തിരുവനന്തപുരം: അടിമുടി അഴിമതിയില്‍ മുങ്ങിയ ബിജെപിയില്‍ തിരുത്തിനു ആര്‍എസ്എസ് നിര്‍ദ്ദേശം. സ്വകാര്യ മെഡിക്കല്‍ കോളേജ് അനുമതിക്കായി ബിജെപി നേതാക്കള്‍ കോടിക്കണക്കിന് രൂപ കോഴവാങ്ങുകയും ആ പണം ഹവാല ഇടപാടായി ഡല്‍ഹിയില്‍ എത്തിക്കുകയും ചെയ്തത് ഗൌരവ സംഭവമായി കേന്ദ്ര-ബിജെപി ആര്‍എസ്എസ് നേതൃത്വം വീക്ഷിക്കുന്ന സാഹചര്യത്തിലാണ് കേരളാ ബിജെപിയില്‍ അഴിച്ചു പണിക്കായി കേന്ദ്ര ബിജെപി നേതൃത്വം ഒരുങ്ങുന്നത്.
നിലവിലെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ഈ സ്ഥാനത്ത് നില നിര്‍ത്തി ആര്‍എസ്എസ് പിന്തുണയോടെ ശുദ്ധീകരണം നടപ്പിലാക്കാനാണ് തീരുമാനം. അഴിമതി ആരോപണവിധേയരായ ബിജെപി നേതാക്കള്‍ ഈ ശുദ്ധീകരണ വേളയില്‍ തെറിക്കുമെന്നാണ് സൂചന. ഇത് ബിജെപി നേതാക്കളില്‍ ആശങ്ക പരത്തുന്നുണ്ട്.
കുറച്ച് അഴിമതി കാണിച്ച് മുന്നോട്ടു പോകാം എന്നു കരുതുന്നവര്‍ക്കാണ് ഈ തീരുമാനം തിരിച്ചടിയാകുന്നത്. കേന്ദ്ര ഭരണത്തിന്റെ തണലില്‍ ചെറിയ രീതിയില്‍ പണം ഉണ്ടാക്കുന്നതിന് കേന്ദ്ര നേതൃത്വത്തിനു വിരോധമില്ല. ജീവിച്ച് പോകാന്‍ ഉള്ള സാഹസം ആയി അതിനെ കാണാന്‍ അവര്‍ തയ്യാറുമാണ്. പക്ഷെ കേരളത്തിലെ നേതാക്കള്‍ക്ക് കോടികള്‍ ആണ് ആവശ്യം. കോടികള്‍ കോഴ വാങ്ങുകയും ഹവാല വഴി അത് എത്തേണ്ടിടത്ത് എത്തിക്കുകയും ചെയ്യാന്‍ തങ്ങള്‍ മിടുക്കരാണ് എന്നു കേരളാ നേതാക്കള്‍ തെളിയിച്ചതോടെയാണ് കേന്ദ്ര നേതൃത്വം കടുത്ത നടപടികളുമായി മുന്നിട്ടിറങ്ങുന്നത്.
കയ്യില്‍ നില്‍ക്കാത്ത ഒരു നേതൃത്വമാണ് കേരളത്തിലേത്. അത് കേന്ദ്ര ബിജെപി നേതാക്കള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ കേന്ദ്ര നീക്കത്തിന് കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളേജ് അഴിമതി അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്താന്‍ കൂട്ടുനിന്ന ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷിനെ എല്ലാ സംഘടനാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയത് ഈ അവസ്ഥയില്‍ ബിജെപി നേതാക്കളില്‍ കടുത്ത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
തീര്‍ത്തും അപ്രതീക്ഷിതമായ ഈ തീരുമാനത്തില്‍ കനത്ത അടിയേറ്റത് ബിജെപി വിഭാഗീയതയില്‍ ഒരു പക്ഷത്തെ നയിക്കുന്ന വി.മുരളിധരന് ഗ്രൂപ്പിനാണ്. തന്റെ വലം കയ്യായ വി.വി.രാജേഷിനെ മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായനായി വി.മുരളിധരന് നില്‍ക്കേണ്ടി വന്നത് മുരളിധര വിഭാഗത്തെ തന്നെ ഞെട്ടിച്ചിട്ടുണ്ട്.
കടുത്ത വിഭാഗീയതയില്‍ ബിജെപി മുന്നോട്ട് പോകുമ്പോള്‍ ഒരു പക്ഷത്തെ നയിക്കുന്ന വി.മുരളിധരന് തങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലാ എന്ന കാര്യത്തില്‍ മുരളിധര പക്ഷ നേതാക്കളില്‍ തന്നെ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. വി.വി.രാജേഷിനു നേരെ പാര്‍ട്ടി നടപടി വന്നപ്പോള്‍ പൊതുവേ വി.വി.രാജേഷിനെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് സാധാരണ അണികള്‍ കാണിച്ചത്.
ഒരു നടപടി വന്നാല്‍ തങ്ങളുടെ വേരുകള്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്നും പിഴുതുമാറ്റപ്പെടും എന്നു വി.വി.രാജേഷിന്റെ കാര്യത്തില്‍ തെളിഞ്ഞതോടെ കടുത്ത ആക്രമണം എന്ന രീതിയില്‍ നിന്നും നേതാക്കള്‍ വിട്ടു നില്‍ക്കുകയാണ്. കേരളത്തിലെ പ്രശ്നങ്ങളില്‍ സ്വയം പഠിച്ച് പ്രതികരിക്കുന്ന അമിത് ഷാ രീതികള്‍ വന്നതോടെ തന്നെ വിഭാഗീയത ഒരു പരിധി വരെ തടയപ്പെട്ടിട്ടുണ്ട്.
നേതാക്കള്‍ പറയുന്നത് ഒന്നും വിശ്വാസത്തിലെടുക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ തയ്യാറുമല്ല. തങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആണ് പ്രവര്‍ത്തിക്കുന്നത വിശ്വാസത്തോടെ അമിത് ഷായെ നേരിട്ട പാര്‍ട്ടി നേതാക്കള്‍ക്ക് കടുത്ത തിരിച്ചടിയാണ് അമിത് ഷാ നല്‍കിയത്. ബിജെപിയുടെ ഉന്നതതല യോഗത്തില്‍ പിരിവു കണക്കുകള്‍ നോക്കിയ അമിത് ഷാ നിങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങുന്നില്ലെന്ന് കടുത്ത ഭാഷയില്‍ പ്രതികരിച്ചു.
അതിനു അമിത് ഷാ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് പിരിവ് കൂപ്പണുകളില്‍ 20 രൂപയുടെ കൂപ്പണുകള്‍ അങ്ങിനെ തന്നെ ബാക്കി വന്നത് ചൂണ്ടിക്കാണിച്ചാണ്. നിങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങുന്നില്ലാ എന്നു ഉദാഹരിക്കാന്‍ ഈ സംഭവം മാത്രം മതി. സാധാരണ ജനങ്ങള്‍ നല്‍കുന്നതാണ് 20 രൂപയുടെ പിരിവ്.
ആ കൂപ്പണുകള്‍ അങ്ങിനെ തന്നെയുണ്ട്. അതിനര്‍ത്ഥം നിങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങാതെ വന്‍കിട രീതികള്‍ അവലംബിക്കുന്നു എന്നാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ വലിയ പിരിവ് കിട്ടാന്‍ ബിജെപിക്ക് വിഷമം കാണില്ല. പക്ഷെ ഇവിടുത്തെ പ്രശ്നം സാധാരണ ജനങ്ങള്‍ക്ക് ഇടയില്‍ ബിജെപിക്ക് വേരുകള്‍ ഇല്ലാ എന്നാണു. ആ വേരുകള്‍ ആണ് ഉണ്ടാക്കേണ്ടത്.
പിന്നെ അമിത് ഷാ ഒന്നും പറഞ്ഞില്ല. അടുത്ത നടപടി ഒരു സിപിഎം ആക്രമങ്ങള്‍ ചൂണ്ടിക്കാട്ടി നടത്തുന്ന കേരള യാത്രയാണ്. ആ യാത്രയില്‍ പക്ഷെ കേരളാ നേതാക്കളെ വിശ്വാസമില്ലാ എന്ന മട്ടില്‍ അമിത് ഷാ പറഞ്ഞു. ‘ആ യാത്രയില്‍ നടക്കാന്‍ ഞാന്‍ കൂടി കാണും.’ ഇതാണ് അമിത് ഷാ രീതികള്‍. യാത്രയില്‍ കുമ്മനത്തിനൊപ്പം അമിത് ഷാ കൂടി നടക്കും. ദേശീയ മാധ്യമ ശ്രദ്ധ തന്നെ യാത്രയ്ക്ക് ലഭിക്കും. അതിനര്‍ഥം കടിഞ്ഞാണ്‍ ബിജെപി കേന്ദ്രനേത്രുത്വത്തിന്റെ കയ്യില്‍ ഇരിക്കും എന്നാണ്.
വി.വി.രാജേഷിനെ അകറ്റി നിര്‍ത്തി അമിത് ഷാ ശുദ്ധീകരണത്തിനു തുടക്കമിട്ടു കഴിഞ്ഞിരിക്കുന്നു . അഴിമതിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ വിഹരിക്കുന്ന ഒരു പറ്റം നേതാക്കള്‍ക്ക് പുറത്തേക്ക് വഴി തെളിയുകയാണ്.
ആര്‍എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് കേരളത്തില്‍ തങ്ങുന്ന ഈ ദിവസം തന്നെ ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങളില്‍ നിന്ന് പ്രഖ്യാപനം വരുന്നു. [പാര്‍ട്ടിയില്‍ ശുദ്ധീകരണം. അങ്ങിനെയെങ്കില്‍ അഴിമതി ആരോപണ വിധേയരായ ഒരു സംഘം നേതാക്കള്‍ക്ക് പുറത്തേക്ക് വഴി തെളിയുകയാണ്. ഇത് ബിജെപി നേതാക്കള്‍ക്കിടയില്‍ കടുത്ത ആശങ്കയ്ക്കാണ് തുടക്കമിടുന്നതും.