മലയാളികള്‍ എങ്ങനെ ഉപയോഗിക്കും Sarahah

0
314

മറ്റുള്ളവനെ മറഞ്ഞിരുന്നു ഇരുട്ടടി അടിയ്ക്കാനുള്ള ഒരു വഴി, മുഖം മറച്ചു കളിയ്ക്കാവുന്ന ഒരു ആൺ ഗേമിന്റെ സാധ്യത, അത് രണ്ടും മാത്രമേ നമ്മൾ മലയാളികൾ Sarahah യിൽ കാണാൻ സാധ്യതയുള്ളൂ

by എം. അബ്ദുൾ റഷീദ്

ആരോഗ്യകരമായി നടക്കേണ്ട ചർച്ചകളെപ്പോലും അശ്ലീലതയിലേക്കോ വ്യക്തിഹത്യയിലേക്കോ തരംതാഴ്ത്തി അഭിരമിക്കുന്ന ഒരു സമൂഹം Sarahah എങ്ങനെയൊക്കെയാവും ഉപയോഗിക്കുക? എനിയ്ക്കു വലിയ ആശങ്കകളുണ്ട്….

സൗദിഅറേബ്യക്കാരനായ സൈനുൽ ആബിദീൻ തൗഫീഖ്​ Sarahah ഒരുക്കിയത് ആരോഗ്യകരമായ വിമർശനങ്ങൾക്കു വേണ്ടിയാണെന്ന് അദ്ദേഹം പറയുന്നു.
വളരെ പ്രിയപ്പെട്ട ഒരാളോടുപോലും നമുക്ക് പറയാൻ ചിലത് ഉണ്ടാവില്ലേ? വേദനിപ്പിക്കാതെ പറഞ്ഞുകൊടുക്കേണ്ട ചില തിരുത്തുകൾ…
അല്ലെങ്കിൽ സ്ഥാപനത്തിനുള്ളിൽ മേലധികാരിയോട് പേടിയില്ലാതെ പറയേണ്ട ചിലത്… അതൊക്കെയാണ് Sarahah യുടെ സാധ്യതകൾ. മുഖം കാണിയ്ക്കാതെതന്നെ, ഒരു തിരുത്തൽ സാധ്യത മറ്റൊരാളെ അറിയിക്കാനുള്ള നല്ല വഴി. Sarahah എന്നാൽ honesty ആണ്, സത്യസന്ധത.

പക്ഷേ, വർഗീയവിദ്വേഷത്തിന്റെയും കക്ഷിരാഷ്ട്രീയപ്പകയുടെയും ഈ സോഷ്യൽമീഡിയകാലത്തു മലയാളി ആൾക്കൂട്ടങ്ങൾ Sarahah യുടെ നല്ല വശങ്ങൾ ആകുമോ പരീക്ഷിക്കുക? വ്യക്തിഹത്യ ഹരമാക്കിയ സംഘങ്ങൾ Sarahah യെ എങ്ങനെയൊക്കെ ആയുധമാക്കും? ഏതൊക്കെ ഭീഷണികൾക്കുള്ള വഴിയാക്കും?

ഭിന്നവ്യക്തിത്വങ്ങളും സ്ത്രീകളും ഇത്രയേറെ അപമാനിക്കപ്പെടുന്ന, ‘മുഖമുള്ള ഫേസ്‌ബുക്ക് പ്രൊഫൈലുകളുടെ’ കാലത്ത്, മുഖം കാണിയ്ക്കാതെ എന്തും പറയാൻ കഴിയുന്ന Sarahah യുടെ ഏതേതു അവഹേളന സാധ്യതകളാവും നമ്മുടെ ആൺലോകം അന്വേഷിച്ചു കണ്ടെത്തുക?

വളരെ ആവേശത്തോടെ ആരോഗ്യകരമായ വിമർശങ്ങൾക്കായി Sarahah തുറന്ന പെൺസുഹൃത്തുക്കളെ ധാരാളം കണ്ടു.
ഞാൻ ആശങ്കപ്പെടുന്നു, അവരിൽ ചിലരെങ്കിലും അധികം വൈകാതെ അത് ഒഴിവാക്കിയേക്കും.

കാരണം, മറ്റുള്ളവനെ മറഞ്ഞിരുന്നു ഇരുട്ടടി അടിയ്ക്കാനുള്ള ഒരു വഴി, മുഖം മറച്ചു കളിയ്ക്കാവുന്ന ഒരു ആൺ ഗേമിന്റെ സാധ്യത, അത് രണ്ടും മാത്രമേ നമ്മൾ മലയാളികൾ Sarahah യിൽ കാണാൻ സാധ്യതയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here