അവകാശികളില്ല: തിരുവല്ലയിലെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 461 കോടി രൂപ

0
662

രാജ്യത്ത് അവകാശികളില്ലാതെ ബാങ്കുകളിൽ പണം കെട്ടിക്കിടക്കുന്നതിൽ ഒന്നാം സ്ഥാനം കേരളത്തിന്റെ യൂറോപ്പ് എന്നറിയപ്പെടുന്ന തിരുവല്ലയ്ക്ക്. റിസർവ്വ് ബാങ്ക് പുറത്ത് വിട്ട പട്ടികയിൽ 461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളിൽ കെട്ടികിടക്കുന്നത്.

കോടികൾ നിക്ഷേപിച്ച ശേഷം മരണപ്പെട്ടവരുടെയും, അവകാശികളെ അറിയിച്ചിട്ടും പണം പിൻവലിക്കാൻ വരാത്തവരുടെയും പണം ഇക്കൂട്ടത്തിൽ പെടും. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന പണം ഏഴ് വർഷം വരെ ബാങ്ക് സൂക്ഷിക്കും.  പിന്നീട് ഈ പണം സർക്കാരിലേക്ക് കണ്ട് കെട്ടുക ആണ് ചെയ്യുക.  ഇത്തരത്തിൽ രാജ്യത്തെ വിവിധ ബാങ്കുകളിൽ കിടക്കുന്ന രൂപയുടെ മൂല്യം ആർ.ബി.ഐ പുറത്തു വിട്ടപ്പോഴാണ് തിരുവല്ല ഒന്നാം സ്ഥാനത്ത് എത്തിയത്.

150 കോടി രൂപയുമായി ഗോവയിലെ പനാജി രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാംസ്ഥാനത്ത് ചിറ്റൂരുമാണ്. കോട്ടയത്ത് 111 കോടിയും ചിറ്റൂരിൽ 98 കോടി രൂപക്കും അവകാശികളില്ല.  ആദ്യം പത്ത് സ്ഥാനങ്ങളിൽ കേരളത്തിലെ മറ്റുസ്ഥലങ്ങളായ കൊയിലാണ്ടിയും തൃശ്ശൂരും ഉണ്ട്. 77 കോടി രൂപയാണ് കൊയിലാണ്ടിയിൽ നിന്ന് അവകാശികളില്ലാതെ  സർക്കാരിലേക്ക് വരുന്നത്.

തിരുവല്ലയിലാണ് ഏറ്റവും അധികം പ്രവാസികൾ താമസിക്കുന്നത്. അവകാശികളില്ലാത്ത നിക്ഷേപത്തിൽ 95 ശതമാനവും  എൻ.ആർ.ഐ നിക്ഷേപമാണ്.  ഇൻഡ്യയിൽ ഏറ്റവുമധികം ബാങ്കുകളും  ബ്രാഞ്ചുകളും ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക്.  ഇന്റർനാഷണൽ ബാങ്ക് മുതൽ  ചെറുതും വലുതുമായ അൻപതിലധികം ബാങ്കുകളും 500 ബ്രാഞ്ചുകളും  ആണ് തിരുവല്ല താലൂക്കിൽ മാത്രമുള്ളത്.  ഇൻഡ്യയിലെ മറ്റൊരു സ്ഥലത്തും ഇത്രയും ബാങ്ക് ബ്രാഞ്ചുകൾ ഇല്ല.

രണ്ട് മെഡിക്കൽ കോളേജും  എല്ലാ പ്രമുഖ ബ്രാൻഡുകളുടെ കടകളും  ഇവിടെയുണ്ട്.  അവകാശികളില്ലാത്ത നിരവധി സ്ഥലങ്ങൾ തിരുവല്ലയിൽ ഉണ്ട്.  അവകാശികളില്ലാത്ത അക്കൗണ്ട് ഉടമകളുടെ ബാങ്ക് ലോക്കറുകൾ കൂടി പരിശോധിച്ചാൽ കോടിക്കണക്കിന് രൂപയുടെ സ്വർണ്ണവും മറ്റ് നിക്ഷേപവും കാണും എന്നാണ് റിസർവ് ബാങ്ക് അധികൃതർ കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here