ഹീറോയായും വില്ലനായും റോണോ..ബാര്‍സയെ വീഴ്ത്തി റയല്‍

0
184


സാന്‍റിയാഗോ ബെര്‍ണബൂവില്‍ വന്ന് ഗോളടിച്ച് ജഴ്സി ഊരി ആഘോഷിച്ച മെസ്സിക്ക് അതേനാണയത്തില്‍ ന്യൂകാമ്പില്‍ മറുപടി നല്‍കിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നായകനും വില്ലനുമായി നിറഞ്ഞുനിന്ന സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ആദ്യപാദത്തില്‍ ചിരവൈരികളായ ബാര്‍സിലോനയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മുക്കി റയല്‍ മഡ്രിഡിന്റെ പടയോട്ടം.ഗോളൊഴിഞ്ഞ് നിന്ന ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മല്‍സരത്തിലെ നാലു ഗോളുകളും പിറന്നത്. ജെറാര്‍ഡ് പിക്വേയുടെ സെല്‍ഫ് ഗോളിലൂടെ (50) മുന്നില്‍ കയറിയ റയലിനെ മെസ്സിയുടെ വിവാദ പെനല്‍റ്റി ഗോളിലൂടെ (77) ബാര്‍സ സമനിലയില്‍ പിടിച്ചെങ്കിലും,  ക്രിസ്റ്റ്യാനോയും (80) മാര്‍ക്കോ അസെന്‍സിയോയും (90) റയലിന് വിജയം സമ്മാനിച്ചു.

16ന് റയലിന്റെ മൈതാനമായ സാന്തിയാഗോ ബെര്‍ണബ്യൂവിലാണ് രണ്ടാം പാദം. ലാ ലിഗ ജേതാക്കളും കോപ്പ ഡെല്‍ റെ ജേതാക്കളും തമ്മിലുള്ള വാര്‍ഷിക ചാംപ്യന്‍ഷിപ്പാണ് സ്പാനിഷ് സൂപ്പര്‍ കപ്പ്. ലാ ലിഗയില്‍ റയലും കോപ്പയില്‍ ബാര്‍സയും ജേതാക്കളായതോടെയാണ് എല്‍ ക്ലാസിക്കോയ്ക്കു കളമൊരുങ്ങിയത്. 2012ലാണ് ഇതിനു മുന്‍പ് ബാര്‍സയും റയലും സൂപ്പര്‍ കപ്പിനായി മല്‍സരിച്ചത്. അന്ന് സ്വന്തം മൈതാനത്ത് ബാര്‍സ 3-2നു ജയിച്ചു. സാന്തിയാേഗാ ബെര്‍ണബ്യൂവില്‍ റയല്‍ 2-1നും. ഇരുപാദങ്ങളിലുമായി 4-4 എന്ന നിലയില്‍ തുല്യമായെങ്കിലും എവേ ഗോള്‍ ആനുകൂല്യത്തില്‍ റയല്‍ കപ്പ് സ്വന്തമാക്കി. ഇരുപാദങ്ങളിലും ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗോളടിച്ചു എന്നതും അന്നത്തെ മല്‍സരത്തിന്റെ സവിശേഷത. റയലിന്റെ എഞ്ചിന്‍ അഥവാ ഇസ്‌കോ പ്രീ-സീസണ്‍ സൗഹൃദ ചാംപ്യന്‍ഷിപ്പായ ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പില്‍ റയലിനെ തോല്‍പ്പിച്ച ആത്മവിശ്വാവുമായി സ്വന്തം തട്ടകത്തില്‍ പോരിനിറങ്ങിയ ബാര്‍സയ്ക്ക് പക്ഷേ, ഇത്തവണ അടിപതറി. സിദാനു കീഴില്‍ ടീമിനെ ചലിപ്പിക്കുന്ന എന്‍ജിനായി മാറിയ സ്പാനിഷ് താരം ഇസ്‌കോ ആയിരുന്നു ആദ്യ പകുതിയില്‍ റയല്‍ മുന്നേറ്റങ്ങളുടെ കുന്തമുന.

റൊണാള്‍ഡോയെ പകരക്കാരുടെ ബെഞ്ചിലിരുത്തി മല്‍സരം തുടങ്ങിയ റയലിന് ഇസ്‌കോയുടെ തകര്‍പ്പന്‍ പ്രകടനാണ് തുണയായത്. ഭാവനാസമ്പന്നമായ മുന്നേറ്റങ്ങള്‍ കരുപ്പിടിപ്പിച്ച ഇസ്‌കോ ഈ സീസണില്‍ താന്‍ ടീമിനൊരു മുതല്‍ക്കൂട്ടാകുമെന്ന് ഉറപ്പിക്കാവുന്ന പ്രകടനമാണ് കാഴ്ചവച്ചത്. സംഭവബഹുലം, നാടകീയം രണ്ടാം പകുതി സംഭവബഹുലമായിരുന്നു മല്‍സരത്തിന്റെ രണ്ടാം പകുതി. 50 മിനിറ്റില്‍ത്തന്നെ പിക്വേയുടെ സെല്‍ഫ് ഗോളിലൂടെ റയല്‍ മുന്നില്‍ കയറി. ബോക്സിന്റെ ഇടതുമൂലയില്‍നിന്നുള്ള മാര്‍സലോയുടെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള പിക്വേയുടെ ശ്രമം അവസാനിച്ചത് ഗോളില്‍. റയല്‍ 1-0ന് മുന്നില്‍. 58-ാം മിനിറ്റില്‍ ബെന്‍സേമയെ പിന്‍വലിച്ച സിദാന്‍, പകരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കളത്തിലിറക്കി. ഇരുടീമുകളും ഗോളിനായി ശ്രമിക്കുന്നതിനിടെയെത്തിയ ബാര്‍സയുടെ സമനില ഗോളിന് വിവാദച്ചുവയുണ്ടായിരുന്നു. ബോക്സിനുള്ളില്‍ ലഭിച്ച പന്ത് ഗോളിലേക്ക് തിരിച്ചുവിടാനുള്ള ശ്രമം റയല്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു.

ബോക്സിന്റെ ഇടത്തേ മൂലയിലേക്ക് തെറിച്ച പന്ത് പിടിച്ചെടുക്കാന്‍ റയല്‍ ഗോളി കെയ്ലര്‍ നവാസും ബാര്‍സ താരം സ്വാരസും ശ്രമിക്കുന്നതിനിടെ സ്വാരസ് ബോക്സിനുള്ളില്‍ വീണു. റഫറി കൂടുതല്‍ ആലോചിക്കാതെ പെനല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടിയെങ്കിലും റീപ്ലേയില്‍ സ്വാരസ് ഡൈവ് ചെയ്തതാണെന്ന് വ്യക്തമായി. റയല്‍ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. മെസ്സിയുടെ പെനല്‍റ്റി ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 1-1. മൂന്നു മിനിറ്റിനകം റൊണാള്‍ഡോയിലൂടെ റയല്‍ ഇതിനു പകരം വീട്ടി.റയല്‍ ബോക്സില്‍ നിന്നാരംഭിച്ച കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ പന്ത് റൊണാള്‍ഡോയിലേക്ക്. ഒറ്റയാന്‍ മുന്നേറ്റത്തിലൂടെ ബാര്‍സ ബോക്സിന് മുന്നിലെത്തിയ റൊണാള്‍ഡോയെ തടയാനെത്തിയത് പിക്വെ. ഒന്നു വെട്ടിയൊഴിഞ്ഞ റൊണാള്‍ഡോ ബാര്‍സ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പന്തിനെ പറഞ്ഞയക്കുന്ന കാഴ്ച അടുത്ത കാലത്തു കണ്ട സുന്ദരമായ ഫുട്ബോള്‍ കാഴ്ചകളിലൊന്നായിരുന്നു. സ്‌കോര്‍ 2-1. ഇക്കഴിഞ്ഞ ഏപ്രിലില്‍ സാന്തിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയലിന്റെ ചങ്കു തകര്‍ത്ത ഗോള്‍ നേടിയശേഷം ജഴ്സിയൂരി റയല്‍ ഫാന്‍സിനു നേരെ പിടിച്ചു ലയണല്‍ മെസ്സി നിന്ന നില്‍പിനെ ബാര്‍സ ഫാന്‍സിനു മുന്നില്‍ പരിഹാസപൂര്‍വം അനുകരിച്ച റൊണാള്‍ഡോയ്ക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു.

ഗോളാവേശത്തിന്റെ ആരവമടങ്ങും മുന്‍പേ റയലിനെ ഞെട്ടിച്ച് റൊണാള്‍ഡോയ്ക്ക് ചുവപ്പു കാര്‍ഡ്. ബാര്‍സ ബോക്സിനുള്ളില്‍ പ്രതിരോധനിര താരം ഉംറ്റിറ്റിയും റൊണാള്‍ഡോയും തമ്മില്‍ പന്തിനായി പോരാട്ടം. അതിനിടെ റൊണാള്‍ഡോ ബോക്സിനുള്ളില്‍ വീണു. റയല്‍ താരങ്ങളും ആരാധകരും പെനല്‍റ്റി പ്രതീക്ഷിച്ചു നില്‍ക്കെ ഓടിയെത്തിയ റഫറി റൊണാള്‍ഡോയ്ക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് നല്‍കി. പിന്നാലെ മാര്‍ച്ചിങ് ഓര്‍ഡറും. 10 പേരായി ചുരുങ്ങിയിട്ടും ആവേശം കൈവിടാതെ കളിച്ച റയല്‍ 90-ാം മിനിറ്റില്‍ മൂന്നാം വെടി പൊട്ടിച്ചു. ഇത്തവണ കാഞ്ചിവലിച്ചത് യുവതാരം മാര്‍ക്കോ അസെന്‍സിയോ. ബാര്‍സ ബോക്സിനു പുറത്തു ലഭിച്ച പന്തിനെ ഏതാണ്ട് റൊണാള്‍ഡോ നേടിയ ഗോളിന്റെ അതേ ആംഗിളില്‍നിന്ന് പോസ്റ്റിലേക്ക് പറഞ്ഞയച്ച അസെന്‍സിയോ, നൂകാംപിലെ കാണികളെ നിശബ്ദരാക്കി. 16ന് റയലിന്റെ തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ വന്‍ ജയം നേടാനായില്ലെങ്കില്‍ സിദാന്റെ ക്രെഡിറ്റിലേക്ക് മറ്റൊരു കിരീടം കൂടിയെത്തും.

ഗോള്‍ നേട്ടം മെസ്സി സ്റ്റൈലില്‍ ആഘോഷിക്കാന്‍ ജേഴ്സിയൂരിയതിന് ആദ്യം മഞ്ഞക്കാര്‍ഡ് കണ്ട റൊണാള്‍ഡോ, ബാര്‍സ ബോക്സിലേക്ക് ഡൈവ് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് റഫറി രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡും കാണിച്ചത്. ഇതോടെ സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ അടുത്തപാദം റോണോയ്ക്ക് നഷ്ടമാകും.അതേസമയം, ചുവപ്പുകാര്‍ഡു കിട്ടിയതില്‍ ക്രുദ്ധനായി റൊണാള്‍ഡോ റഫറിയെ തള്ളിയതായി പരാതിയുണ്ട്. മാച്ച് റിപ്പോര്‍ട്ടില്‍ റഫറി ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതോടെ റൊണാള്‍ഡോയ്ക്ക് നാലു മുതല്‍ 12 വരെ കളികളില്‍നിന്ന് വിലക്കു ലഭിക്കാനും വഴി തെളിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here