ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അടുത്ത വര്‍ഷം നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. ചില സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പും നടത്തുകയാണ് ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രിക്കും ഇതേ നിലപാടു തന്നെയാണ്. തിരഞ്ഞെടുപ്പിന്റെ പേരില്‍ വലിയ തുക രാജ്യത്തിന് ചിലവഴിക്കേണ്ടിവരുന്ന അവസ്ഥ ഇതുവഴി ഒഴിവാക്കാമെന്നാണ് പ്രധാനമന്ത്രിയും ബിജെപിയും പ്രചരിപ്പിക്കുന്നത്. ഈ ചിന്തയുടെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനൗദ്യോഗികമായി നടപടികള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപിന്റെ നേതൃത്വത്തിലുള്ള സെക്രട്ടറിതല സമിതിയാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത്. നിയമസഭാ- പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്.
എന്നാല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഇത്തരം പരിമിതികള്‍ ഇല്ല. അങ്ങനെവന്നാല്‍ 2018 നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി നാല് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കും.
മധ്യപ്രദേശ്,ഛത്തീസ്ഗഡ്, രാജസ്ഥാന്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് ഈ സമയത്ത് തിരഞ്ഞെടുപ്പ് നടക്കുക. ഇവയില്‍ മിസോറാം ഒഴികെയുള്ള മുന്നു സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തില്‍. അതേസമയം ഈ നീക്കത്തിലേക്ക് തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളേയും കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്.
ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടികള്‍ നീക്കത്തെ പിന്തുണച്ചാല്‍ അവിടങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇതോടൊപ്പം നടക്കും. അങ്ങനെയെങ്കില്‍ ഏഴ് സംസ്ഥാനങ്ങളിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കും.
മാത്രമല്ല ഡല്‍ഹി നിയമസഭയിലേക്കും ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് വിവരം. ഇരട്ടപ്പദവി സംബന്ധിച്ച് 21 എ.എപി എംഎല്‍എമാര്‍ അയോഗ്യതാ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഈ നിരീക്ഷണം.
ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി, ആന്ധ്രാപ്രദേശിലെ ടിഡിപി എന്നീ കക്ഷികള്‍ക്ക് നേരത്തെ തിരഞ്ഞെടുപ്പ് നടത്തുന്നിതോട് യോജിപ്പാണെന്നാണ് സൂചനകള്‍. തെലങ്കാന ഭരിക്കുന്ന ടിആര്‍എസും തിരഞ്ഞെടുപ്പ് നേരത്തെ ആക്കുന്നതിനെ അനുകൂലിക്കുന്നു. നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പലപ്പോഴായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.
ഇതിനോട് പ്രതിപക്ഷം മുഖം തിരിച്ച് നില്‍ക്കുകയാണ്. 10 വര്‍ഷംകൊണ്ട് ഭൂരിഭാഗം സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുന്ന തരത്തിലാണ് സുഭാഷ് കശ്യപിന്റെ നേതൃത്വത്തിലുള്ള സമിതി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.