നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നല്കിയ മൊഴി വിശ്വസിക്കാനാവില്ലെന്ന് പൊലീസ്. കൂടാതെ തെളിവ് അടങ്ങിയ ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴി കണക്കിലെടുക്കാനാകില്ലെന്നും പോലീസ് പറയുന്നു.
അപ്പുണ്ണിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് സത്യവാങ്മൂലത്തില്‍ ഹൈകോടതിയെ അറിയിക്കും. അന്വേഷണ സംഘത്തിനും പൊലീസിനും എതിരെ ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ എതിര്‍ത്താണ് ഹൈകോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കുക.
ഡി.ജി.പി ലോക്നാഥ് ബെഹ്റ പള്‍സര്‍ സുനി അയച്ച കത്തിനെക്കുറിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പൊലീസ് ശക്തമായി രംഗത്തെത്തുന്നത്. പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് പറയുന്നതില്‍ പൊലീസിന് മറുപടിയുണ്ട്.
നാദിര്‍ഷക്ക് ആദ്യ ഫോണ്‍ വിളി എത്തിയത് മാര്‍ച്ച് 28നാണ്. ദിലീപ് പരാതി നല്‍കിയത് ഏപ്രില്‍ 22 നും. ഡി.ജി.പിക്ക് ലഭിച്ച വാട്സ് ആപ് സന്ദേശം പരാതിയായി കണക്കാക്കാനുമാകില്ല. ഈ സംഭവങ്ങള്‍ക്ക് മുമ്പ് തന്നെ ദിലീപും നാദിര്‍ഷയും നിരീക്ഷണത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഭീഷണിപ്പെടുത്തുന്നുവെന്ന് തോന്നിയെങ്കില്‍ എന്തുകൊണ്ടാണ് പരാതി നല്കാന് 26 ദിവസമെടുത്തതെന്ന് പൊലീസ് ചോദിക്കുന്നു. ദിലീപ് മാര്‍ച്ച് മുതല്‍ ശക്തമായ നിരീക്ഷണത്തിലായിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ദിലീപിനെതിരെ പ്രതികളില്‍നിന്ന് മൊഴി ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തെളിവ് ശേഖരിച്ചും കൂടുതല്‍ ആളുകളെ ചോദ്യം ചെയ്തുമാണ് അറസ്റ്റിലേക്ക് എത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.