ഒടുവില്‍ മോദി മിണ്ടി; ഓക്സിജന്‍ ഇല്ലാതെ മരണപെട്ട കുരുന്നുകളെക്കുറിച്ച്

0
71

സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഗോരഖ്പുര്‍ ദുരന്തം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നിരപരാധികളായ നമ്മുടെ കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ മരിച്ചിരുന്നു. ദുരന്തം അതീവ ദുഖകരമാണ്. മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമാണെന്നും അവരുടെ മാതാപിതാക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം നടുങ്ങിയ ഗോരഖ്പുര്‍ ദുരന്തത്തെക്കുറിച്ച് ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ എല്ലാവര്‍ക്കും ആദരമര്‍പ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. എല്ലാവര്‍ക്കും തുല്യ അവസരമുളള പുതിയ ഇന്ത്യയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സുരക്ഷിതവും വികസിതവുമായ പുതിയ ഇന്ത്യയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പാകിസ്താനെതിരായ ആക്രമണത്തിലൂടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരച്ചറിഞ്ഞിരിക്കുകയാണെന്നും മിന്നലാക്രമണം നടത്തിയ സൈനികരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കശ്മീര്‍ പ്രശ്നത്തിന് ബുളളറ്റുകള്‍ പരിഹാരമല്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളും നടപടികളും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഗ്യാസ് സബ്സിഡി, സ്വഛ് ഭാരത്, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ നീക്കങ്ങള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ പിന്തുണ ലഭിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ചരക്കുസേവന നികുതി സഹകരണ ഫെഡറലിസത്തിന്റെ അന്തസത്തയെക്കാണിക്കുന്നു. രാജ്യം ജി.എസ്.ടിയെ പിന്തുണച്ചെന്നും സാങ്കേതിക വിദ്യ ഇക്കാര്യത്തില്‍ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. നേരത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങളില്‍ നിന്നും അഭിപ്രായം നേടിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here