ഗോരഖ്പൂര്‍ ദുരന്തത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായിയുടെ സ്വാതന്ത്ര്യദിന സന്ദേശം. ഒരുവിധത്തിലും തിരിച്ചുപിടിക്കാനാവാത്ത നന്മയുടെ നഷ്ടമാണിത്. ഏതെങ്കിലും ചിഹ്നത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ദേശീയത ഐക്യത്തിനു വഴിവയ്ക്കില്ല. ദേശീയതയില്‍ വിഷമോ വെളളമോ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കേണ്ടതാണ്. ചില രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെ അഴിമതിയുടെ ചെളിക്കുണ്ടില്‍ വീഴുന്നത് ആശാസ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനം, സ്ത്രീസുരക്ഷ, ലിംഗനീതി ഈ മേഖലകളില്‍ സര്‍ക്കാരിനു വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി കൂട്ടച്ചേർത്തു.
സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഡ സേന, എന്‍സിസി,സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവരുടെയും ആഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ എന്നിവയുടെ വിതരണവും നടന്നു.