഫോളോ ഓണ്‍ വഴങ്ങി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 181 റണ്‍സിന് എല്ലാവരും പുറത്തായി.

വിദേശ മണ്ണില്‍ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ ആദ്യമായാണ് ജയിക്കുന്നത്. ഈ അപൂര്‍വ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി വിരാട് കോഹ്ലി മാറി. ഗാലെയില്‍ 304 റണ്‍സിനും കൊളംേബായില്‍ ഇന്നിങ്‌സിനും 53 റണ്‍സിനും ഇന്ത്യ ജയിച്ചിരുന്നു.
അശ്വിന്‍ നാലും മുഹമ്മദ് ഷമി മൂന്നും ഉമേഷ് യാദവും രണ്ടും വിക്കറ്റും വീഴ്ത്തി. 39 റണ്‍സെടുക്കുന്നതിനിടെ ലങ്കക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. തോല്‍വി ഒഴിവാക്കാനായി കനത്ത പ്രതിരോധത്തിലൂന്നിയാണ് ലങ്ക കളിച്ചത്. 19 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ന് മത്സരം ആരംഭിച്ചത്. നിരോഷന്‍ ഡിക്ക്വെല്ല (41), ചാണ്ടിമല്‍ (36), എയ്ഞ്ചലോ മാത്യൂസ്(35) എന്നിവര്‍ക്ക് മാത്രമാണ് ലങ്കന്‍ നിരയില്‍ ഇന്ത്യന്‍ ബാളര്‍മാരെ അല്‍പമെങ്കിലും ചെറുത്തു നില്‍ക്കാന്‍ സാധിച്ചത്.


കന്നി ടെസ്റ്റ് സെഞ്ചുറിയുമായി തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു (108) ഇന്നലത്തെ താരം. ട്വന്റി20 ശൈലിയില്‍ ബാറ്റ് വീശിയ പാണ്ഡ്യ ലങ്കന്‍ ബൗളര്‍മാരെ വെള്ളംകുടിപ്പിച്ചു. മലിന്ദ പുഷ്പകുമാരയുടെ ഒരോവറില്‍ പാണ്ഡ്യ അടിച്ചെടുത്തത് 26 റണ്‍സ് ആണ്. ഇതോടെ ടെസ്റ്റ് ഇന്നിങ്‌സിലെ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും നേടി. 27 വര്‍ഷം മുമ്പ് കപില്‍ ദേവ് നേടിയ 24 റണ്‍സിന്റെ റെക്കോര്‍ഡാണ് പാണ്ഡ്യ തകര്‍ത്തത്. 96 പന്തില്‍ എട്ടു ബൗണ്ടറിയും ഏഴു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഹര്‍ദികിന്റെ ഇന്നിങ്‌സ്.

LEAVE A REPLY

Please enter your comment!
Please enter your name here